ലണ്ടൻ : ബ്രിട്ടനിൽ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നതിനുള്ള പ്രായം 18 ല്‍ നിന്ന് 16 ആയി കുറയ്ക്കുന്നതിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവരുന്നു.
ബാങ്ക് കാര്‍ഡുകള്‍ വോട്ടര്‍ ഐഡിയായി ഉപയോഗിക്കാന്‍ അനുവദിക്കുന്നതും രാഷ്ട്രീയ സംഭാവനകള്‍ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കുന്നതും ഉള്‍പ്പെടെ ‘മാറ്റങ്ങള്‍ ആണ് കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്.
എന്നാല്‍, അടുത്ത പൊതുതിരഞ്ഞെടുപ്പ് മുതല്‍ 16 ഉം 17 ഉം വയസ്സുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദമുണ്ടാകും.. 2029 ഓഗസ്റ്റിലാണ് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ എത്രയും പെട്ടെന്ന് ഒരു തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഗ്രഹിച്ചാല്‍ പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ അത് തീരുമാനിക്കാം.
തിരഞ്ഞെടുപ്പുകളിൽ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സമൂഹത്തിൻ്റെ അടിത്തറ ശക്തിപ്പെടുമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലേബര്‍ പാര്‍ട്ടി വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെ കുറിച്ച് പ്രചാരണം നടത്തിയിരുന്നു. വെറും 59.7% പോളിംഗ് മാത്രമാണ് ആ തെരഞ്ഞെടുപ്പ് രേഖപ്പെടുത്തിയത്. 2001 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടിംഗ്ശതമാനമായിരുന്നു അത്.
ലേബര്‍ പാര്‍ട്ടിക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ ഭൂരിപക്ഷം ഉള്ളതിനാലും, ഭരണകക്ഷിയുടെ പ്ലാറ്റ്‌ഫോമില്‍ വാഗ്ദാനം ചെയ്യുന്ന ബില്ലുകള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് പരമ്പരാഗതമായി തടയാറില്ല എന്നതിനാലും പുതിയ പരിഷ്‌കാരങ്ങള്‍ നിയമമാകണമെങ്കില്‍ പാര്‍ലമെന്റ് പാസാക്കേണ്ടതുണ്ട്.
സ്‌കോട്ട്‌ലന്‍ഡും വെയില്‍സും ഇതിനകം തന്നെ 16ഉം 17ഉം വയസ്സുള്ളവര്‍ക്ക് ചില തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. പുതുതായി നിര്‍ദ്ദേശിച്ച ഈ മാറ്റം എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടുചെയ്യാന്‍ ഏകദേശം 1.6 ദശലക്ഷം കൗമാരക്കാരെ അനുവദിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകമെമ്പാടുമുള്ള ഏകദേശം 90% രാജ്യങ്ങളിലും പ്രദേശങ്ങളിലും വോട്ടിംഗ് പ്രായം 18 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആണെന്ന് യുണിസെഫ് പറയുന്നു. എന്നാല്‍ ഓസ്‌ട്രേലിയ, ബ്രസീല്‍, ക്യൂബ, ഇക്വഡോര്‍, ഗ്രീസ്, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വോട്ടിംഗ് പ്രായം 16 ഉം അല്ലെങ്കില്‍ 17 ഉം ആയി കുറച്ചിട്ടുണ്ട്.
16 വയസ്സുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ സൈന്യത്തില്‍ ചേരാനും മുഴുവന്‍ സമയ ജോലി ചെയ്യാനും നിയമസാധുതയുണ്ട്. അതായത് ചിലര്‍ ഇതിനകം നികുതി അടയ്ക്കുന്നുണ്ട്. മാറ്റത്തെ അനുകൂലിക്കുന്ന പ്രധാന വാദങ്ങളിലൊന്നാണിത്.
‘നിങ്ങള്‍ നികുതി നല്‍കിയാല്‍, നിങ്ങളുടെ പണം എന്തിന് ചെലവഴിക്കണമെന്ന്, സര്‍ക്കാര്‍ ഏത് വഴിക്ക് പോകണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കണമെന്ന് ഞാന്‍ കരുതുന്നു,’ – പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലുള്‍പ്പെടെയുള്ള വിമര്‍ശകര്‍, 16 വയസ്സുള്ളവര്‍ക്ക് നിയമപരമായി മദ്യമോ ലോട്ടറി ടിക്കറ്റോ വാങ്ങാനോ വിവാഹം കഴിക്കാനോ തിരഞ്ഞെടുപ്പിന് മത്സരിക്കാനോ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ മാറ്റം യഥാര്‍ത്ഥത്തില്‍ കൂടുതല്‍ യുവാക്കളെ വോട്ടെടുപ്പിലേക്ക് നയിക്കുമെന്ന സംശയമാണ് അവരെ എതിര്‍പ്പിന് പ്രേരിപ്പിക്കുന്നത്.
ഐടിവി ന്യൂസിനുവേണ്ടി മെര്‍ലിന്‍ സ്ട്രാറ്റജി 16 ഉം 17 ഉം വയസ്സുള്ള 500 പേരില്‍ നടത്തിയ ഒരു സര്‍വേയില്‍, നാളെ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ തീര്‍ച്ചയായും വോട്ട് ചെയ്യുമെന്ന് 18% പേര്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് കണ്ടെത്തി. എന്നാല്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ 51% അനുകൂലിക്കുകയും 49% എതിര്‍ക്കുകയും ചെയ്തു.