ഫ്ലോറിഡ: പഞ്ചസാര തൽക്ഷണം സന്തോഷം നൽകുമെങ്കിലും, അമിത ഉപയോഗം കാലക്രമേണ ആരോഗ്യത്തെയും ഏറ്റവും അടുത്ത വ്യക്തിബന്ധങ്ങളെയും തകർക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ യൂറോളജിസ്റ്റും റോബോട്ടിക് സർജനുമായ ഡോ. ജാമിൻ ബ്രഹ്മഭട്ട് മുന്നറിയിപ്പ് നൽകുന്നു.
സെൻട്രൽ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് മെഡിസിനിൽ അസിസ്റ്റന്റ് പ്രൊഫസറാണ് അദ്ദേഹം. ദൈനംദിന ജീവിതത്തിൽ പഞ്ചസാരയുടെ സ്വാധീനത്തെക്കുറിച്ചും അത് നമ്മുടെ ലൈംഗികാരോഗ്യത്തിൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ചും അദ്ദേഹം പങ്കുവെക്കുന്ന ഉൾക്കാഴ്ചകൾ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
സാധാരണയായി, പഞ്ചസാരയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് മധുരപലഹാരങ്ങളും രുചിയേറിയ വിഭവങ്ങളുമാണ്. എന്നാൽ, ഇത് നമ്മുടെ ശരീരത്തിനും ലൈംഗിക ജീവിതത്തിനും എത്രത്തോളം ദോഷകരമായി ബാധിക്കാമെന്ന് പലരും തിരിച്ചറിയുന്നില്ല.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന കുത്തിവയ്പ്പുകളുടെ കാലമാണിത്.ഈ മരുന്നുകൾ പലർക്കും ആരോഗ്യപരമായ വലിയ നേട്ടങ്ങൾ സമ്മാനിച്ചു എന്നതിൽ തർക്കമില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുക, നല്ല ഉറക്കം ലഭിക്കുന്നതിലൂടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്തുക എന്നിവയെല്ലാം ഇതിൽപ്പെടുന്നു. എന്നാൽ, ഈ മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോ.ബ്രഹ്മഭട്ട് ചൂണ്ടിക്കാണിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് പറയുമ്പോൾ മിക്കവരുടെയും മനസ്സിലേക്ക് വരുന്നത് പ്രമേഹമാണ്. എന്നാൽ, ഒരു സാധാരണ വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രയാണെന്ന് പലർക്കും ധാരണയില്ല.
രക്തത്തിലെ ഗ്ലൂക്കോസ് അളവുകൾക്ക് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. ഉപവാസ രക്തത്തിലെ പഞ്ചസാര (കുറഞ്ഞത് 8 മണിക്കൂർ ഭക്ഷണം കഴിക്കാതെ): 100 mg/dL-ൽ താഴെയാണെങ്കിൽ സാധാരണ നിലയും, 100-125 mg/dL ആണെങ്കിൽ പ്രീഡയബറ്റിസും, 126 mg/dL-ൽ കൂടുതലാണെങ്കിൽ പ്രമേഹവുമാണ്. റാൻഡം രക്തത്തിലെ പഞ്ചസാര (ദിവസത്തിൽ ഏത് സമയത്തും): 200 mg/dL-ൽ കൂടുതലും പ്രമേഹ ലക്ഷണങ്ങളും ഉണ്ടെങ്കിൽ പ്രമേഹം സ്ഥിരീകരിക്കാം.
ഹ്രസ്വകാല അളവുകൾക്കപ്പുറം, ഹീമോഗ്ലോബിൻ A1c എന്ന രക്തപരിശോധനയാണ് രക്തത്തിലെ പഞ്ചസാരയുടെ ദീർഘകാല ചിത്രം നൽകുന്നത്. കഴിഞ്ഞ 2-3 മാസത്തെ ശരാശരി ഗ്ലൂക്കോസ് നിലയെ ഇത് സൂചിപ്പിക്കുന്നു. 5.7%-ൽ താഴെയാണ് A1c എങ്കിൽ സാധാരണ നിലയും, 5.7% – 6.4% പ്രീഡയബറ്റിസും, 6.5% അതിൽ കൂടുതലും പ്രമേഹവുമാണ്. ഉയർന്ന A1c അളവുകൾ ശസ്ത്രക്രിയാനന്തരമുള്ള രോഗമുക്തിയെയും അണുബാധ സാധ്യതകളെയും സങ്കീർണ്ണതകളെയും ബാധിക്കാമെന്ന് ഡോ. ബ്രഹ്മഭട്ട് പറയുന്നു.
ലൈംഗികാരോഗ്യം രക്തത്തിലെ പഞ്ചസാരയുമായി ആളുകൾ ആദ്യം ബന്ധപ്പെടുത്തുന്ന ഒന്നല്ല.എന്നാൽ ക്രമാതീതമായി ഉയർന്ന ഗ്ലൂക്കോസ് അളവ് ലൈംഗികാടുപ്പത്തെ ബാധിക്കും.
പുരുഷന്മാരിൽ, രക്തത്തിലെ ഉയർന്ന പഞ്ചസാര ലിംഗോദ്ധാരണത്തിന് അത്യാവശ്യമായ ഞരമ്പുകളെയും രക്തക്കുഴലുകളെയും നശിപ്പിക്കും. ഇത് കാലക്രമേണ ലിംഗോദ്ധാരണക്കുറവിലേക്ക് നയിക്കും. ഉയർന്ന രക്തത്തിലെ പഞ്ചസാര ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ഇത് ലൈംഗിക താൽപ്പര്യത്തെയും ഊർജ്ജത്തെയും കുറയ്ക്കുകയും ചെയ്യും.
സ്ത്രീകളിൽ, ഉയർന്ന രക്തത്തിലെ പഞ്ചസാര രക്തയോട്ടം കുറയ്ക്കാനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. ഇത് യോനിയിലെ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം, അല്ലെങ്കിൽ രതിമൂർച്ഛാ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. കൂടാതെ, ഇത് ആവർത്തിച്ചുള്ള മൂത്രനാളിയിലെ അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കും. ലൈംഗിക ബന്ധം വേദനാജനകമോ അനാകർഷകമോ ആക്കുകയും ചെയ്യും. പ്രായം, ആർത്തവവിരാമം, സമ്മർദ്ദം എന്നിവയുമായി ഈ മാറ്റങ്ങളെ പല സ്ത്രീകളും തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും, രക്തത്തിലെ പഞ്ചസാരയുടെ പ്രശ്നം അവർ അവസാനമാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഏകദേശം 38 ദശലക്ഷം അമേരിക്കക്കാർക്ക് പ്രമേഹം ഉണ്ടെന്നും, നാലിൽ ഒരാൾക്ക് ഇത് അറിയില്ലെന്നും അമേരിക്കയിലെ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കുകൾ പറയുന്നു.
പരമ്പരാഗതമായി, പ്രമേഹ ചികിത്സ ആരംഭിക്കുന്നത് മെറ്റ്ഫോർമിൻ പോലുള്ള ഓറൽ മരുന്നുകളിലൂടെയാണ്. ഇത് കരളിൽ നിന്നുള്ള പഞ്ചസാരയുടെ ഉത്പാദനം കുറയ്ക്കുന്നു. ഗുളികകൾ ഫലിക്കാതെ വരുമ്പോൾ ഇൻസുലിൻ പോലുള്ള കുത്തിവയ്പ്പുകൾ വേണ്ടിവന്നേക്കാം. ഈയിടെയായി, GLP-1 റിസപ്റ്റർ അഗോണിസ്റ്റ് മരുന്നുകളായ സെമാഗ്ലൂട്ടൈഡ്, ലിറാഗ്ലൂട്ടൈഡ്, ടിർസെപാറ്റൈഡ് എന്നിവ ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്.
എന്നാൽ മരുന്നുകളിലേക്ക് തിരിയുന്നതിന് മുമ്പ്, ചിട്ടയായ ജീവിതശൈലി മാറ്റങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ഡോ. ബ്രഹ്മഭട്ട് നിർദേശിക്കുന്നു. പതിവായ വ്യായാമം ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും. ശരീരഭാരം കുറയ്ക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം, മതിയായ ഉറക്കം, മദ്യപാനം കുറയ്ക്കൽ, സമ്മർദ്ദം നിയന്ത്രിക്കൽ എന്നിവയെല്ലാം നിർണ്ണായകമാണ്.
പഞ്ചസാരയുടെ ഉപയോഗം നമ്മുടെ അരക്കെട്ടിനെ മാത്രമല്ല, ഊർജ്ജത്തെയും ഹൃദയത്തെയും ലൈംഗികാരോഗ്യത്തെയും ബാധിക്കുമെന്ന് ഓർക്കുക. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഈ വെല്ലുവിളികളെ അതിജീവിക്കാമെന്ന് അദ്ദേഹം പറയുന്നു.