‘ഭീകരരുടെ സഹോദരി’: ബി ജെ പി മന്ത്രിയെ പൊരിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: മധ്യപ്രദേശിൽ മോഹൻ യാദവ് നയിക്കുന്ന ബി ജെ പി മന്ത്രിസഭയിൽ അദിവാസി വകുപ്പ് മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് സൈന്യം നല്‍കിയ തിരിച്ചടി സംബന്ധിച്ച് മാധ്യമ സമ്മേളനത്തിൽ വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലാണ് സുപ്രീംകോടതി മന്ത്രിയെ കുടഞ്ഞത്.

തനിക്കെതിരായ നിയമനടപടികള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഷാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വിമര്‍ശനം.ഭരണഘടനാ പദവി വഹിക്കുന്നവര്‍ സംസാരത്തില്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വനിതാ ഉദ്യോഗസ്ഥരായ കേണല്‍ കേണല്‍ സോഫിയ ഖുറേഷിയെയും വിങ് കമാന്‍ഡര്‍ വ്യോമികാസിങ്ങിനെയുമാണ് സൈന്യം ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ സോഫിയയുടെ മതം സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ വിമർശനം.

ഇന്ദോറില്‍ നടന്ന പൊതുപരിപാടിയിക്കിടെ ആയിരുന്നു ഈ വിവാദപരാമര്‍ശം. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ വിശേഷിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

Madhya Pradesh HC orders case against minister Vijay Shah for remark on  Colonel Sofiya Qureshi

 

‘പഹല്‍ഗാമിലെ കൂട്ടക്കൊലയിലൂടെ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെതന്നെ സഹോദരിയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തകര്‍ത്തു. ആരാണോ നമ്മുടെ സഹോദരിമാരെ വിധവകളാക്കിയത്, അതേ സമൂഹത്തിലെ സഹോദരിമാരെ ഉപയോഗിച്ച് പാഠം പഠിപ്പിച്ചു,’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

വിവാദമായതോടെ മന്ത്രി വാക്കുകൾ മയപ്പെടുത്തി. ‘‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല. എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്’’– മന്ത്രി പിന്നീട് പറഞ്ഞു.

ബി ജെ പി കേന്ദ്ര നേതൃത്വവും തള്ളിയതോടെയാണ് മന്ത്രി സുപ്രിം കോടതിയെ സമീപിച്ചത്.മന്തിയുടെ രാജിയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.

സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു.ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി മോഹന്‍ യാദവ് ആണ് നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

നിശിതമായ ഭാഷയിലാണ് കോടതി ഷായെ വിമര്‍ശിച്ചത്. എന്തൊരുതരം അഭിപ്രായങ്ങളാണ് നിങ്ങള്‍ പറയുന്നത്? ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി എന്ത് ഭാഷയാണ് ഈ വിഷയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്? നിങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പ് പറയൂവെന്നും ഷായോട് ഗവായ് ആവശ്യപ്പെട്ടു.

രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടുന്നതല്ല എന്നും ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരായി നടപടിയെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും ഷാ സുപ്രീംകോടതിയെ അറിയിച്ചു.

ദുരുദ്ദേശത്തോടെയല്ല താന്‍ അത്തരം ഒരു പരാമര്‍ശം നടത്തിയതെന്നും മാധ്യമങ്ങളാണ് തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതെന്നും ഷായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. ഒരു ഘട്ടത്തില്‍, കേസ് മധ്യപ്രദേശ് ഹൈക്കോടതി തന്നെ കൈകാര്യം ചെയ്യട്ടെ എന്ന് ചീഫ്ജസ്റ്റിസ് നിര്‍ദേശിച്ചു.

എന്നാൽ കേസ് സുപ്രീംകോടതി തന്നെ കേള്‍ക്കണമെന്ന് ഷായുടെ അഭിഭാഷക ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തല്‍, കേസ് നാളെ പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

വിജയ് ഷായ്‌ക്കെതിരായ കേസ് റദ്ദാക്കരുത് എന്നാവശ്യപ്പെട്ട് അഭിഭാഷകരായ കപില്‍ സിബലും ഇന്ദിരാ ജയ്‌സിങും രാജ്യസഭാംഗമായ വിവേക് ടന്‍ഖയും ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News