ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ പ്രചരണം നടത്താൻ വിദേശത്തേയ്ക് പോകുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിൽ അംഗമാവാൻ അവസാന നിമിഷം കോൺഗ്രസ്സ് ശശി തരൂര്‍ എംപിക്ക് അനുമതി നൽകി. ഒരർഥത്തിൽ ഈ വിഷയത്തിൽ നിന്ന് തലയൂരുകയാണ് പാർടി ദേശീയ നേതൃത്വം. ബി ജെ പി ക്ക് ഇത് രാഷ്ടീയ നേട്ടവുമായി.
പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താൻ തരൂരിൻ്റെ പേര് കോൺഗ്രസ് നിർദേശിച്ചിരുന്നില്ല. എന്നിട്ടും കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത് കോൺഗ്രസ് നേതാക്കൾക്ക് സഹിക്കാനായില്ല. അക്കാര്യം അവർ തുറന്ന് പറയുകയും ചെയ്തെങ്കിലും തരൂർ വഴങ്ങിയില്ല. രാജ്യതാല്പര്യം ആണ് പ്രധാനം എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. രാഷ്ടം ഉണ്ടെങ്കിലേ, രാഷ്ടീയമുള്ളു എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പേരു നിര്‍ദേശിക്കാതിരിക്കേ കേന്ദ്ര സർക്കാർ തരൂരിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രാഷ്ടീയ കോലാഹലങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂര്‍ ഉള്‍പ്പെടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പാര്‍ട്ടി അനുമതി നല്‍കിയത്. അതേസമയം, വിദേശയാത്രയ്ക്ക് പോകാന്‍ പാര്‍ട്ടിയോട് അനുമതി തേടിയിരുന്നില്ലെന്ന് തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
വിദേശത്തേക്ക് പോകുന്ന പ്രതിനിധി സംഘത്തിന്റെ ഭാഗമാക്കാനുള്ള നാല് എംപിമാരുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് മേയ് പതിനാറിനാണ് സർക്കാർ തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തുടര്‍ന്ന്, അന്നേദിവസം ഉച്ചയ്ക്കുതന്നെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ രാഹുല്‍ നാല് എംപിമാരുടെ പേര് നല്‍കി.
എന്നാല്‍ 17-ാം തീയതി അര്‍ധരാത്രി, കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ ഒരു പേരുമാത്രം ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തുവിടുകയായിരുന്നു. ഇത്രയും സുപ്രധാനമായ ഒരു വിഷയത്തില്‍പോലും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
തരൂരും മനീഷ് തിവാരിയും ഉള്‍പ്പെടെയുള്ളവര്‍ അനുമതിയില്ലാതെ വിദേശത്തേക്ക് പോയിരുന്നെങ്കില്‍ അത് പാര്‍ട്ടി നടപടികൾക്ക് വഴിതെളിക്കുമായിരുന്നു. എന്നാല്‍, എഐസിസി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ അത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാണ്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ കോണ്‍ഗ്രസ് ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കി, രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പാര്‍ട്ടി ആരോപിക്കുന്നുമുണ്ട്. ബിജെപി മോശം രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സമ്മേളനം, പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍വകക്ഷി യോഗം എന്നീ ആവശ്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ശശി തരൂരിനെ പരോക്ഷമായി ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പ്രതിനിധികളുടെ പേരില്‍ മാറ്റമുണ്ടാവില്ലെന്നും, തങ്ങളോട് പേരുകള്‍ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണെന്നും ജയറാം രമേഷ് പറഞ്ഞു
‘കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഞങ്ങളോട് നാല് പേരുകള്‍ ആവശ്യപ്പെട്ടിരുന്നു, ഞങ്ങള്‍ നാല് പേരുകള്‍ നല്‍കിയിരുന്നു, പ്രതിനിധി സംഘത്തില്‍ ആ നാല് പേരുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന് എനിക്ക് പറയാനാവില്ല, കോണ്‍ഗ്രസ് അതിൻ്റെ കടമ നിര്‍വഹിച്ചു. സര്‍ക്കാര്‍ സത്യസന്ധമായി പേരുകള്‍ ചോദിക്കുന്നുണ്ടെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ പേരുകള്‍ നല്‍കിയത്’. ജയറാം രമേശ് പറഞ്ഞു.
സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ മാറിനില്‍ക്കാനാകില്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.
ഏഴു സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതില്‍ ഒന്നിനെ നയിക്കാന്‍ ശശി തരൂരിനെ ചുമതലപ്പെടുത്തി. യുകെ,യുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ നിന്ന് ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, ജോണ്‍ ബ്രിട്ടാസ് എന്നീ എംപിമാരും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗള്‍ഫിലേക്കും 3 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്.