ക്ഷത്രിയൻ .
ലോകത്ത് എന്തുണ്ടായാലും അതിൻറെ ക്രെഡിറ്റ് എടുക്കാനുള്ള ത്വരയുണ്ട് ഡോണൾഡ് ട്രംപിന്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തുമെന്ന് ആശാൻ ചാടിക്കയറി പറഞ്ഞതിൻ്റെ മനഃശാസ്ത്രവും അതാണ്.
ചിലർ അങ്ങനെയാണ്. എല്ലാം താനറിഞ്ഞാണ്, അല്ലെങ്കിൽ തനിക്കറിയാം എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കും. മറ്റുചിലരാകട്ടെ താനൊഴിച്ചുള്ളവരെയെല്ലാം ഉപദേശിച്ച് നേരെയാക്കാൻ നോക്കും. കടുത്ത ശത്രുക്കളെ വരെ ഉപദേശിക്കാൻ ലുബ്ധ് കാണിക്കാത്ത ഉപദേശശിരോമണികളുമുണ്ട്. ഇടത് മുന്നണി കൺവീനർ രാമകൃഷ്ണൻ സഖാവ് അക്കൂട്ടത്തിൽപ്പെട്ടതാണെന്ന് തോന്നുന്നു.
മുൻ കൺവീനർ ജയരാജനണ്ണനെപ്പോലെയോ മറുപുറത്ത് കൺവീനറായിരുന്ന ഹസ്സൻജിയെപ്പോലെയോ മാപ്രകളുമായി വലിയ കൂട്ടുകെട്ടൊന്നുമില്ല ഇടതിൻ്റെ പുതിയ കൺവീനർക്ക്. കാര്യമായൊന്നും പ്രതീക്ഷിക്കാനില്ലാത്തതിനാലാകാം ആശാൻ്റെ വായിലേക്ക് കുന്തം കുത്തിക്കയറ്റാൻ മാപ്രകൾ അധികം ശ്രമിക്കാറുമില്ല.
‘നിശബ്ദസേവക’ പട്ടികയിലാണ് സ്ഥാനമെങ്കിലും കെപിസിസി നേതൃമാറ്റം രാമകൃഷ്ണ സഖാവിനെ വാചാലനാക്കിയെന്നാണ് കാണുന്നത്. നേതൃമാറ്റം കോൺഗ്രസിൻറെ ജീർണതയുടെ തെളിവായാണ് മൂപ്പർക്ക് തോന്നിയിട്ടുള്ളത്. എന്തൊരു ജാഗ്രതയാണ് കോൺഗ്രസിൻ്റെ കാര്യത്തിൽ ഇടത് കൺവീനർക്ക്.
യുഡിഎഫ് പുതുതായി നിയമിച്ച കൺവീനർക്ക് പോലുമുണ്ടാകില്ല കോൺഗ്രസിനെക്കുറിച്ച് അത്രയും ജാഗ്രത. കോൺഗ്രസ് തകരരുത് എന്ന ആഗ്രഹത്തിൽനിന്നാണ് ഇടത് കൺവീനർ ആ പാർട്ടിയുടെ ജീർണതയെക്കുറിച്ച് വേവലാതിപ്പെടുന്നതെന്നാണ് പ്രസ്താവനയുടെ ആകെത്തുക.
ശത്രുപക്ഷത്തുള്ള കക്ഷി ജീർണിക്കുന്നതിൽ വേദനിക്കുന്ന മനസാണ് ഇടത് കൺവീനർക്കെങ്കിൽ അതിൽപ്പരം ലോലഹൃദയൻ കേരളത്തിൽ മറ്റാരുണ്ടാകാൻ.
കോൺഗ്രസ് ജീർണിക്കുന്നുവെങ്കിൽതന്നെ വാർഡ് സെക്രട്ടറി മുതൽ എഐസിസി സെക്രട്ടറിവരെ കേരളത്തിലുള്ള ഒരു കോൺഗ്രസുകാരനും ഇത്രയും വേവലാതിപ്പെട്ടെന്ന് വരില്ല. മുൻകാല അനുഭവങ്ങൾ വിലയിരുത്തിയാൽ നേതൃമാറ്റമുണ്ടാകുമ്പോഴൊക്കെ കോൺഗ്രസിൻ്റെ തകർച്ചയെന്ന് പരിതപിച്ചിരുന്നവർ കോൺഗ്രസുകാർ തന്നെ.
അക്കാര്യത്തിൽ സാദാ അംഗംതൊട്ട് പിസിസിയുടെ മുൻപ്രസിഡൻറുമാർ വരെ അഹമഹമികയാ പങ്കാളികളുമാകും. പാർട്ടി ജീർണിച്ചു, തകർന്നു, കുതികാൽവെട്ട് എന്നിങ്ങനെ നിഘണ്ടുവിലെ കുറേ വാക്കുകളും അവരുടെ വക അകമ്പടിയായി വരും.
ഇത്തവണ പക്ഷെ, കോൺഗ്രസിനകത്ത് നിന്ന് കാര്യമായ എതിർവചനങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഗതി ഏതാണ്ട് സ്മൂത്ത് ആണെന്ന നിലയിൽ പോകുമ്പോഴാണ് ഇടത് മുന്നണി കൺവീനർ വക പടക്കമേറ്. ശത്രുപക്ഷത്തുള്ള കോൺഗ്രസ് ജീർണിക്കുകയാണെങ്കിൽ സഖാക്കളെന്തിന് പരിതപിക്കണമെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല.
കോൺഗ്രസിൻ്റെ തകർച്ച സ്വപ്നം കാണുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തവരാണ് ആചാര്യൻ ഇ.എം.എസ്.നമ്പൂതിരിപ്പാട് തൊട്ട് കാരണഭൂതൻ വരെയുള്ളവർ. എന്നിട്ടും കോൺഗ്രസിൻ്റെ ജീർണതയെക്കുറിച്ച് ഇടത് മുന്നണി കൺവീനർ വേവലാതിപ്പെടുന്നുവെങ്കിൽ എവിടെയോ എന്തോ പിശകുണ്ടെന്നല്ലേ അനുമാനിക്കേണ്ടത്.
രാമകൃഷ്ണൻ സഖാവിനെ കുറ്റം പറയാനും വയ്യ. കെപിസിസി നേതൃമാറ്റമുണ്ടായ നിമിഷം തൊട്ട് കാര്യങ്ങൾ വിലയിരുത്തുകയാണ് കക്ഷി. കണ്ണൂരിൽനിന്നുള്ള സണ്ണി ജോസഫാണ് കെപിസിസിയുടെ പുതിയ പ്രസിഡൻറ്. രാമകൃഷ്ണൻ സഖാവ് ദൂരദർശിനിയിലൂടെ നോക്കിയപ്പോൾ സണ്ണിയുടെ മുഖമാകെ ജീർണിച്ചിട്ടുണ്ട്.
ടീച്ചറമ്മയാകും മുൻപ് കെ.കെ.ശൈലജ കയ്യിലൊതുക്കിയ പേരാവൂർ മണ്ഡലം പാടുപെട്ട് സ്വന്തമാക്കുകയും തുടർന്നിങ്ങോട്ട് തൻ്റേതാക്കുകയും ചെയ്ത തഴക്കംകൊണ്ടുള്ള ജീർണതയാണതെന്നും രാമകൃഷ്ണൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
കോന്നിയിൽ പണ്ട് ആനപ്പന്തിയും ചുകപ്പന്മാരും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് രാമകൃഷ്ണൻ നാലാം ക്ലാസിലെ സാമൂഹ്യപാഠത്തിൽ പഠിച്ചതാണ്. ആ കോന്നിയിൽ വിജയക്കൊടി നാട്ടിയ ഒരാൾ പിന്നീട് ആറ്റിങ്ങലിൽ ആറ്റിങ്ങൽ ചെഗ്വേരയെയും പിന്നീട് ജില്ലാ സെക്രട്ടറിയെയും പരാജയപ്പെടുത്തി വിജയക്കൊടി നാട്ടിയതായും സഖാവ് അറിഞ്ഞിട്ടുണ്ട്.
ആ വിജയിയുടെ പേരും യുഡിഎഫിൻ്റെ പുതിയ കൺവീനറുടെ പേരും ഒന്നാണുതാനും. അടൂർ പ്രകാശിൻ്റെ മുഖത്തും രാമകൃഷ്ണൻ സഖാവ് ജീർണത അല്ലാതെ പിന്നെന്ത് കാണാനാണ്.
പി.സി.വിഷ്ണുനാഥിൻറെ ജീവചരിത്രം ഇടത് കൺവീനർ ചുമ്മാ ഒന്നു വായിച്ചുനോക്കിയതാണ്. കുണ്ടറ സ്വന്തമാക്കിയിരുന്ന വിപ്ലവ സിംഹിണിയെ മൂലക്കിരുത്തിയാണ് വിഷ്ണു നിയമസഭയിലിരിക്കുന്നത് എന്നറിഞ്ഞതും വിഷ്ണുവിൻ്റെ മുഖത്ത് ജീർണത കണ്ടതും ഒരേനിമിഷം. അങ്ങനെയൊരാളിൽ ജീർണത കാണാതിരിക്കുന്നത് പാർട്ടി അച്ചടക്കത്തിന് എതിരാകില്ലേ.
ജീർണതയുടെ മൂർത്തിമദ്ഭാവമായി മാത്രമേ ഷാഫി പറമ്പിലിനെ രാമകൃഷ്ണന് എന്നല്ല, വിപ്ലവക്കഷായം സേവിച്ച ആർക്കും കാണാനൊക്കൂ. എന്തുമാത്രം ജീർണതയാണ് ഷാഫി ഉണ്ടാക്കിവച്ചിട്ടുള്ളത്. ചെങ്കൊടി പാറിയ പാലക്കാട്ട് മൂന്നുതവണ മൂവർണക്കൊടി പാറിച്ചുവെന്ന് മാത്രമല്ല, വടകരയിലെത്തി ടീച്ചറമ്മയെ തോൽപ്പിക്കുകയും ചെയ്തതിനെ ജീർണതയെന്നല്ലാതെ എന്ത് പേരിട്ടുവിളിക്കണം.
അതും പോരാഞ്ഞിട്ട് ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ട് ചെന്ന് മാങ്കൂട്ടത്തിലുണ്ടായിരുന്ന രാഹുലിനെ നിയമസഭയിലെ യുഡിഎഫുകാരുടെ കൂട്ടത്തിൽ എത്തിക്കുകയും ചെയ്തു. ജീർണത കുറച്ചൊക്കെ ആകാം. ജീർണത മാത്രമേ ആകൂവെന്നാണ് ഷാഫിയുടെ രീതി.
ഇങ്ങനെയൊക്കെ ജീർണത കണ്ടാൽ ഇടത് കൺവീനർ എങ്ങനെ പ്രതികരിക്കാതിരിക്കും. ജീർണത അൽപ്പെമെങ്കിലും കുറവ് കണ്ടത് എ. പി. അനിൽകുമാറിലാണ്. അത് മലപ്പുറം ആയതിനാലാകാം. നേതൃമാറ്റം കോൺഗ്രസിൻറെ ജീർണതയെന്നൊക്കെ പറയുമ്പോൾ സണ്ണിയെക്കാൾ ശുദ്ധൻ സുധാകരൻ എന്നല്ലേ സഖാവ് പറഞ്ഞതിൻ്റെ അർഥമെന്ന് ആരെങ്കിലും ശങ്കിച്ചാലും കുറ്റമില്ല.
ഏതായാലും രാമകൃഷ്ണൻ സഖാവിനെ ഓർത്തെങ്കിലും കോൺഗ്രസുകാർ ഇനിയങ്ങോട്ട് ജീർണിക്കാതിരിക്കണം. ഒരു ആത്മാർഥ സുഹൃത്തിൻ്റെ ആത്മവിലാപമായി കാണണം, പരിഗണിക്കണം പ്ലീസ്.
One Response
നന്നായി