ടെഹ്റാൻ : ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ മാന്ത്രികവിദ്യകൾ ഉപയോഗിച്ചതായും ജിന്നുകളെയും മററും പ്രയോജനപ്പെടുത്തിയതായും ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
12 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ ഇസ്രായേൽ നിഗൂഢ ശക്തികളെ ഉപയോഗിച്ചുവെന്നാണ് ഇറാൻ്റെ അവകാശവാദം. ഈ ആരോപണങ്ങൾ ലോകമെമ്പാടുമുള്ള മാധ്യമശ്രദ്ധ നേടുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരും മതനേതാക്കളുമാണ് ഇസ്രായേലിനെതിരെ ഇത്തരം വിചിത്രമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. സംഘർഷത്തിന് ശേഷം ടെഹ്റാനിലെ തെരുവുകളിൽ യഹൂദ ചിഹ്നങ്ങളുള്ള തകിടുകൾ കണ്ടെത്തിയതായി ടെഹ്റാനിലെ മേയറുടെ ഉപദേഷ്ടാവായ അബ്ദുള്ള ഗഞ്ചി അവകാശപ്പെട്ടു.
ഇത് ആളുകളെ കണ്ടെത്താനും ലക്ഷ്യമിടാനും ഉപയോഗിച്ച “ജിന്നുകൾ” ആണെന്നും ചില ഇറാനിയൻ സാമൂഹിക മാധ്യമങ്ങളും മത പണ്ഡിതരും ആരോപിക്കുന്നു. ഗാസ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മന്ത്രവാദികളുമായി കൂടിക്കാഴ്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളെക്കുറിച്ചും ഇറാനിയൻ ഉദ്യോഗസ്ഥർ പരാമർശിച്ചു.
ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് “അതീന്ദ്രിയ യൂണിറ്റ്” ഉണ്ടെന്നും അത് “ജിന്നുകളെ” ഉപയോഗിച്ച് മനസ്സ് വായിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ചില ഗൂഢാലോചന സിദ്ധാന്തക്കാർ ആരോപിക്കുന്നുണ്ട്.
മനുഷ്യ ശത്രുക്കൾക്കൊപ്പം “ജിന്ന് ശത്രുക്കളെയും” ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേരത്തെ തൻ്റെ പ്രസംഗങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ, മാന്ത്രികവിദ്യ, തകിടുകൾ, ജിന്ന് പിശാചുക്കൾ, കബാല തത്വങ്ങൾ എന്നിവയെല്ലാം ഇസ്രായേൽ തങ്ങളുടെ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നുണ്ടെന്നും ചിലർ വാദിക്കുന്നു.
ഈ ആരോപണങ്ങളെല്ലാം സംശയത്തോടും പരിഹാസത്തോടും കൂടിയാണ് ലോകമെമ്പാടും സ്വീകരിക്കുന്നത്. ഇസ്രായേൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും ഈ വാദങ്ങളെ പരസ്യമായി പരിഹസിച്ചിട്ടുണ്ട്. “ജിന്നുകൾ, ജിന്നുകൾ എല്ലായിടത്തും ഉണ്ട്” എന്ന് പരിഹാസരൂപേണയുള്ള ഒരു കുറിപ്പ് ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയെ പ്രതിനിധീകരിക്കുന്ന എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
സൈനിക തിരിച്ചടികളെ വിശദീകരിക്കാനുള്ള ഒരു പ്രത്യയശാസ്ത്രപരമായ യുദ്ധത്തിൻ്റെ ഭാഗമാണ്, ഈ ‘അതീന്ദ്രിയ’ ആരോപണങ്ങളെന്ന് വിമർശകർ വാദിക്കുന്നു. ഇത്തരം വാദങ്ങൾ ഇറാൻ്റെ ഭാഗത്തുനിന്നുള്ള സ്ഥിരീകരിക്കാത്ത ആരോപണങ്ങളാണെന്നും യാഥാർത്ഥ്യമല്ലെന്നും അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.