കംമ്പാല : ഉഗാണ്ടയിൽ 12 ഭാര്യമാരിൽ 102 കുട്ടികളുള്ള, 70 വയസ്സുകാരനായ മൂസ ഹസാഹ്യ കസേര, ഇനി കൂടുതൽ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചു.
കിഴക്കൻ ഉഗാണ്ടയിലെ മുക്കിസ ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. മൂസയ്ക്ക് 10 വയസ്സു മുതൽ 50 വയസ്സു വരെ പ്രായമുള്ള 102 കുട്ടികളും 578 പേരക്കുട്ടികളുമുണ്ട്..ഭൂമിയിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള വ്യക്തി എന്ന നിലയിൽ പ്രസിദ്ധനാണ് അദ്ദേഹം.
മൂസയുടെ ഭാര്യമാർ
മൂസ 17-ാം വയസ്സിൽ, 1972-ലാണ് ആദ്യ വിവാഹം കഴിച്ചത്.ഇത്രയും വലിയ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുന്നുണ്ട് എന്ന് അദ്ദേഹം സമ്മതിക്കുന്നു. ഭക്ഷണം, വിദ്യാഭ്യാസം, വസ്ത്രം എന്നിവ നൽകുന്നത് വലിയ സാമ്പത്തിക ഭാരമാണ്. ഈ കാരണം കൊണ്ട് തന്നെ രണ്ട് ഭാര്യമാർ ഉപേക്ഷിച്ചു പോയി.
മൂസയുടെ കുടുംബം
മിക്ക കുട്ടികളുടെയും പേരുകൾ ഓർക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ആദ്യത്തെയും അവസാനത്തെയും കുട്ടികളുടെ പേരുകൾ മാത്രമാണ് ഓർമ്മയുള്ളത്. ഭാര്യമാരാണ് പലപ്പോഴും കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്നത്.
ഉഗാണ്ടയിൽ ബഹുഭാര്യത്വം നിയമപരമാണ്. മതപരവും പരമ്പരാഗതവുമായ ആചാരങ്ങൾ അനുസരിച്ച് പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കാം. എന്നാൽ, 1995-ൽ ഉഗാണ്ടയിൽ ശൈശവ വിവാഹം നിരോധിച്ചിരുന്നു.
കുടുംബം വികസിപ്പിക്കുന്നത് നിർത്തിയിരിക്കുകയാണ് മൂസ. ഭാര്യമാർ ഇപ്പോൾ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. “തുടക്കത്തിൽ ഇത് ഒരു തമാശയായിരുന്നു… എന്നാൽ ഇപ്പോൾ ഇതിന് അതിൻ്റേതായ പ്രശ്നങ്ങളുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ മാസവും കുടുംബയോഗങ്ങൾ നടത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മകനായ ഷാബാൻ മാഗിനോ കുടുംബ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നുണ്ട്. പ്രൈമറി സ്കൂൾ അദ്ധ്യാപകനാണ് ഷാബാൻ മാഗിനോ.
മൂസയുടെ വീടുകൾ – ഒരു ആകാശവീക്ഷണം.
ഒരുകാലത്ത് മൂസ കന്നുകാലി വ്യാപാരിയും കശാപ്പുകാരനും ആയിരുന്നു. ഈ ജോലികൾ അദ്ദേഹത്തിന് ഗ്രാമത്തിൽ ഉയർന്ന സാമൂഹിക പദവി നേടിക്കൊടുത്തു. കൂടുതൽ ഭാര്യമാരെ ലഭിക്കാൻ സഹായിക്കുകയും ചെയ്തുവത്രെ.
എന്നാൽ, ഇപ്പോൾ കൃത്യമായ ഒരു ജോലിയോ വരുമാനമോ ഇല്ല. തൊഴിൽരഹിതനാണെന്ന് പറയാം. അദ്ദേഹത്തിന് സ്വന്തമായി കുറഞ്ഞത് രണ്ട് ഏക്കർ കൃഷിഭൂമി ഉണ്ടായിരുന്നു, എന്നാൽ ഇത്രയും വലിയ കുടുംബത്തെ പോറ്റാനും വീടുകൾ വെക്കാനുമായി ആ ഭൂമി പ്രയോജനപ്പെടുത്തി. ഇനി ഭൂമിയില്ല.
കുടുംബത്തിലെ മുതിർന്ന കുട്ടികളും ഭാര്യമാരും അയൽവാസികളുടെ വീടുകളിൽ കൂലിപ്പണിക്ക് പോവുക, വിറക് ശേഖരിക്കുക, വെള്ളം കൊണ്ടുവരിക, പായ നെയ്യുക തുടങ്ങിയ ചെറിയ ജോലികൾ ചെയ്താണ് വരുമാനം കണ്ടെത്തുന്നത്.
മൂസയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നോ എന്ന് തന്നെ സംശയം. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ മക്കളിൽ ചിലർക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. മൂസ ഹസാഹ്യ കസേരക്ക്, മിക്ക മക്കളുടെയും പേരുകൾ ഓർമ്മയില്ലെന്നും, അവ രേഖപ്പെടുത്താൻ രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കിഴക്കൻ ആഫ്രിക്കയിലുള്ള രാജ്യമാണ് മൂസയുടെ ഉഗാണ്ട.ഇതിന് കടൽത്തീരമില്ല.ആഫ്രിക്കൻ ഗ്രേറ്റ് ലേക്ക്സ് മേഖലയുടെ ഹൃദയഭാഗത്താണ് ഉഗാണ്ട സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ ലേക്ക് വിക്ടോറിയയുടെ ഒരു വലിയ ഭാഗം ഉഗാണ്ടയുടെ തെക്കൻ അതിർത്തിയിലുണ്ട്.
ഉഗാണ്ട ഒരു പ്രസിഡൻഷ്യൽ റിപ്പബ്ലിക് ആണ്.പ്രസിഡണ്ടാണ് രാഷ്ട്രത്തലവൻ.നിലവിലെ പ്രസിഡണ്ട് യൊവേരി കഗൂട്ട മുസേവേനി ആണ്. 1986 മുതൽ അദ്ദേഹം ഈ സ്ഥാനത്തുണ്ട്. ഉഗാണ്ടയുടെ ഏകദേശ ജനസംഖ്യ 53,692,180 ആണ്.2025-ൽ ഉഗാണ്ടയുടെ മൊത്തം ജനസംഖ്യ ഏകദേശം 51.28 ദശലക്ഷം ആയിരിക്കുമെന്നും ചില കണക്കുകൾ സൂചിപ്പിക്കുന്നു. ഉഗാണ്ട ലോകത്തിലെ ഏറ്റവും വേഗത്തിൽ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ്. മൂസ, ഇനി കുട്ടികളെ വേണ്ടെന്ന് വെച്ചതും ഇതുകൊണ്ടു കൂടിയാവാം.