ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടരുകയാണ് പാകിസ്ഥാൻ സൈന്യം. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട അവരുടെ വിമാനം എഫ്– 16 സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ച് സൈന്യം വീഴ്ത്തി.
പാകിസ്ഥാൻ്റെ സർഗോധ വ്യോമത്താവളത്തിൽനിന്നാണ് ഈ വിമാനം പറന്നുവന്നത്.സർഗോധയ്ക്ക് സമീപം വച്ചുതന്നെ വിമാനം തകർക്കുകയായിരുന്നു.
വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ജമ്മു, പഠാൻകോട്ട് ഉധംപുർ സൈനികത്താവളങ്ങളില്‍ പാക്കിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണശ്രമം നടത്തിയെന്നും എന്നാൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു.
ജമ്മുവിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമം തകർത്തതിനു പിന്നാലെയാണ് യുദ്ധവിമാനവും വെടിവച്ചിട്ടത്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണ നീക്കം.
അമ്പതോളം ഡ്രോണുകളും എട്ട് മിസൈലുകളുമാണ് റഷ്യൻ നിർമിത എസ്–400 ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് തകർത്തത്. രാജസ്ഥാനിലും പഞ്ചാബിലും ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്.
സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തുന്നു.