ഭുവനേശ്വര്‍: ഒഡീഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു.10 ലേറെ പേര്‍ക്ക് പരിക്കേററു.
പുലര്‍ച്ചെ നാലരയോടെയായിരുന്നു ദുരന്തം.ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്ററിന് അപ്പുറം ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമാണ് സംഭവം.
രഥയാത്രയുടെ ഭാഗമായി ജഗന്നാഥ, ബലഭദ്ര, സുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള മൂന്ന് രഥങ്ങള്‍ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമാണ് ഒരുമിച്ച് വന്ന സമയത്താണ് ഭക്തരുടെ അനിയന്ത്രിതമായ തിരക്കും ഉണ്ടായത്. രഥങ്ങള്‍ എത്തിയതോടെ നൂറുകണക്കിന് ഭക്തര്‍ പ്രാര്‍ത്ഥിക്കാനാനെത്തിയിരുന്നു.
ദര്‍ശനത്തിനായി ജനക്കൂട്ടം തിരക്കുകൂട്ടിയതോടെ, സ്ഥിതി നിയന്ത്രണാതീതമായി. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പ്രഭാതി ദാസ്, ബസന്തി സാഹു എന്നീ സ്ത്രീകളും 70 വയസ്സുള്ള പ്രേമകാന്ത് മൊഹന്തിയുമാണ് മരിച്ചത്.
മൂവരും ഖുര്‍ദ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. രഥയാത്ര കാണാനായി പുരിയില്‍ എത്തിയവരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രഥയാത്ര കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.