July 12, 2025 4:29 pm

രാഷ്ടീയ പ്രതിസന്ധിയിൽ കോൺഗ്രസ്; മോദിയെ വാഴ്ത്തി വീണ്ടും തരൂർ

ലണ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിൻ്റെ ഭരണമികവിനെയും വീണ്ടും പുകഴ്ത്തി കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഡോ.ശശി തരൂർ പ്രസംഗിച്ചതോടെ കോൺഗ്രസ് ദേശീയ നേതൃത്വം ധർമസങ്കടത്തിലായി. അദ്ദേഹത്തെ തള്ളാനും കൊള്ളാനും പററാത്ത സാഹചര്യത്തിലാണ് പാർടി അകപ്പെട്ടിരിക്കുന്നത്.

‘2047 ലെ ഇന്ത്യ’ എന്ന വിഷയത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് ശശി തരൂര്‍, ബിജെപി സര്‍ക്കാരിനെ പ്രശംസിച്ചത്. കോണ്‍ഗ്രസിൻ്റെ ഇടതുപക്ഷാനുകൂല നയസമീപനങ്ങളില്‍ നിന്ന് രാജ്യം മാറി. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കുമുള്ള ഈ മാറ്റം ഗുണകരമെന്നും അദ്ദേഹംപറഞ്ഞു. ശുഭകരമായ മാറ്റങ്ങള്‍, മോദിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് സംഭവിക്കുന്നതെന്നും തരൂര്‍ വിശദീകരിച്ചു.

രാജ്യത്തിൻ്റെ അടിസ്ഥാന നയങ്ങളിൽ, 78 വര്‍ഷത്തിനിടെ വന്ന വ്യത്യാസങ്ങൾ വിദേശ നയത്തിലും രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നു. ശക്തമായ ദേശീയതയാണ് ബിജെപി സര്‍ക്കാരിന് കീഴില്‍ കാണാനാവുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. അതിൻ്റെ നേട്ടങ്ങള്‍ കാണാനുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ടുപോയിയെന്നും തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ, ‘കരിസ്മാറ്റിക് ലീഡര്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരാഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പ്രവൃത്തികൾ അക്കമിട്ട് നിരത്തി ലേഖനമെഴുതി വിവാദം സൃഷ്ടിച്ച ശശി തരൂർ, കോൺഗ്രസ്സിന് വീണ്ടും തലവേദനയാവുകയാണ്.

2015-ൽ, ലണ്ടണിലെ ഓക്സ്ഫോർഡ് യൂണിയനിൽ നടത്തിയ പ്രസംഗത്തിലും ശശി തരൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയിരുന്നു. ഈ പ്രസംഗത്തിൽ, ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയ്ക്ക് സംഭവിച്ച സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും തരൂർ ശക്തമായി വാദിച്ചിരുന്നു. ഇന്ത്യക്ക് നഷ്ടപരിഹാരം നൽകണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ആവശ്യം.

ഈ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു, ഇന്ത്യയിൽ ഉടനീളം ഇത് ചർച്ചയായി. അന്ന് നരേന്ദ്ര മോദി, ഈ പ്രസംഗത്തെ അഭിനന്ദിച്ചു. ഇത് ഇന്ത്യയുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് പറയുകയും ചെയ്തു.

അടുത്തിടെ, വേറെയും ചില വേദികളിൽ ശശി തരൂർ, മോദിയെയും അദ്ദേഹത്തിൻ്റെ ചില നയങ്ങളെയും പ്രശംസിച്ചിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചു. ഈ പ്രശംസകൾ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ നിലപാടാണോ അതോ ഒരു രാഷ്ട്രീയ നീക്കമാണോ എന്ന് പലരും സംശയിക്കുന്നുണ്ട്.

ബി ജെ പിയിലേക്ക് പോകാനാണ് അദ്ദേഹത്തിൻ്റെ ശ്രമമെന്നും വ്യാഖ്യാനങ്ങളുണ്ട്. എന്നാൽ താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കും എന്ന നിലപാടിലാണ് അദ്ദേഹം. കോൺഗ്രസാകട്ടെ, പുറത്താക്കി ഒരു’രക്തസാക്ഷി’ പരിവേഷം കൊടുക്കാനും തയാറല്ല. പോകുന്നെങ്കിൽ, പോകട്ടെ എന്ന തന്ത്രം സ്വീകരിക്കുകയാണ് അവർ. അതല്ലാതെ കോൺഗ്രസ്സിനു മുന്നിൽ വെറെ വഴികളുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News