ബീജിംഗ്: റെയിൽവേ ഗതാഗതത്തിൽ വിപ്ലവം കുറിച്ചുകൊണ്ട് മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന സൂപ്പർ ഫാസ്റ്റ് മാഗ്‌ലെവ് (മാഗ്നറ്റിക് ലെവിയേഷൻ) ട്രെയിൻ ചൈനയിൽ യാഥാർത്ഥ്യമായി.
യാത്രാവിമാനങ്ങളേക്കാൾ വേഗം കൈവരിക്കുന്ന ഈ അത്യാധുനിക ട്രെയിനിന് 1,200 കിലോമീറ്റർ ദൂരം താണ്ടാൻ വെറും 150 മിനിറ്റ് (രണ്ടര മണിക്കൂർ) മതിയാകും. ട്രെയിൻ യാത്രയുടെ സമയപരിധികളെയും ദൂരസങ്കൽപ്പങ്ങളെയും ഇത് അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്.
ബീജിംഗ് മുതൽ ഷാങ്ഹായ് വരെയുള്ള 1,200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഏകദേശം 5.5 മണിക്കൂർ സമയമെടുക്കുമ്പോൾ, ഈ പുതിയ ട്രെയിൻ വന്നതോടെ യാത്രാ സമയം 2.5 മണിക്കൂറായി കുറയും. ഇത് യാത്രാ സമയത്തിൽ പകുതിയിലധികം ലാഭമാണ് നൽകുന്നത്. ചൈനയുടെ ഈ അഭിമാനകരമായ നേട്ടം സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.
മാഗ്‌ലെവ് സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത, വിപരീത ദിശയിലുള്ള കാന്തികക്ഷേത്രങ്ങൾ ഉപയോഗിച്ച് ട്രെയിനിനെ ട്രാക്കിൽ നിന്ന് ഉയർത്തി നിർത്തുന്നു എന്നതാണ്. ഇത് ട്രെയിനും ട്രാക്കും തമ്മിലുള്ള ഘർഷണം പൂർണ്ണമായും ഇല്ലാതാക്കുന്നു. തൽഫലമായി, വളരെ സുഗമവും ശബ്ദം കുറഞ്ഞതുമായ, അതിവേഗത്തിലുള്ള ചലനം സാധ്യമാകുന്നു. ഈ നൂതന ആശയം ട്രെയിനുകൾക്ക് ‘പറക്കുന്ന’ അനുഭവം നൽകുന്നു.
ചൈനയിലെ ഹ്യൂബേയി പ്രവിശ്യയിലുള്ള ഡോൻഖു ലബോറട്ടറിയിൽ നടത്തിയ ഏറ്റവും പുതിയ പരിശീലന യാത്രയിൽ, ട്രെയിൻ ഏഴ് സെക്കൻഡിന് താഴെ സമയം കൊണ്ട് മണിക്കൂറിൽ 404 മൈൽ (ഏകദേശം 650 കിലോമീറ്റർ) വേഗത കൈവരിച്ചിരുന്നു. 2023-ൽ നടത്തിയ ഒരു മുൻ പരീക്ഷണത്തിൽ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറിൽ 620 മൈൽ (ഏകദേശം 998 കിലോമീറ്റർ) വേഗതയും കൈവരിക്കാൻ സാധിച്ചിരുന്നു.
ഈ വേഗം സാധാരണ യാത്രാ ജെറ്റു വിമാനങ്ങളുടെ പരമാവധി വേഗമായ, മണിക്കൂറിൽ 547 മുതൽ 575 മൈൽ വരെ (880-925 കിലോമീറ്റർ) വേഗതയേക്കാൾ കൂടുതലാണ് എന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു.വായു പ്രതിരോധം ഏകദേശം പൂജ്യം നിലവാരത്തിലുള്ള ഒരു വാക്വം ട്യൂബിനുള്ളിലാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്.
ഈ വർഷം അവസാനത്തോടെ ഹൈ സ്പീഡ് റെയിൽ ട്രാക്കിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ ആണ് ഈ പുതിയ ഹൈ സ്പീഡ് ട്രെയിൻ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്.
വായുവിൻ്റെ പ്രതിരോധം പരമാവധി കുറയ്ക്കുന്നതിനായി എയറോഡൈനാമിക് രൂപകൽപ്പനയിലാണ് ട്രെയിൻ നിർമ്മിക്കുന്നത്. വിശാലമായ ക്യാബിൻ, വലിയ ഡിജിറ്റൽ സ്ക്രീനുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ഇന്റീരിയറും പുതിയ ട്രെയിനിൻ്റെ സവിശേഷതകളാണ്. ചൈന വികസിപ്പിക്കുന്ന നിരവധി നൂതന ഗതാഗത പദ്ധതികളിൽ ഒന്നാണ് ഈ പുതിയ ഹൈ സ്പീഡ് ട്രെയിൻ.