ഡോ ജോസ് ജോസഫ്
ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ ).
നവാഗതനായ പ്രവീൺ നാരായണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൈറ്റിലിലും ചിത്രത്തിൻ്റെ ചില ഭാഗങ്ങളിലും ജാനകി എന്ന പേര് നീക്കണമെന്ന സെൻട്രൽ ഫിലിം സെൻസർ ബോർഡിൻ്റെ നിർദ്ദേശം വിവാദമായിരുന്നു.
ചിത്രത്തിൻ്റെ റിലീസിംഗും വൈകി. രാമായണ മാസം തുടങ്ങുന്ന കർക്കിടകം ഒന്നിനാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.നായികാ കഥാപാത്രത്തിൻ്റെ പേര് ജാനകി എന്നാണ് എന്നതല്ലാതെ ജനക പുത്രിയായ ജാനകിയുമായോ രാമായണവുമായോ ഈ ചിത്രത്തിൻ്റെ കഥയ്ക്ക് ഒരു ബന്ധവുമില്ല. സീതാദേവിയെ ഒരു വിധത്തിലും അപമാനിക്കുന്നുമില്ല.
സെൻസർ ബോർഡ് നിർദ്ദേശത്തിനു ശേഷവും ജാനകി എന്ന പേര് ചിത്രത്തിൻ്റെ പല ഭാഗങ്ങളിലും ആവർത്തിക്കുന്നുണ്ട്. ചിത്രം കണ്ടതിനു ശേഷം പ്രേക്ഷകൻ ബഹുമാനപ്പെട്ട കേന്ദ്ര സെൻസർ ബോർഡ് അംഗങ്ങൾക്ക് എന്തിൻ്റെ കേടായിരുന്നു എന്ന് ചോദിച്ചു പോകും.
സുരേഷ് ഗോപി എന്ന നടൻ്റെ കഥാപാത്രങ്ങളെക്കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ കാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സ്ഫോടനാത്മകമായ ഒരു വിഷയം അവതരിപ്പിക്കാൻ അവസരമുണ്ടായിട്ടും ശരാശരി നിലവാരത്തിന് മുകളിലേക്ക് ചിത്രത്തെ ഉയർത്താൻ സംവിധായകന് കഴിഞ്ഞിട്ടില്ല.
ഭാഗികമായ കുറ്റാന്വേഷണവും കൂടി കൂട്ടിക്കലർത്തിയ കോർട്ട് റൂം ലീഗൽ ഡ്രാമയാണ് ജെഎസ്കെ. ‘സത്യമേവ ജയതേ’, സത്യം എല്ലായിപ്പോഴും ജയിക്കും എന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. എന്നാൽ സത്യം ജയിക്കണമെങ്കിൽ കോടതിയുടെ മുന്നിൽ തെളിവുകൾ വേണമെന്നാണ് ചിത്രത്തിൻ്റെ ആദ്യ പകുതി ചർച്ച ചെയ്യുന്നത്. തെളിവുകൾ ഇല്ലെങ്കിൽ ഏതു കൊടിയ കുറ്റവാളിയും ഊരിപ്പോകും .
രണ്ടാം പകുതിയിൽ ഭരണ ഘടനയുടെ ആർട്ടിക്കിൾ 21ലേക്കും അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തിലേക്കും ചിത്രം വഴി മാറുന്നു. അച്ചടി ഭാഷയിൽ നെടുനീളൻ തീപ്പൊരി ഡയലോഗുകൾ വെച്ചു കാച്ചുന്ന ഡേവിഡ് ആബേൽ ഡൊണോവൻ എന്ന അഡ്വക്കേറ്റിനെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രണ്ടാം പകുതിയിൽ നായകൻ്റെ വക കോടതിയ്ക്ക് പുറത്തുള്ള കുറ്റാന്വേഷണവും വില്ലനുമായുള്ള ഏറ്റുമുട്ടലും കാണാം. സുരേഷ് ഗോപിയുടെ മകൻ മാധവ് ഗോപിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കോടതിക്ക് പുറത്ത് ലഹരിക്കേസുകളും ജി എസ് ടി കൊള്ള ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളിലെല്ലാം അതി ശക്തമായി പ്രതികരിക്കുന്ന ആക്ടിവിസ്റ്റ് കൂടെയായ അഡ്വ.ഡേവിഡ് ആബേൽ ഡൊണോവനെ അവതരിപ്പിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം.
സാമൂഹിക പ്രസക്തിയുള്ള ഏത് വിഷയത്തിലും അയാൾ ഇടപെടും. ബിഷപ്പ് ഫ്രാങ്കോയുടെ കേസിനെ അനുസ്മരിപ്പിക്കുന്ന ഒരു കന്യാസ്ത്രീ പീഡന കേസിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി കൊടുക്കാൻ ഇറങ്ങുന്ന ഡേവിഡ് ആബേലിനെയാണ് ആദ്യം കാണുന്നത്.
വിശ്വാസി കൂടിയായ അയാളെ സ്വാധീനിക്കാൻ ബിഷപ്പും (ജോയി മാത്യു)എം എൽ എ യും (നിഷ്താർ സേട്ട് ) എല്ലാമെത്തുന്നുവെങ്കിലും അയാൾ വഴങ്ങുന്നില്ല. മുംബെയിലെ ചേരിയിൽ പളളി സ്ഥാപിച്ചതിനെ കുറിച്ചു പറയുന്ന ബിഷപ്പിനോട് പള്ളിക്ക് പകരം പളളിക്കൂടം സ്ഥാപിച്ചാൽ പോരായിരുന്നോ എന്നാണ് അയാളുടെ ചോദ്യം.
കുറ്റവാളികളെ സംരക്ഷിക്കാൻ സഭയും രാഷ്ട്രീയക്കാരും പോലീസുമെല്ലാം കൈകോർക്കുന്ന സിസ്റ്റത്തെക്കുറിച്ചുള്ള അയാളുടെ നിശിത വിമർശനങ്ങളും തുടക്കത്തിൽ കേൾക്കാം.
തൃശൂർ പൂങ്കുന്നം സ്വദേശി വിദ്യാധരൻ പിള്ളയുടെ മകളാണ് ബംഗളൂരുവിൽ ഐ ടി പ്രൊഫഷനലായ ജാനകി വി ( അനുപമ പരമേശ്വരൻ ) ഫാദർ ഫ്രാൻസിസ് നടത്തിയ കന്യാസ്ത്രീ പീഡനക്കേസിൽ പോലീസ് സ്റ്റേഷനിൽ അഡ്വ.ഡേവിഡ് നേരിട്ട് പരാതി നൽകാനെത്തുന്നു.
ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വിദ്യാധരൻ പിള്ള മരിക്കുന്നു. സുഹൃത്ത് നവീനൊപ്പം (മാധവ് സുരേഷ് ഗോപി ) പോലീസ് സ്റ്റേഷനിൽ എത്തിയ ജാനകി വിവരമറിഞ്ഞ് കുഴഞ്ഞു വീണു.
തുടർന്നുള്ള വൈദ്യ പരിശോധനയിൽ ജാനകി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തി.വാരാന്ത്യത്തിൽ പൂരം കാണാൻ കൂട്ടുകാരികളോടൊപ്പം ബംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ ജാനകി മാത്രം മടങ്ങിയില്ല. രാത്രിയിൽ നാട്ടിലെ ബേക്കറിയിൽ വെച്ച് അവൾ ബലാത്സംഗം ചെയ്യപ്പെടുന്നു.
ബേക്കറി ഉടമയെയും സുഹൃത്തിനെയും പ്രതികളാക്കി പൂങ്കുന്നം പോലീസ് അതിവേഗം കേസ് രജിസ്റ്റർ ചെയ്തു. “എനിക്കൊന്നും മറയ്ക്കാനില്ല ‘പേടിക്കാനുമില്ല” എന്ന നിലപാടിൽ കേസിൽ ജാനകി ഉറച്ചു നിന്നു.
നിയമ സഹായം ആവശ്യമുള്ള കേസുകളിൽ ഇരകൾക്കു വേണ്ടി സൗജന്യമായി കേസ് വാദിക്കുന്ന വക്കീലാണ് ഡേവിഡ് ആബേൽ ഡൊണോവൻ. അതു വരെ സോഷ്യൽ ആക്ടിവിസ്റ്റും നന്മ മരവുമായി ചിത്രീകരിക്കപ്പെട്ടിരുന്ന ഡേവിഡാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ പൂങ്കുന്നം പീഡനക്കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത്.
കോടതിയ്ക്കു മുമ്പിൽ സത്യമല്ല, തെളിവുകളാണ് പ്രധാനം എന്ന് തെളിയിക്കാനാണ് സംവിധായകൻ നായകനെക്കൊണ്ട് ഈ വേഷം കെട്ടിക്കുന്നത്.
തുടർന്ന് ഒരു സൂപ്പർസ്റ്റാറിൽ നിന്നും കോടതിമുറിയിൽ മുഴങ്ങുന്ന നീണ്ട വാചാടോപങ്ങളുടെ ഒരു പരമ്പരയാണ് പ്രേക്ഷകർ കേൾക്കുന്നത്.പലതിനും കഥയുടെ അടിസ്ഥാന വിഷയവുമായി ഒരു ബന്ധവുമില്ല.
2006 ൽ എ കെ സാജൻ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ചിന്താമണി കൊലക്കേസിനെ അനുസ്മരിപ്പിക്കുന്നതാണ് ആദ്യ പകുതിയിലെ ചില രംഗങ്ങൾ.
ജാനകി എന്ന പെൺകുട്ടി ഓവർ സ്മാർട്ടായതിനെ കുറ്റപ്പെടുത്തുന്ന ഡേവിഡ് പോൺ വീഡിയോകൾ കാണാറുണ്ടെന്ന് ഇരയെക്കൊണ്ട് സമ്മതിപ്പിക്കുന്നു. എപ്പോഴൊക്കെയാണ് കാണുന്നതെന്നാണ് അടുത്ത ചോദ്യം. ജാനകി മയക്കുമരുന്നിന് അടിമയാണെന്നും ലൈംഗിക ബന്ധം സ്വന്തം ഇഷ്ടപ്രകാരമാണെന്നും സ്ഥാപിക്കുന്ന അയാൾ പ്രതികളെ കോടതിയെക്കൊണ്ട് കുറ്റവിമുക്തരാക്കിക്കുന്നു.
രണ്ടാം പകുതിയിൽ ഇരയ്ക്കൊപ്പം നിൽക്കുന്ന അഡ്വ ഡേവിഡ് ആബേൽ ഡൊണോവനെയാണ് പ്രേക്ഷകർ കാണുന്നത്. നീതിക്കുവേണ്ടി മുഖ്യമന്ത്രിയെയും മനുഷ്യാവകാശ കമ്മീഷനെയും കേരളാ സ്റ്റേറ്റിനെയും എതിർകക്ഷികളാക്കി ജാനകി ഹൈക്കോടതിയെ സമീപിക്കുന്നു.കോർട്ട് റൂം വാദങ്ങൾ പലപ്പോഴും ചാനലുകളിലെ അന്തി ചർച്ചകളുടെ നിലവാരത്തിലേക്ക് താഴുന്നു.
രണ്ടാം പകുതിയിൽ രണ്ട് ഗർഭിണികളെ കാണാം. ഇരയ്ക്കു വേണ്ടി ഹാജരാകുന്ന .സുപ്രീം കോടതി വക്കീലും ഡേവിഡിൻ്റെ സഹോദരിയുമായ അഡ്വ.നിവേദിതയും (ശ്രുതി രാമചന്ദ്രൻ) ബലാത്സംഗത്തിലൂടെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഗർഭിണിയാകുന്ന ജാനകിയും.
സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഉദരത്തിൽ വളരുന്ന ഭ്രൂണത്തെ നശിപ്പിച്ച് ജാനകിയുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം വീണ്ടെടുക്കാനാവുമോ എന്ന ചോദ്യത്തിനാണ് ക്ലൈമാക്സ് ഉത്തരം നൽകുന്നത്. ഇതിനിടെ നവീനും വിദ്യാധരൻ്റെ മരണത്തെ തുടർന്ന് സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ ഫിറോസും (അസ്കർ അലി) ഡേവിഡും ചേർന്ന് തെളിവ് കണ്ടെത്താൻ നടത്തുന്ന സമാന്തര കുറ്റാന്വേഷണവും കാണാം.
പൂങ്കുന്നം പീഡനക്കേസിലെ പ്രതിയെ നായകൻ അടിച്ചു വീഴ്ത്തി കീഴടക്കുന്നത് മംഗളാദേവിയുടെ ഉത്സവാഘോഷ വേളയിലാണ്. ഇവിടെയാണ് യഥാർത്ഥ ദേവീ നിന്ദനം.
ക്ലൈമാക്സിൽ ഇന്ത്യൻ ഭരണഘടനാ പുസ്തകം ഉയർത്തിപ്പിടിച്ച് അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തേക്കുറിച്ച് അഡ്വ.ഡേവിഡ് ആബേൽ ഡൊണോവൻ ഉച്ചത്തിൽ പ്രഘോഷിക്കുമ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ എതിർവാദം ഉന്നയിക്കുന്നത് ഭാരതീയ സംസ്ക്കാരവും ഹിന്ദു നിയമവും ഉയർത്തിക്കാട്ടിയാണ്.
സുരേഷ് ഗോപിയുടെ വ്യക്തിപരമായ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നെടുങ്കൻ ഡയലോഗുകൾ തിരക്കഥാകൃത്ത് കുടിയായ സംവിധായകൻ തിരുകിക്കയറ്റിയിട്ടുണ്ട്. ” ഇങ്ങോട്ട് ചോദിച്ച് മാന്ത് വാങ്ങിപ്പോകല്ലേ. ഞാൻ മാന്തിപ്പൊളിക്കും ” എന്നാണ് പത്രക്കാരോടുള്ള നായകൻ്റെ ഡയലോഗ്.
സുരേഷ് ഗോപി നേരിട്ട് ജാഥ നയിച്ച കരുവന്നൂർ ബാങ്ക് അഴിമതിയെ ഓർമ്മിപ്പിക്കുന്ന കോ ഓപ്പറേറ്റീവ് സ്കാമും ചിത്രത്തിൽ കാണാം.സ്ത്രീകൾ വീടിന് പുറത്തിറങ്ങിയാൽ മൂത്രമൊഴിക്കാൻ സൗകര്യമില്ലാത്ത നാട്ടിൽ ‘മഞ്ഞക്കുറ്റി ‘നാട്ടുന്ന വികസനത്തെയും നായകൻ കളിയാക്കുന്നുണ്ട്.
1990 കളിൽ സുരേഷ് ഗോപി കയ്യടി നേടിയ കഥാപാത്രങ്ങളുടെ പ്രതിഛായയോട് ചേർന്നു നിൽക്കുന്നതാണ് ജെ എസ് കെ യിലെ അദ്ദേഹത്തിൻ്റെ കഥാപാത്രം. കാലത്തിനനുസരിച്ച മാറ്റം ഈ കഥാപാത്രത്തിനില്ല.
അഡ്വ.ഡേവിഡ് എന്ന തീപ്പൊരി കഥാപാത്രത്തെ സുരേഷ് ഗോപി ഭംഗിയാക്കി. മുഴുനീള കഥാപാത്രമായി മാധവ് സുരേഷ് ഗോപിയും തിളങ്ങി. ജാനകി വി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ പരമേശ്വരൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ജാനകിയുടെ അമർഷം ദുഃഖം, ട്രോമ, പ്രതിഷേധം, വൈകാരിക ആഘാതം എന്നിവയെല്ലാം അനുപമ ഭംഗിയായി അവതരിപ്പിച്ചു. ജെഎസ്കെ യിൽ പ്രേക്ഷകരുമായി ഏറ്റവും നന്നായി കണക്ട് ചെയ്യുന്ന കഥാപാത്രവും അനുപമയുടെ ജാനകിയാണ്.
ശ്രുതി രാമചന്ദ്രൻ്റെ അഡ്വക്കേറ്റ് നിവേദിതയും കൊള്ളാം. ദിവ്യാ പിള്ള,അസ്കർ അലി, ജയൻ ചേർത്തല, ബൈജു സന്തോഷ്, കോട്ടയം രമേശ്, നിഷ്താർ സേട്ട് തുടങ്ങിയവരും മികച്ച പ്രകടനം നടത്തി.കേസ് അന്വേഷിച്ച പൂങ്കുന്നം സിഐ മത്തായൂസ് ബേബിയെ അവതരിപ്പിച്ച യദുകൃഷ്ണൻ്റെ അഭിനയവും എടുത്തുപറയേണ്ടതാണ്.
പല ഉപകഥകളും .പ്രമേയവുമായി ബന്ധമില്ലാത്ത സംഭാഷണങ്ങളും കയറിയിറങ്ങിേ പോകുന്ന തിരക്കഥ ഉറപ്പില്ലാത്തതാണ്. പ്രമേയം ഉദാത്തമാണെങ്കിലും അത് പ്രേക്ഷകരിൽ എത്തിക്കുന്നതിൽ പാളി. വിഷയത്തിൻ്റെ ഗൗരവം മാറ്റി നിർത്തിയാൽ പ്രവീൺ നാരായണൻ്റെ സംവിധാനത്തിലും ഏറെ പുതുമകൾ ഇല്ല.
സംജിത് മുഹമ്മദാണ് എഡിറ്റർ. 156 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം കുറച്ചു കൂടി ഒതുക്കാമായിരുന്നു .രണദിവെയാണ് ഛായാഗ്രഹണം.ജിബ്രാൻ്റെ പശ്ചാതല സംഗീതവും ഗിരീഷ് നാരായണൻ്റെ സംഗീതവും മികച്ചതാണ്.
——————————————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക