ആർ. ഗോപാലകൃഷ്ണൻ,

ഏറ്റവും കൂടുതൽ കാലം കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ ഓർമ്മ ദിവസമാണിന്ന്. ജനങ്ങളോട് അലിവോടുള്ള പെരുമാറ്റവും സരസമായ പ്രസംഗങ്ങളുമാണ് നായനാരെ ജനകീയനാക്കിയത്.
മൂന്ന് ഊഴങ്ങളിലായി 10 വർഷവും 11 മാസവും 22 ദിവസവും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.

സാധാരണക്കരുടെ ഓർമ്മയിൽ ഏറ്റവുമധികം തങ്ങി നിൽക്കുന്നത് അദ്ദേഹത്തിൻ്റെ സരസമായ ഭാഷാശൈലിയാണ്. തമാശരൂപേണ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ നായനാര്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞ പ്രസംഗങ്ങള്ക്ക് ഇന്നും ആരാധകർ ഏറെയാണ്.
ഇന്ന് 21-ാം ഓർമ്മദിനം 


ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ. കെ. നായനാർ, ചരിത പ്രസിദ്ധമായ ‘ഒക്ടോബർ വിപ്ലവം’ കഴിഞ്ഞു കൃത്യം ഒരു കൊല്ലവും ഒരു മാസവും രണ്ടു ദിവസവും ഉള്ളപ്പോൾ, 1918 ഡിസംബർ 9-ന്, കണ്ണൂരിലെ കല്ല്യാശ്ശേരിയിൽ ജനിച്ചു. സ്കൂൾ
വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ബന്ധുവായ കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണല്ലോ. കെ.പി.ആർ. ‘കൃഷ്ണൻ’ എന്നാണ് നയനാരെ വിളിച്ചിരുന്നത്.
1958-ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു.കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന സമയത്താണ് അതിലെ തന്നെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. നായനാർ അതിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു.
ഈ സമയത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്നവരുടെ തലശ്ശേരി ‘പാറപ്പുറം സമ്മേളനം’, ആ സമ്മേളനത്തിൽ പങ്കെടുത്ത് നായനാരും കമ്മ്യൂണിസ്റ്റുകാരനായി.
1939-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന നായനാർക്ക് കയ്യൂർ-മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കാളിത്തത്തെ തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു. അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു (1940). മൂന്നാം പ്രതിയായിരുന്ന നായനാർ വീണ്ടും ഒളിവിൽ പോയി.
1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എം.-ൽ ചേർന്നു. 1964-ൽ ഏപ്രിലിലെ സി.പി.ഐ. നാഷണൽ കൗൺസിലിൽ നിന്നും പാർട്ടി വിട്ട് ഇറങ്ങിപ്പോന്നവരിൽ നായനാരും ഉണ്ടായിരുന്നു. 1967-ൽ പാലക്കാട്ടു നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1972 മുതൽ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിരുന്നു; ഏറെക്കാലം ‘ദേശാഭിമാനി’ പത്രാധിപരും ആയിരുന്നു. 1972-ൽ സി.എച്ച്. കണാരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.-ന്റെ സംസ്ഥാന സെക്രട്ടറിയായി.
നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1980-ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1986-ൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. 1996-ൽ അദ്ദേഹം മൽസരിച്ചില്ല; വി എസ് അച്യുതാന്ദൻ തോൽക്കുകയും ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തതിനെ തുടർന്ന് പാർട്ടി തീരുമാനമനുസരിച്ച് വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു; പിന്നീട് നിയമസഭാംഗമായി മുഖ്യമന്ത്രിസ്ഥാനത്ത് തുടർന്നു.

നർമ്മഭാഷണത്തിനും പ്രശസ്തനായിരുന്നു നായനാർ. ചിലപ്പോഴത് വിവാദമായിട്ടുമുണ്ട്. “അമേരിക്കയിൽ ചായകുടിക്കുന്നതു പോലെ സാധാരണമായാണ് ബലാത്സംഗങ്ങൾ നടക്കുന്നത്….” എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു.
ഏഷ്യാനെറ്റിൽ ‘മുഖ്യമന്ത്രിയോടു ചോദിക്കാം’ എന്ന പേരിൽ ആഴ്ചയിലൊരിക്കൽ പൊതുജന സമ്പർക്ക പരിപാടി തന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിന്റെ കാലയളവിൽ നായനാർ നടത്തിയിരുന്നു. നയനാർ പരാതിക്കാരോട് പറയുന്ന “എന്നാലൊരു ഹരജി അയക്ക് !” എന്ന പ്രയോഗം അക്കാലത്ത് പരക്കെ കേട്ടു വന്നിരുന്നു.

2004 മേയ് 19-ന് വൈകീട്ട് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു.

—————————————————————————————————–
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 15