ലക്നൗ:പണവും പ്രലോഭനങ്ങളും നൽകിയുള്ള അനധികൃത മതപരിവർത്തനങ്ങൾ, രാജ്യത്തിൻ്റെ തനിമയെ ഇല്ലാതാക്കാനും സാമൂഹിക ഘടനയെ നശിപ്പിക്കാനുമുള്ള ആസൂത്രിത ഗൂഢാലോചനയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
വിദേശ സംഭാവനകളൂടെ പിൻബലത്തോടെ നടന്ന വലിയ തോതിലുള്ള അനധികൃത മതപരിവർത്തന സംഘത്തെ കണ്ടെത്തിയ ബൽറാംപൂരിലെ സമീപകാല കേസ് അദ്ദേഹം പരാമർശിച്ചു.
100 കോടിയിലധികം രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ 40 അക്കൗണ്ടുകളിലായിട്ടാണ് കണ്ടെത്തിയത്> മതപരിവർത്തനത്തിന് മുൻകൂട്ടി നിശ്ചയിച്ച ‘നിരക്കുകൾ’ ഉണ്ടായിരുന്നു.ഇത് സംസ്ഥാനത്തിന്റെയും രാജ്യത്തിൻ്റെയും സാമ്പത്തിക, സാമൂഹിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്.
“ചില ശക്തികൾ രാജ്യത്തിൻ്റെ അടിസ്ഥാന സ്വഭാവം നിയമവിരുദ്ധമായ മതപരിവർത്തനങ്ങളിലൂടെ മാറ്റാൻ മനഃപൂർവം ശ്രമിക്കുകയാണ്. ഇത് സാമൂഹിക ഐക്യത്തിന് നേരെയുള്ള ആക്രമണമാണ്. ഒരു കാരണവശാലും ഇത് സഹിക്കാനാവില്ല,” സിഖ് ഗുരുവിന്റെ 350-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീ തേജ് ബഹാദൂർ സന്ദേശ് യാത്രാ ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ടവരെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം പ്രവൃത്തികൾ ഭരണഘടനയുടെ ആത്മാവിനും സാമൂഹിക സമത്വ തത്വങ്ങൾക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.