July 20, 2025 6:46 pm

ശബരിമല ട്രാക്ടർ യാത്ര: എഡിജിപിയെ വിമർശിച്ച് പോലീസ് മേധാവി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത എഡിജിപി എംആ‍ര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖ‍ർ സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.

ചട്ടം ലംഘിച്ച് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചിട്ടുണ്ട്. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സംസ്ഥാന പോലീസ് മേധാവി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശുപാർശകളില്ലാതെയാണ് റിപ്പോർട്ട്. യാത്രയുടെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

MR അജിത്കുമാറിനെ കുടുക്കി CCTV; ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്, കൂടെ  രണ്ട് പേഴ്സണൽ സ്റ്റാഫും

സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകൾ. എന്നാൽ, അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം 2021-ൽ ഹൈക്കോടതി ട്രാക്ടറുകളിൽ ആളുകൾ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത്.

പൊലീസ് ട്രാക്ടറിൽ മങ്കി ക്യാപ് ധരിച്ച് സഹായികളായ പൊലീസുകാർക്ക് ഒപ്പമാണ് നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ, 12-ാം തീയതി രാത്രി അജിത് കുമാർ ട്രാക്ടറിൽ സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. അതേ ട്രാക്ടറിൽ തന്നെ തിരിച്ച് ഇറങ്ങി.

ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് ലംഘിച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്.

സംസ്ഥാന പോലീസ് മേധാവിയുടെ പേരിലുള്ള പൊലീസിൻ്റെ ട്രാക്ടറിലായിരുന്നു യാത്ര. എന്നാൽ അജിത് കുമാറിനെ സംരക്ഷിക്കാൻ ഡ്രൈവറെ പ്രതിയാക്കിയാണ് പമ്പ പൊലീസ് കേസെടുത്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവറെ ബലിയാടാക്കിയതിൽ സേനയ്ക്ക് ഉള്ളിൽ അമർഷം ശക്തമാണ്. സന്നിധാനത്ത് അജിത് കുമാർ ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രത്യേക പരിഗണന ഹരിവരാസന സമയത്ത് എഡിജിപിക്ക് നൽകിയെന്ന ആക്ഷേപവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News