ന്യൂഡല്‍ഹി: പാകിസ്താനിലെ കിരാന കുന്നുകളിൽ സ്ഥിതി ചെയ്യുന്ന് ആണവ നിലയത്തിന് നേരെ ഇന്ത്യ ആക്രമണം നടത്തിയോ ?
അവിടെ ആണവ നിലയം ഉണ്ടെന്ന് അറിയിച്ചതിന് നന്ദി എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ കെ ഭാർതി പത്രസമ്മേളനത്തിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടി. എന്നാൽ ആക്രമണ വിവരം പാകിസ്ഥാൻ സ്ഥിരികരിച്ചിട്ടുമില്ല.
അതേസമയം, കിരാന കുന്നുകളെ ലക്ഷ്യംവെച്ച് ഇന്ത്യ ആക്രമണം നടത്തിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവന്നു. സാറ്റലൈറ്റ് ഇമേജറി വിദഗ്ദനായ ഡാമിയന്‍ സൈമൺ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാകിസ്താനിലെ സര്‍ഗോധ ജില്ലയില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് മിസൈല്‍ ആക്രമണം നടന്നതായി വ്യക്തമാക്കുന്ന ഗൂഗിള്‍ എര്‍ത്തില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മെയ് മാസത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ പാകിസ്താനിലെ കിരാന കുന്നുകള്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചിരുന്നു എന്നാണ് സൈമൺ പറയുന്നത്.
സര്‍ഗോധ വ്യോമതാവളത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തിയ റണ്‍വേകളുടെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാകിസ്താൻ്റെ ആണവ, മിസൈല്‍ വികസന പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന മേഖലയാണ് കിരാന കുന്നുകള്‍. കിരാന കുന്നുകള്‍ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനുളള സാധ്യത കൂടുതലാണ്.
ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം അതീവ ഗുരുതരമായിരുന്നുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുന്ന സ്ഥിതിയില്‍ വരെ കാര്യങ്ങളെത്തിയെന്നും കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
വൈറ്റ് ഹൗസില്‍ ചില റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ അത്താഴ വിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. ‘ഞങ്ങള്‍ നിരവധി യുദ്ധം അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഗുരുതരമായിരുന്നു. ഇവ രണ്ടും ആണവരാജ്യങ്ങളാണ്. അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സംഘര്‍ഷം വലുതാകുന്നതിന് മുമ്പ് ഞങ്ങള്‍ അത് പരിഹരിച്ചു- അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തതായി പാകിസ്താന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പാകിസ്താൻ്റെ കുറച്ച് വിമാനങ്ങള്‍ തകര്‍ത്തതായി ഇന്ത്യയും അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്. ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്.
മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു.
ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.