ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഇസ്താംബുള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ജെലെബി ഏവിയേഷന്‍ ഹോള്‍ഡിങ്’ കമ്പനിക്ക് വിമാനത്താവളങ്ങളില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
പാകിസ്താന് പിന്തുണ നല്‍കുന്ന രാജ്യമായ തുർക്കി, അവർക്ക് ഡ്രോണുകൾ നൽകി സഹായിച്ചിരുന്നു. അത് ഉപയോഗിക്കുന്നതിന് പരിശീലനം നൽകാൻ സൈനിക ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു. ഇതിൽ രണ്ടു പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട്.
തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയാണ് ‘ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസ്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിലക്കേര്‍പ്പെടുത്തി.അവരുടെ സെക്യൂരിറ്റി ക്ലിയറന്‍സാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.
ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് ബ്യൂറോ ഓഫ് സിവിയല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജോയിന്റ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) സുനില്‍ യാദവ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസ്.
മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷന്‍സും തുർക്കി കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ജനറല്‍ ഏവിയേഷന്‍ സര്‍വീസ്, പാസഞ്ചര്‍ സര്‍വീസ്, കാര്‍ഗോ, പോസ്റ്റല്‍ സര്‍വീസ്, വെയര്‍ഹൗസ് ആന്‍ഡ് ബ്രിഡ്ജ് ഓപ്പറേഷന്‍ തുടങ്ങിയ ഗ്രൗണ്ട് ഓപ്പറേഷന്‍സുകളെല്ലാം കമ്പനി നടത്തുന്നുണ്ട്.
പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ തുർക്കിക്കും അസർബൈജാനുമെതിരെ കടുത്ത നടപടിയിലേക്കാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്.
ഇരു രാജ്യങ്ങൾക്കും ടൂറിസം രംഗത്ത് വലിയ പ്രതിസന്ധിയാണ് ഇതിലൂടെ ഉണ്ടാകും എന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ് ഇന്ത്യാക്കാർ.
ഇന്ത്യയിൽ നിന്ന് ഹണിമൂൺ, ഗ്രൂപ്പ് ടൂർ പാക്കേജുകൾ അടക്കമുള്ളവയിൽ ബുക്കിംഗ് 60 ശതമാനവും റദ്ദായെന്ന് യാത്രാ വെബ്സൈറ്റായ മേക്ക് മൈ ട്രിപ്പ് അറിയിച്ചു.
മേക്ക് മൈ ട്രിപ്പ്, ഈസ് മൈ ട്രിപ്പ് അടക്കം ട്രാവൽ വെബ്സൈറ്റുകളിൽ തുർക്കിയിലെ ഇസ്താംബുളിലേക്കോ അസർബൈജാനിലെ ബാക്കുവിലേക്കോ ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ മുന്നറിയിപ്പ് സന്ദേശം വരുന്നുണ്ട്.ഇവിടേക്ക് അത്യാവശ്യമല്ലെങ്കിൽ യാത്ര ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്നാണ് സന്ദേശം.
കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷവും പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ രാജ്യങ്ങളാണ് തുർക്കിയും അസർബൈജാനും എന്ന് ഓർമ്മിപ്പിക്കുകയാണ് ട്രാവൽ ഏജൻസികൾ.
മേക്ക് മൈ ട്രിപ്പ് പോലുള്ള വെബ്സൈറ്റുകളാകട്ടെ ഹോം പേജിൽ തന്നെ തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു. വെക്കേഷൻ കാലമായ ഇപ്പോൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര നിശ്ചയിച്ച 60 ശതമാനം പേരും ഇത് റദ്ദാക്കി എന്നാണ് യാത്രാ വെബ്സൈറ്റുകളുടെ കണക്ക്.
വിമാനനിരക്കുകളിലും കുത്തനെ കുറവ് വന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ട് ദിവസം മുൻപ് വരെ ഇസ്താംബൂളിലേക്കും ബാക്കുവിലേക്കും യാത്ര ചെയ്യാൻ ടിക്കറ്റ് ഒന്നിന് ഒന്നര ലക്ഷം മുതൽ അറുപതിനായിരം രൂപ വരെയായിരുന്നു നിരക്ക്. ഇപ്പോഴത് 25000 രൂപ വരെയായി.
ഇന്ത്യയിൽ നിന്നുള്ള തുർക്കിഷ് എയർലൈൻസിന്‍റെ പല വിമാനസർവീസുകളും ആളില്ലാത്തത് കൊണ്ട് റദ്ദാക്കിയിട്ടുണ്ട്. അടുത്ത മാസം ചില ദിവസങ്ങളിൽ ഇസ്താംബുളിലേക്ക് ഫ്ലൈറ്റുകളേ ഇല്ല.
തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്രകൾ റദ്ദാക്കിയെങ്കിൽ താരതമ്യേന ചിലവ് കുറഞ്ഞ ജോർജിയയിലേക്കും മൊറോക്കോയിലേക്കും യാത്ര പോകാനുള്ള ഓഫറുകളും യാത്രാ വെബ്സൈറ്റുകൾ നൽകുന്നുണ്ട്