July 12, 2025 9:53 pm

വിമാന ദുരന്തം ഇന്ധനം നിലച്ചത് മൂലം എന്ന് പ്രാഥമിക റിപ്പോർട്ട്

ന്യൂഡൽഹി: രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധനവിതരണം ഒരേ സമയം നിലച്ചത് കാരണമാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നതെന്ന സൂചനകൾ ലഭിച്ചു. എയർ ആക്സിഡൻ്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം
പറയുന്നു.

പറന്നുയർന്ന് ഏകദേശം 32 സെക്കൻഡിനുള്ളിലാണ് വിമാനം നിലംപതിച്ചത്. കോക്പിറ്റ് വോയ്സ് റെക്കോർഡിംഗുകളിൽ നിന്ന്, അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ പൈലറ്റുമാർക്കിടയിൽ ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനിന്നിരുന്നു എന്ന് വ്യക്തമാണ്.

ഇന്ധനം നിലച്ചതിനെക്കുറിച്ച് ഒരു പൈലറ്റ് മറ്റേയാളോട് ചോദിക്കുന്നുണ്ട്. എന്നാൽ താൻ ഒന്നും ചെയ്തില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇത് ഒരു സാങ്കേതിക തകരാറിൻ്റെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.

ടേക്ക് ഓഫിന് ശേഷം മൂന്ന് സെക്കൻഡ് വരെ വിമാനം പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നു. ഈ സമയത്തിന് ശേഷം, രണ്ട് എഞ്ചിനുകളും ശക്തി നഷ്ടപ്പെടുത്തുകയും, 10-14 സെക്കൻഡിനുള്ളിൽ വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് നിലംപതിക്കുകയും ചെയ്തു.

അന്വേഷണം പ്രധാനമായും ചില വിഷയങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഒന്നാമതായി, ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ചുകളുടെ രൂപകൽപ്പന റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നു. ഫ്രണ്ടൽ ഡെക്കിൽ സ്ഥാപിച്ചിട്ടുള്ള ഈ സ്വിച്ചുകൾ, പൈലററുമാക്ക് മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആകസ്മികമായി സ്വിച്ചുകൾ പ്രവർത്തിക്കാൻ സാധ്യതയില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതിനാൽ, സ്വിച്ചിലെ പ്രവർത്തനരഹിതമായ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

രണ്ടാമതായി, ബോയിംഗ് 737, സമാനമായ രൂപകൽപ്പനയുള്ള ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിംഗ് മെക്കാനിസങ്ങളുമായി ബന്ധപ്പെട്ട് 2018 ഡിസംബറിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ മുൻകാല സുരക്ഷാ മുന്നറിയിപ്പുകൾ എയർ ഇന്ത്യ എത്രത്തോളം പാലിച്ചിരുന്നു എന്നും അന്വേഷിക്കും.

അവസാനമായി, വിമാനം തകരുന്നതിന് മുമ്പും അപകടസമയത്തും നടന്ന സംഭവങ്ങൾ പുനർനിർമ്മിക്കുന്നതിനായി ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിലെയും കോക്പിറ്റ് വോയ്സ് റെക്കോർഡറിലെയും വിവരങ്ങളും മറ്റ് അനുബന്ധ ഡാറ്റയും വിശദമായി വിശകലനം ചെയ്യും.

ഇന്ധനവിതരണം നിലച്ചതിൻ്റെയും തുടർന്നുള്ള എഞ്ചിൻ തകരാറിൻ്റെയും മൂലകാരണം കണ്ടെത്താൻ എല്ലാ സിസ്റ്റങ്ങളെയും പ്രവർത്തന മാനദണ്ഡങ്ങളെയും കുറിച്ച് എയർ ആക്സിഡൻ്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് വിശദമായ പരിശോധന നടത്തുന്നുണ്ട്.

വിമാന ദുരന്തത്തിൽ ആകെ 260 പേർ ആണ് മരണമടഞ്ഞത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.കൂടാതെ, വിമാനം തകർന്നു വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിലും പരിസരത്തും ഉണ്ടായിരുന്ന 19 പേർ കൂടി മരിച്ചു.

ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് (45) ആണ് രക്ഷപ്പെട്ട യാത്രക്കാരൻ. ഇദ്ദേഹം എമർജൻസി എക്സിറ്റ് വാതിലിന് സമീപമുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. രക്ഷപ്പെട്ടതിന് കാരണവും അതുതന്നെയവാം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News