July 21, 2025 2:20 am

കുറിയേടത്ത്‌ താത്രിയുടെ സ്മാർത്തവിചാരം: 120 വർഷം തികയുന്നു

ആർ. ഗോപാലകൃഷ്ണൻ

കുറിയേടത്തു താത്രിയുടെ കുപ്രസിദ്ധമായ സ്മാർത്തവിചാരണ അവസാനിച്ചിട്ട് 120 വർഷം തികയുന്നു.1905 ജൂലായ്‌ 17-നായിരുന്നു അത്.

‘സ്വരൂപം ചൊല്ലി ഭ്രഷ്ടാ’ക്കലിനുശേഷം, എന്ന ആ കടുത്ത ശിക്ഷ നടപ്പാക്കിയശേഷം, അവരുടെ ജന്മഗൃഹമായ ആറങ്ങോട്ടുകരയിലെ ‘കല്പകശ്ശേരി മന’ നാട്ടുകാർ അഗ്നിക്കിരയാക്കി എന്നാണ് കേട്ടിട്ടുള്ളത്.

ഒരു തരം ആൾക്കൂട്ട പാതകം തന്നെ !. ഒരേക്കറോളം വരുന്ന ആ പറമ്പ്, പിൽക്കാലത്ത്, കുറിയേടത്തു താത്രിയോടൊപ്പം ഭ്രഷ്ടായ 64 പേരിൽ ഒരാളായ ആറങ്ങോട്ടുകര ശേഖരവാരിയരുടെ പിൻഗാമികളുടെ കൈവശത്തിലായി.

ആറങ്ങോട്ടുകര തൃശ്ശൂർ ജില്ലയുടെ വടക്കു കിഴക്കേ അതിർത്തി ഗ്രാമമാണ്.പാലക്കാട് ജില്ലയിലെ എഴുമങ്ങാട് ഗ്രാമമാണ് തൊട്ടടുത്ത്

🌍

കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ നിലനിന്ന ഒരു കുറ്റപരിശോധനാ /വിചാരണ രീതിയാണ് സ്മാർത്ത വിചാരം. നമ്പൂതിരിസ്ത്രീകൾക്ക് ചാരിത്ര്യദോഷം അഥവാ പരപുരുഷന്മാരുമായി ലൈംഗിക ബന്ധം, ആരോപിക്കപ്പെട്ടാൽ അവരെ വിചാരണ ചെയ്യുകയും തീർപ്പ് കല്പിക്കുകയും ചെയ്യുന്നതിനാണ് ഈ ക്രൂരമായ നടപടിക്രമങ്ങൾ അനുവർത്തിച്ചു പോന്നത്.

കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റയ്ക്കു പാർപ്പിക്കുകയും ശേഷം രാജാവിൻ്റെ സാന്നിദ്ധ്യത്തിൽ വിചാരണ നടത്തുകയുമായിരുന്നു ആദ്യകാലത്തെ രീതി.

തെളിവുകൾ ഉണ്ടെങ്കിൽ കുറ്റം ആരോപിക്കപ്പെട്ട സ്ത്രീക്കും അതിൽ പങ്കുള്ള പുരുഷനും ഒരുപോലെ ഭ്രഷ്ട് കല്പിക്കപ്പെടുന്നതാണ് ഈ വിചാരണയുടെ അവസാനമുള്ള ശിക്ഷാ നടപടി. വീടും നാടും കുലവും സമുദായവും സമ്പത്തുമെല്ലാം വിട്ടുള്ള ഒരു സമ്പൂർണ്ണ പുറത്താക്കൽ !

May be an illustration

കുറിയേടത്തു താത്രിയുടെ കുപ്രസിദ്ധമായ സ്മാർത്തവിചാരണ

🔶

അന്തർജ്ജനങ്ങൾക്ക് ‘അടുക്കള ദോഷം സംഭവിക്കുക’ എന്നാണ്‌ ചാരിത്യ ഭംഗം സംബന്ധിച്ച ഈ കുറ്റത്തെപ്പറ്റി പറയുക. രാജാവിൻ്റെ പ്രതിനിധിയുടെ സന്നിധ്യത്തിലാണ്‌ കുറ്റവിചാരണ നടത്തുന്നത്. ഇത്തരം കുറ്റവിചാരണ നടന്നതിൽ ചരിത്രത്തിൽ ഏറ്റവും കുപ്രസിദ്ധമായത് കുറിയേടത്ത് താത്രിയുടെ വിചാരണ തന്നെയായിരുന്നു.

പ്രതിയായ സ്ത്രീയെ ‘സാധനം’ എന്നാണ് വിചാരണാ നടപടിയിൽ പരാമർശിക്കുക. എന്നാൽ ‘സാധനം’ ആയ ആ അന്തർജനം ചൂണ്ടിക്കാണിക്കുന്ന, തന്നോടെപ്പം തെറ്റുകാരായ പുരുഷ പ്രതികൾക്ക്, തങ്ങൾ കുറ്റക്കാരല്ല എന്ന് തെളിയിക്കാൽ അപ്പീൽ ഹർജി പോകാവുന്നതാണ്.

ഇതിന് പ്രത്യേകം ‘പമ്പ്’ അഥവാ ‘സ്മാർത്തൻ്റെ കല്പന’ ആവശ്യമാണ്. ഇതുമായി നിരപരാധിത്വം തെളിയിക്കുന്ന കാര്യത്തിൽ (ശുചീന്ദ്രത്ത് കൈമുക്കൽ ചടങ്ങ് നടത്തി ഇങ്ങനെ തെളിയിക്കാം ) വിജയിച്ചാൽ അവരെ കുറ്റാരോപണത്തിൽ നിന്ന് വിമുക്തമാക്കിയിരുന്നു.

mbi

താത്രിയെ സ്മാർത്തവിചാരത്തിനായി താമസിപ്പിച്ച മന, താത്രിക്കല്ല്‌.

🌍

സർക്കാർ രേഖകളിൽ കുറിയോത്തു താത്രിയെ ഭ്രഷ്ടിനു ശേഷം ചാലക്കുടിപ്പുഴയുടെ സമീപത്തുള്ള സർക്കാർ മഠത്തിലേയ്ക്ക് കൊണ്ടുപോയി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് യാതൊരു ഔദ്യോഗിക രേഖകളും ലഭ്യമല്ല. എന്നാൽ ഇക്കാര്യത്തിൽ ധാരാളം കേട്ടുകേൾവികൾ ഉണ്ട്. ഇവയിൽ നിന്ന് സത്യവും മിഥ്യയും വേർതിരിക്കാൻ പ്രയാസമാണ്.

ഭ്രഷ്ടായ താത്രി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനിയായ ഒരാളെ വിവാഹം കഴിച്ചുവെന്നാണ് ഏറെ പ്രശസ്തിയുള്ള വിശ്വാസം. പ്രശസ്ത സിനിമാനടി ഷീലയുടെ അമ്മയുടെ അമ്മയാണിവരെന്നും പറയപ്പെടുന്നുണ്ട്. മുമ്പൊ
രിക്കൽ, ‘മനോരമ’യിൽ വന്ന ഒരു അഭിമുഖത്തിൽ ഷീല ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് പലതവണ അവർ നിഷേധിച്ചിട്ടുമുണ്ട്. നമുക്ക് അതു വിശ്വസിക്കാം.

🌍

കേരളത്തിൽ നടന്ന സ്മാർത്ത വിചാരങ്ങളിൽ ഏറ്റവും വിവാദമായ ഒന്നിൽ വിചാരണ ചെയ്യപ്പെട്ട നമ്പൂതിരി യുവതി ആയിരുന്നു കുറിയേടത്ത് താത്രി അഥവാ കുറിയേടത്ത് സാവിത്രി. ഇത് അക്കാലത്തെ അകത്തള ജീവിതത്തിൻ്റെ  ജീർണ്ണതയുടെയും ദുരിതങ്ങളുടെയും ജീവിക്കുന്ന തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള ഒരു ചരിത്രസ്മാരകം എന്ന നിലയിലാണ്.

അതിനു മുൻപ് പല സ്മാർത്തവിചാരങ്ങളും നടന്നിട്ടുണ്ട്. ഒരു പക്ഷേ,അത് അതിദാരുണമായിരുന്നിരിക്കാം.ഇതിനു ശേഷം തൃപ്പൂണിത്തുറയ്ക്കടുത്ത് നടന്ന ഒരു സ്മാർത്തവിചാരത്തെക്കുറിച്ച് അതിൻ്റെ ദുരിതം അനുഭവിച്ച ഒരു ചാക്യാർ തന്നെ രചിച്ച ഒരു പുസ്തവും ഉണ്ട് : ‘അവസാനത്തെ സ്മാർത്ത വിചാരം’

 

90-THATHRI--MANA-5-col

കൽപകശ്ശേരി ഇല്ലപ്പറമ്പ് കാടുപിടിച്ച നിലയിൽ. കുറിയേടത്ത് താത്രി ജനിച്ചു വളർന്ന മന ഈ പറമ്പിലായിരുന്നു.

🔶

ഇന്നത്തെ തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ കൽപ്പകശേരി ഇല്ലത്തിലാണ് താത്രി ജനിച്ചത്.സാവിത്രി എന്ന പേരിൻ്റെ ചുരുക്കമാണ് താത്രി. പതിമൂന്നാം വയസ്സിൽ തലപ്പള്ളിയിലെ തന്നെ കുന്നംകുളം സമീപമായ ചെമ്മന്തിട്ടെ കുറിയേടത്തു മനയിലെ രാമൻ നമ്പൂതിരിയുമായി വിവാഹിതയായി.

‘അടുക്കള ദോഷം സംഭവിച്ചു’വെന്ന ആരോപണത്തെ തുടർന്ന് താത്രി സ്മാർത്ത വിചാരത്തിനു വിധേയയാവുകയായിരുന്നു.

1905-ൻ്റെ ആദ്യ പകുതിയിലാണ് കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം ആരംഭിച്ചത്.  സ്മാർത്ത വിചാരത്തിനൊടുവിൽ താത്രിയും ഭർത്താവും അടക്കം 66 പേർക്ക് ഭ്രഷ്ടുണ്ടായതായി രേഖപെടുത്തിയിട്ടുണ്ട്.

ആചാരവിധി പ്രകാരം നടന്ന ആദ്യവിചാരത്തിൽ താത്രി ഉൾപ്പെടെയുള്ള എല്ലാവർക്കും ഭ്രഷ്ട് കല്പിച്ചെങ്കിലും വിചാരം ഒന്ന് കൂടി വിപുലമായും നീതിനിഷ്ടമായും നടത്താൻ തീരുമാനിച്ചു.

ഇതിനെ തുടർന്ന് താത്രിയെ ആദ്യവിചാരം നടന്ന ഇരിഞ്ഞാലക്കുടയിൽ നിന്നും കൊച്ചി രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലേക്ക് കൊണ്ടു വരികയായിരുന്നു.

താത്രിയുടെ നേരെ വധ ഭീഷണിയുണ്ട്, അവരെ തട്ടിക്കൊണ്ടു പോകാൻ ചിലർ ശ്രമിക്കുന്നു തുടങ്ങിയ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന്, അവരെ അതീവ സുരക്ഷാ സൗകര്യങ്ങളോടു കൂടി തൃപ്പൂണിത്തുറയിലെ കുന്നുമ്മൽ ബംഗ്ലാവിൽ (ഹിൽ പാലസ്) ആണു താമസിപ്പിച്ചത്.

1905 ജൂലൈ 13-നു ആണ് ഭ്രഷ്ട് കൽപ്പനയുണ്ടായത് . 30 നമ്പൂതിരിമാർ, 10 അയ്യർ, 1പിഷാരോടി ,4 വാരിയർ ,2 പുതുവാൾ ,4 നമ്പീശൻ ,2 മാരാർ ,12 നായർ എന്നിങ്ങനെയാണ് ഭ്രഷ്ടായവരുടെ ജാതി തിരിച്ചുള്ള കണക്കുകൾ എന്നും പറയപ്പെടുന്നു.

1905 ജൂൺ 7-നു ‘മലയാള മനോരമ’ ദിനപത്രത്തിൽ വന്ന വാർത്തയിൽ “65 ആളുകൾക്കും സാധനത്തിനെ നേരിട്ട് ചോദ്യം ചെയ്യുവാനുള്ള അവസരം ലഭിച്ചു. അവൾ ഒരു ബാരിസ്റററെ പോലെ എല്ലാവർക്കും മറുപടി കൊടുത്തു” എന്ന് കാണുന്നുണ്ട്.

സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ഭ്രഷ്ടരായി. പ്രശസ്തനായ കഥകളി കലാകാരൻ കാവുങ്ങൽ  ശങ്കരപണിക്കരുടെ പൗരുഷത്തോട് താത്രിക്കുണ്ടായ അഭിനിവേശത്തെ കുറിച്ചും കാവുങ്ങലിനോടു കീചകവേഷത്തിൽ തന്നെ താത്രിയെ സന്ദർശിക്കുവാൻ ആവശ്യപ്പെട്ടതായും മറ്റും പറയുന്ന കഥകൾ ധാരാളമുണ്ട്.

താത്രീക്കുട്ടിയുടെ സ്മാർത്ത വിചാരത്തിൽ ഭ്രഷ്ടരാക്കപ്പെട്ടവരിൽ  കഥകളി കലാകാരൻ കാവുങ്ങൽ ശങ്കരപണിക്കർ ഭ്രഷ്ട് നീക്കി പിന്നീട് നാട്ടിൽ തിരിച്ചെത്തിയിരുന്നു.

താത്രീക്കഥകളിൽ തെറ്റും ശരിയും വേർതിരിച്ചു പറയുവാൻ പറ്റാത്ത അവസ്ഥയാണ് ഇന്നും ഉള്ളത്.

🌍

ചരിത്ര പ്രധാനമായ ഈ സംഭവത്തെ ഉപജീവിച്ച്‌ എത്ര എത്ര നോവലുകൾ, നാടകങ്ങൾ, സിനിമകൾ, ഗവേഷണ കൃതികൾ എന്നതിന് കണക്കില്ല.

മാടമ്പ് കുഞ്ഞുക്കുട്ടൻ്റെ ഇക്കൂട്ടത്തിൽ പെടുത്താവുന്ന, എന്നാൽ പ്രാപ്തിക്കുട്ടിയെന്ന പേര് ഉപയോഗിക്കുന്ന ‘ഭ്രഷ്ട്’ എന്ന സൃഷ്ടിയും, പിന്നീട് ചലച്ചിത്രമായി.

താത്രിക്കുട്ടിയെ സ്മാര്‍ത്തവിചാരം ചെയ്ത ജാതവേദന്‍ നമ്പൂതിരിയുടെ പേരമകനാണ് 1978-ല്‍ താത്രിയുടെ ജീവിതം പ്രമേയമാക്കി ‘ഭ്രഷ്ട്’ എന്ന നോവല്‍ എഴുതിയ മാടമ്പ് കുഞ്ഞുക്കുട്ടന്‍. തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത ‘ഭ്രഷ്ടി’ൽ പ്രാപ്തിയായി അഭിനയിച്ചത് സുജാത ആയിരുന്നു.

എം. ഗോവിന്ദൻ്റെ ‘കൂടിയാട്ടത്തിൻ്റെ കഥ’യും അതിന് എഴുതിയ ആറ് ആമുഖ ലേഖനങ്ങളും ഇതുമായി ബന്ധമുള്ള പ്രധാനപ്പെട്ട രചനകളാണ്. കാവുങ്ങൽ ശിവശങ്കരപ്പണിക്കരും താത്രിക്കുട്ടിയുമാണ് അതിലെ പ്രധാന കഥാപാത്രങ്ങൾ.  കൂടാതെ വി. ടി. ഭട്ടതിരിപ്പാടിൻ്റെ ‘കുറിയേടത്തു താത്രിക്കുട്ടി എന്ന സാധനം’ എന്ന ലേഖനവും കൂടി പരാമർശിക്കാതെ ഇതു പൂർണ്ണമാകില്ല. സ്മാർത്തവിചാരത്തെ ഉപജീവിച്ച് രചിയ്ക്കപ്പെട്ടതാണ് കെ.ബി. ശ്രീദേവിയുടെ ‘യജ്ഞ’വും.

എം.ടി.വാസുദേവൻ നായരുടെ ‘പരിണയം’, ഷാജി എൻ കരുണിൻ്റെ ‘വാനപ്രസ്ഥം’, ഉണ്ണികൃഷ്ണൻ പുതൂരിൻ്റെ ‘അമൃതമഥനം’ നന്ദൻ കുറിയേടത്തിൻ്റെ ‘താത്രി’ എന്ന നോവൽ, ശ്രീജ ആറങ്ങോട്ടുകര രചിച്ച ‘ഓരോരോ കാലത്തിലും’ എന്ന നാടകം രാജൻ ചുങ്കത്തിൻ്റെയും ചെറായി രാംദാസിൻ്റെയും ചരിത്ര പഠന- വിശകലം പുസ്‌തകങ്ങൾ, ‘ഇന്നും എന്നെ വിട്ടു പോകാത്ത കഥാപാത്രം’ – ഹേമന്ത് കുമാറിൻ്റെ അതിശക്തമായ നാടകം തുടങ്ങി നിരവധി സൃഷ്ടികൾ…. ആലംകോട് ലീലാകൃഷ്ണനും കുറിയേടത്തു താത്രിയെപറ്റി ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്….

സിനിമയിൽ ‘ഇഷ്ടി’ (‘യാഗം’) എന്ന സംസ്കൃത സിനിമയെടുത്ത ഡോ. ജി പ്രഭയുടെ ‘തയാ’ (‘അവളാൽ’) എന്ന തൻ്റെ രണ്ടാമത്തെ ചിത്രത്തിൽ കുറിയേടത്ത്‌ താത്രിയുടെ കഥയാണ് പറയുന്നത്.

താത്രിയുടെ സ്മാര്‍ത്തവിചാരത്തിന്റെ സമ്പൂര്‍ണ രേഖകള്‍ കൊച്ചി ആർക്കെവ്സിൽ സൂക്ഷിച്ചിട്ടുണ്ട്.
————————————————————————————————————————-

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News