വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള ആക്രമണം നേരിടുന്ന യുക്രൈനിലേക്കുള്ള ആയുധ വിതരണം നിർത്തിവെക്കാൻ കഴിഞ്ഞ ആഴ്ച അമേരിക്കയിലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടത് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിഞ്ഞില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഈ തീരുമാനം പ്രസിഡണ്ടിൻ്റെ ഓഫീസായ വൈറ്റ് ഹൗസിനെ ഞെട്ടിക്കുകയും സർക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ കോൺഗ്രസിനും യുക്രൈൻ സർക്കാരിനും ഈ വിഷയത്തിൽ വിശദീകരണം നൽകാൻ വൈറ്റ് ഹൗസ് വൃത്തങ്ങൾ പാടുപെടുകയാണിപ്പോൾ.
യുക്രൈന് ലഭിക്കുന്ന ആയുധ സഹായം നിർണായകമാണ്. ഈ സാഹചര്യത്തിൽ ആയുധ വിതരണം നിർത്തിവെച്ചതായുള്ള പ്രതിരോധ സെക്രട്ടറിയുടെ ഏകപക്ഷീയമായ തീരുമാനം യുക്രൈൻ സർക്കാരിനെ ആശങ്കയിലാഴ്ത്തി.പെൻ്റഗണിലും വൈറ്റ് ഹൗസിലും ഈ വിഷയത്തിൽ ഏകോപനമില്ലായ്മയുണ്ട് എന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
11 വിമാനങ്ങൾ യുക്രൈനിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളുമായി പുറപ്പെടാൻ ഒരുങ്ങവേയാണ് ഈ ഉത്തരവ് ലഭിച്ചത്. ഈ നടപടി മൂലം ഏകദേശം 2.2 ദശലക്ഷം ഡോളർ നഷ്ടമുണ്ടായതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആയുധ സഹായം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡൻ്റുമായി ഹെഗ്സെത്ത് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ആയുധക്കയററുമതി നിർത്തിവെക്കാൻ നേരിട്ടുള്ള നിർദേശം നൽകിയിരുന്നില്ലത്രെ.എന്നിരുന്നാലും, ഹെഗ്സെത്ത് തൻ്റെ ഓഫീസിൽ നിന്ന് വാക്കാലുള്ള ഉത്തരവ് നൽകുകയായിരുന്നു.
പ്രസിഡൻ്റിൻ്റെ നയങ്ങൾക്ക് അനുസൃതമായിട്ടാണ് താൻ പ്രവർത്തിച്ചതെന്ന് ഹെഗ്സെത്ത് പിന്നീട് വിശദീകരണം നൽകി. എന്നാൽ വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഈ തീരുമാനം അറിഞ്ഞിരുന്നില്ല എന്നത് വലിയ ചോദ്യചിഹ്നമായി തുടരുന്നു.
ഈ വിഷയത്തിൽ ഹെഗ്സെത്തിനോട് കോൺഗ്രസ് വിശദീകരണം തേടുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയുടെ വിദേശനയത്തിലും യുക്രൈനുമായുള്ള ബന്ധത്തിലും ഈ സംഭവം എന്ത് സ്വാധീനം ചെലുത്തും എന്നതിനെക്കുറിച്ച് നിരീക്ഷകർ ഉറ്റുനോക്കുന്നു.