ന്യൂഡൽഹി : കേണൽ സോഫിയ ഖുറേഷിക്കെതിരെ മതത്തിൻ്റെ പേരിൽ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശിലെ ബി ജെ പി നേതാവും മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷായ്ക്ക് എതിരെ കേസെടുക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു.
പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച മൂന്ന് സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സോഫിയ ഖുറേഷി.
മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി,അധിക്ഷേപ പരാമര്‍ശത്തിന് ശേഷം നടത്തിയ ഖേദ പ്രകടനം മുതലക്കണ്ണീരാണോ എന്നു സംശയം പ്രകടിപ്പിച്ചു.
വിജയ് ഷായ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കാനും
ഉത്തരവിട്ടു.
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ കേസെടുക്കാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിജയ് ഷാ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.
ചൊവ്വാഴ്ച രാവിലെ പത്തിന് മുന്‍പ് മൂന്ന് ഐപിഎസ് ഓഫീസര്‍മാരടങ്ങുന്ന സംഘം രൂപീകരിക്കണം. ഇതില്‍ ഒരംഗം വനിതയാകണം എന്നും കോടതി നിര്‍ദേശിച്ചു.
‘നിങ്ങളുടെ പ്രസ്താവന മുഴുവന്‍ രാജ്യത്തിനും നാണക്കേടുണ്ടാക്കി, അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുന്‍പ് അതിന്റെ വരുംവരായ്കകള്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രസ്താവന നടത്തിയ ശേഷം നിങ്ങള്‍ നടത്തിയ ക്ഷമാപണം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള മുതലക്കണ്ണീരാണോ ? കോടതി ചോദിച്ചു.
മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ കോടതി കണ്ടിരുന്നു. ഒരു ജന പ്രതിനിധി എന്ന നിലയില്‍ ഒരോ വാക്കുകള്‍ ഉപയോഗിക്കുമ്പോഴും വിവേകത്തോടെ പ്രവര്‍ത്തിക്കണം’ കോടതി മുന്നറിയിപ്പ് നല്‍കി.
ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് മധ്യപ്രദേശ് ആദിവാസിക്ഷേമ മന്ത്രിയായ ഷാ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ഭീകരര്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അവര്‍ക്ക് മറുപടി നല്‍കാന്‍ മോദി അവരുടെ സ്വന്തം സഹോദരിയെ തന്നെ അയച്ചു. അവര്‍ ഹിന്ദുക്കളുടെ വസ്ത്രം നീക്കി പരിശോധിച്ചാണ് കൊലപ്പെടുത്തിയത്. മോദിജി അവരുടെ സഹോദരിയെ അയച്ച് അതേ നാണയത്തില്‍ തിരിച്ചടിച്ചു. നിങ്ങള്‍ ഞങ്ങളുടെ സ്ത്രീകളെ വിധവകളാക്കിയാല്‍ ഞങ്ങള്‍ നിങ്ങളുടെ സ്ത്രീകളെ അയച്ച് തിരിച്ചടിക്കുമെന്ന സന്ദേശമാണ് നല്‍കിയത്’ എന്നായിരുന്നു ഷായുടെ പരാമര്‍ശം.
പരാമര്‍ശം വിവാദമായതോട മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ വിജയ് ഷായ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വിജയ് ഷായ്ക്കെതിരെ നാല് മണിക്കൂറിനുള്ളില്‍ കേസെടുക്കണമെന്നായിരുന്നു പൊലീസിന് മധ്യപ്രദേശ് ഹൈക്കോടതി കര്‍ശന നിര്‍ദേശം. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം, വിംഗ് കമാൻഡർ വ്യോമിക സിങ്ങിനൊപ്പം ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള മാധ്യമ സമ്മേളനങ്ങളിലൂടെ കേണൽ ഖുറേഷി രാജ്യവ്യാപകമായി അംഗീകാരം നേടിയിരുന്നു.
ബി ജെ പിയും മന്ത്രിയെ തള്ളിപ്പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, വിദ്വേഷ പരാർമർശത്തെ അപലപിച്ച് പ്രസ്താവനയിറക്കി.
മുതിർന്ന ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വി ഷായുടെ പരാമർശങ്ങളിൽ നിന്ന് അകലം പാലിച്ചു, അദ്ദേഹത്തെ “വിഡ്ഢി” എന്ന് വിശേഷിപ്പിച്ചു.
മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, സച്ചിൻ പൈലറ്റ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.”ബിജെപി-ആർഎസ്എസ് മനോഭാവം സ്ത്രീവിരുദ്ധമാണ് – എ സി സി സി പ്രസിഡണ്ട് ഖാർഗെ ആരോപിച്ചു.