കൊച്ചി : മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ താൻ തന്നെ യോഗ്യൻ എന്ന് പ്രചാരണം നടത്തുന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂരിനെ പരിഹസിച്ച് ഐക്യരാഷ്ട സഭയിൽ സീനിയർ ഉപദേഷ്ടാവായിരുന്ന പ്രമോദ് കുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
അതിൽ പറയുന്നത് ഇങ്ങനെ:
ഊരും പേരും ഇല്ലാത്ത ഏതോ ഒരു “കമ്പനി” ഒരഭിപ്രായ സർവ്വേ നടത്തുന്നു, അതിൽ കോൺഗ്രസ്സുകാർക്ക് വേണ്ടാത്ത, കോൺഗ്രസ്സിനെ പൊളിക്കാനും അതിന്റെ പ്രമുഖ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനും നടക്കുന്ന ബിജെപി സർക്കാരിന് വേണ്ടി (അവസരം കിട്ടുമ്പോൾ കേരളത്തിൽ ഇത് തന്നെ ചെയ്യുന്ന മാർക്സിസ്റ്റുകൾക്കു വേണ്ടിയും) പി ആർ വർക്ക് ചെയ്യുന്ന തരൂർ ആണ് കോൺഗ്രസ്സിന്റെ ഏറ്റവും നല്ല മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് കാച്ചുകയും ചെയ്യുന്നു.
ഇത് മാധ്യമങ്ങളെല്ലാം വാർത്തയാക്കുന്നു. തരൂർ അതെടുത്തു വച്ച് ട്വീറ്റും ചെയ്യുന്നു. കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയാകാൻ ഞാനാണ് ഏറ്റവും യോഗ്യൻ! ഇയാളിത്രയും നിലവാരം കുറഞ്ഞ, നാണവും മാനവുമില്ലാത്ത ഒരാളായി പോയല്ലോ. ഒന്നുമല്ലെങ്കിലും “വിശ്വപൗരന”ല്ലേ.
ഈ സർവ്വേ എങ്ങനെ നടത്തി, എന്തായിരുന്നു അതിന്റെ രീതിശാസ്ത്രം എന്നൊക്കെ ഒരു മീഡിയക്കാരും ചോദിച്ചില്ല. ആ കമ്പനിയുടെ വെബ്‌സൈറ്റിൽ കയറി നോക്കി. അവരുടെ ടീം ആരെന്നു നോക്കിയപ്പോൾ – ഒരേ ഒരാളിൻ്റെ പേരും പടവും മാത്രം. അയാളുടെ ബാക്ക്ഗ്രൗണ്ട് ഇതുമായി ഒരു ബന്ധവുമില്ല
. രീതിശാസ്ത്രം നോക്കിയപ്പോൾ, ആളുകളുടെ ഇമോഷൻസ് കണ്ടു പിടിക്കുമത്രേ, അതു വച്ച് കാര്യങ്ങൾ കണ്ടു പിടിക്കും. സർവ്വേ പരിപാടി വല്ലതും ഉണ്ടോ എന്ന് നോക്കിയപ്പോൾ ഫോൺ സർവ്വേ, AI-സർവ്വേ അങ്ങനെ എന്തോ ഒക്കെ.
ഇനി എന്തൊക്കെ ടെക്നോളജി ഉപയോഗിച്ചാലും തെരഞ്ഞെടു പ്രവചനങ്ങൾക്കു സാമ്പിൾ സർവ്വേ കൂടിയേ തീരൂ. അത്തരം സർവ്വേകളുടെ പരമ്പരാഗതമായ അടിസ്ഥാന രീതിശാസ്ത്രം ഒരിക്കലും മറക്കാനാവില്ല. അത് എല്ലാ വോട്ടർമാർക്കും ഒരു പോലെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു സാമ്പിൾ ഉപയോഗിച്ച് സർവ്വേ നടത്തുക എന്നതാണ്.
ഫോണിൽ വിളിച്ചു ചോദിച്ചാലോ, ഓൺലൈൻ സർവ്വേ നടത്തിയാലോ, ഫോക്കസ് ഗ്രൂപ് ഡിസ്കഷൻസ് നടത്തിയാലോ ഒന്നും അതിന് സമമാകുന്നില്ല. ഏറ്റവും അടിസ്ഥാനം സാംപ്ലിങ് ഫ്രെയിം അല്ലെങ്കിൽ സാമ്പിൾ ആണ്. (അവരുടെ വെബ്‌സൈറ്റിൽ “ഫോക്കസ്സ്ഡ്” ഗ്രൂപ്പ് ഡിസ്കഷൻസ് എന്നാണെഴുതി വച്ചിരിക്കുന്നത്. സാങ്കേതിക പദം “ഫോക്കസ് ഗ്രൂപ്” ആണ്).
ഇതരാവാം ഇങ്ങനെ ഏതോ ഒരു കമ്പനിയെക്കൊണ്ട് ചുളുവിൽ സർവ്വേ നടത്തിയിരിക്കുക? കഷ്ടം എന്റെ തരൂരെ. പറയാതിരിക്കാൻ വയ്യ.
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ അപ്പ്രോച്ച് ആണ് കറക്ട്. അയാളെ കണ്ടില്ലെന്നു നടിക്കുക. രാഹുൽ ഗാന്ധിയും അതു തന്നെ ചെയ്യും. ആ ഏരിയയിലൊന്നും അദ്ദേഹം അടുപ്പിക്കുമെന്ന് തോന്നുന്നില്ല.
ഇക്കണ്ട പരിപാടിയൊക്കെ ചെയ്തിട്ട് ഇനിയും താൻ കോൺഗ്രസുകാരൻ ആണെന്ന് പറഞ്ഞു നടക്കുന്നത് ആ തിരുതയുടെ പരിപാടി ആണ്. ബെസ്റ്റ് പരിപാടി ഇംഗ്ളീഷും പറഞ്ഞു നടക്കുക തന്നെ.