ലണ്ടൻ: അർബുദ സാധ്യത കുറയ്ക്കാൻ ജിംനേഷ്യത്തിൽ കഠിനമായ വ്യായാമം ചെയ്യേണ്ടതില്ല എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ദിവസേന 7,000 ചുവട് നടക്കുന്നത് പോലും 13 തരം അർബുദങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല നടത്തിയ പുതിയ ഗവേഷണം വ്യക്തമാക്കുന്നുണ്ട്.
യു.കെ. ബയോബാങ്ക് പദ്ധതിയുടെ ഭാഗമായി 85,000 പേരെ ആറു വർഷത്തോളം നിരീക്ഷിച്ചാണ് ഈ കണ്ടെത്തൽ. പങ്കെടുത്തവർ വെയറബിൾ ട്രാക്കറുകൾ ഉപയോഗിച്ച് ദിവസേന എത്ര ചുവട് നടക്കുന്നു എന്നത് രേഖപ്പെടുത്തി. 7,000 പടികൾ ദിവസേന നടന്നവർക്ക് രോഗ സാധ്യത 11 ശതമാനം കുറവായിരുന്നു. 9,000 പടികൾ നടന്നവർക്ക് 16 ശതമാനവും കുറവ് രേഖപ്പെടുത്തി.
തൊണ്ട, കരൾ, ശ്വാസകോശം, വൃക്ക, വയറ്, ഗർഭാശയം, മൈലോയിഡ് ല്യൂകീമിയ, മൈലോമ, കൊളോൺ, തല, താടി മൂത്രാശയം എന്നിവയായിരുന്നു പഠനത്തിൽ ഉൾപ്പെടുത്തിയ അർബുദങ്ങൾ.
പടികളുടെ വേഗതയെക്കാൾ എണ്ണം കൂടുതൽ പ്രധാനമാണെന്ന് പഠനം വ്യക്തമാക്കുന്നു. അതായത്, പതുക്കെ നടന്നാലും കൂടുതൽ പടികൾ നടക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കൂടാതെ, വീട്ടുപണികൾ പോലുള്ള ലഘുവായ ശാരീരിക പ്രവർത്തനങ്ങളും രോഗ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
“ദിവസേന കുറച്ച് ചലനം പോലും ആരോഗ്യത്തിന് ഗുണകരമാണ്. ജിമ്മിൽ പോകാൻ കഴിയാത്തവർക്കും ഈ കണ്ടെത്തൽ വലിയ ആശ്വാസമാണ്.”- പഠനത്തിന് നേതൃത്വം നൽകിയ സംഘത്തിലെ പ്രധാന ശാസ്ത്രജ്ഞനായ പ്രൊഫസർ എയ്ഡൻ ഡോഹർട്ടി ചൂണ്ടിക്കാട്ടൂന്നു.
ഇത് വരെ കഠിനമായ വ്യായാമം മാത്രമാണ് അർബുദ സാധ്യത കുറയ്ക്കുന്നതായി കരുതിയിരുന്നത്. എന്നാൽ ഈ പഠനം പ്രകാരം, പതിവായി നടക്കുന്നത് പോലും പ്രതിരോധത്തിന് കരുത്ത് നൽകും.
ഇതിനായി ലിഫ്റ്റ് ഒഴിവാക്കി പടികൾ ഉപയോഗിക്കുക, ഫോൺ വിളിക്കുമ്പോൾ നടക്കുക, ഓഫീസ് ഇടവേളകളിൽ ചെറിയ ദൂരം നടക്കുക തുടങ്ങിയവ പരീക്ഷിക്കാമെന്നും വിദഗ്ധർ പറയുന്നു.
ചെറു വ്യായാമം ശരീരത്തിലെ എസ്ട്രജൻ, ഇൻസുലിൻ പോലുള്ള ഹോർമോണുകളുടെ അളവ് കുറയ്ക്കുന്നുണ്ട്. ഇവ കൂടുതലായാൽ ബ്രെസ്റ്റ്, കൊളോൺ അർബുദങ്ങൾക്ക് സാധ്യത കൂട്ടും.
പ്രതിരോധവ്യവസ്ഥയുടെ മെച്ചപ്പെടുത്തും.ഇത് അസാധാരണമായ കോശങ്ങളെ നേരത്തെയായി കണ്ടുപിടിച്ച് നശിപ്പിക്കാൻ സഹായിക്കുന്നു.
അമിതവണ്ണ നിയന്ത്രണത്തിന് നടപ്പ് സഹായകരമാണ്.ശരീരഭാരം നന്നായി നിയന്ത്രിക്കപ്പെടുന്നത് രോഗം വരുന്നത് തടയാൻ കഴിയും>
വയറ്റിലൂടെയുള്ള ആഹാരസംസ്‌ക്കരണം വേഗത്തിലാവും. നടപ്പിലൂടെ ആഹാരം വേഗത്തിൽ ദഹിക്കുന്നു.
അലസമായ ജീവിതശൈലി കുറയ്ക്കുന്നു എന്നതാണ് വേറൊരു ഗുണം.ശരീരത്തിലുണ്ടാവുന്ന ചെറുചലനങ്ങൾ രോഗബാധയ്ക്കുള്ള സാധ്യതകൾ കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.