ക്ഷത്രിയൻ.
പത്ത് മുപ്പത് വർഷം തുടർച്ചയായി നിയമസഭാംഗമായിരുന്ന ഒരാൾ എംഎൽഎ അല്ലാതായപ്പോൾ സംഭവിച്ചതെന്ന നിലയിൽ ഒരു ഗോസിപ്പുണ്ട്. ആശാൻ മത്സരിക്കാത്ത തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ് നിയമസഭാ സമ്മേളനം ആരംഭിച്ച കാലം. കാലത്തെഴുന്നേറ്റ് മധുരമില്ലാത്ത ചായയും കുടിച്ച് പത്രപാരായണവും കുളിയും തേവാരമെല്ലാം കഴിഞ്ഞ് ഓൺ ചെയ്ത ടിവിയിൽ നിയമഭസഭാ ചോദ്യോത്തരം തത്സമയം കാണിക്കുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ താനും ഭാഗമായിരുന്ന പരിപാടി. ചോദ്യങ്ങൾക്ക് ഉപചോദ്യം ആവശ്യപ്പെട്ട് അംഗങ്ങളിൽ ചിലരൊക്കെ കൈപൊക്കുന്നുണ്ട്. ആശാൻ അതിലങ്ങ് ലയിച്ചു. ചോദ്യം ചോദിക്കാനെന്ന വണ്ണം അറിയാതെ സ്വന്തം കൈയും പൊക്കിപ്പോയി. നാലഞ്ച് തവണ അങ്ങനെ കൈ പൊക്കിയിട്ടും സ്പീക്കർ അവസരം നൽകാത്തതിൽ കുണ്ഠിതപ്പെട്ട് ഇരിക്കവെ ഭാര്യവന്ന് തട്ടിവിളിച്ചപ്പോഴാണത്ര താനുള്ളത് നിയമസഭയിലല്ലോയെന്ന് കക്ഷിക്ക് ബോധ്യമായത്.
പറഞ്ഞുവന്നത് ചില ശീലങ്ങൾ അങ്ങനെയാണ്. ശീലിച്ചുപോയത് ഒഴിവാക്കാൻ വളരെ പ്രയാസപ്പെടേണ്ടിവരും. ഫോട്ടോ എടുക്കുന്നതിലുൾപ്പെടെ ചില ക്രമീകരണങ്ങൾ വേണമെന്ന് കെപിസിസി നിർദേശിച്ചിട്ട് മണിക്കൂറുകൾ അധികമായിട്ടില്ല. ഫോട്ടോയെടുപ്പിനുള്ള തിക്കിത്തിരക്കും വേദിയിലെ കസേരകളിയും അസഹനീയവും പാർട്ടിക്ക് പരിഹാസ്യവും ആയതോടെയാണ് കെപിസിസി ചില നിർദേശങ്ങൾ വച്ചത്. ആര് കേട്ടാലും സബാഷ് എന്ന് തലകുലുക്കി സമ്മതിക്കുന്ന നിർദേശങ്ങളായിരുന്നു കെപിസിസിയുടേത്.
ഫോട്ടോ കാര്യത്തിൽ കെപിസിസിയുടെ തീരുമാനം തങ്ങൾക്കും അംഗീകരിക്കാവുന്നതാണെന്ന് വിപ്ലവപ്പാർട്ടിയും ഏതാണ്ട് മനസുകൊണ്ട് ഉറപ്പിച്ചുവരികയായിരുന്നു. രണ്ടാം എകെജി സെൻറർ ഉദ്ഘാടനത്തിൻ്റെ ചിത്രം അവരേയും ആശങ്കയിലാഴ്ത്തിയതായിരുന്നല്ലോ.
പിബി അംഗം മാത്രമായ കാരണഭൂതനും സംസ്ഥാന സെക്രട്ടറി മാത്രമായ സൈദ്ധാന്തിക ശിരോമണിക്കും പിറകിൽ ബാഗും തോളിലിട്ട് നിൽക്കേണ്ടിവന്ന പാർട്ടി ജനറൽ സെക്രട്ടറിയെ ഓർത്ത് കെപിസിസിയുടെ ഫോട്ടോ പ്രോട്ടോകോൾ തങ്ങൾക്കും ബാധകമാക്കണമെന്ന് ആഗ്രഹിച്ച സഖാക്കളുണ്ടെങ്കിൽ അവരെ കുറ്റം പറയാനും വയ്യ.
പറഞ്ഞിട്ടെന്ത് കാര്യം. പട്ടിയുടെ വാൽ പതിറ്റാണ്ട് കാലം കുഴലിലിട്ടാലും ഒന്നും സംഭവിക്കില്ലെന്നത് പോലെ കോൺഗ്രസുകാരോട് ഫോട്ടോ പ്രോട്ടോകോൾ പറഞ്ഞിട്ടെന്ത് കാര്യമെന്ന് കോഴിക്കോട്ടെ അതേ ഡിസിസി ഓഫീസിൽ നിന്നുതന്നെ വീണ്ടും വാർത്ത വന്നിരിക്കയാണ്. പ്രിയങ്കയോടൊപ്പം ഫോട്ടോയെടുക്കാൻ തിരക്കോട് തിരക്ക്.
എല്ലാവരുമൊത്ത് പടമെടുക്കാൻ പ്രിയങ്കയും ഒരുക്കമായിരുന്നു. എന്നിട്ടുമെന്തേ തിക്കും തിരക്കുമെന്നതാണ് കൗതുകം. ഒപ്പം നിന്നാൽ പോരാ, അത് പ്രിയങ്കയ്ക്ക് തൊട്ടടുത്തായിരിക്കണമെന്ന് ഗാന്ധിപ്പാർട്ടിക്കാരിൽ ചിലർക്ക് മോഹമുദിച്ചു. അവരങ്ങ് ആർത്തിരമ്പി വന്നു. തിരമാലയ്ക്ക് അറിയില്ലല്ലോ കരയുടെ സങ്കടം. ആവേശം മൂത്തവർക്കെന്ത് കെപിസിസി പ്രോട്ടോകോൾ.
പഠിച്ചത് മറക്കാത്തവർ കോൺഗ്രസുകാർ മാത്രമല്ല, വിപ്ലവപ്പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും അക്കൂട്ടത്തിൽപ്പെടുമെന്നാണ് തോന്നുന്നത്. മുഖ്യൻ്റെ സ്വകാര്യകാര്യദർശിപ്പട്ടം ഒഴിഞ്ഞെത്തിയതാണ് കക്ഷി. എന്നാലും മുഖ്യനെ കണ്ടപ്പോൾ താനിപ്പോഴും പ്രൈവറ്റ് സെക്രട്ടറിയാണെന്ന് ആൾക്ക് തോന്നിക്കാണും.
മുഖ്യൻ ഇരിക്കുന്നതിന് സമീപം പ്രൈവറ്റ് സെക്രട്ടറിയുമെന്ന് തീരുമാനിച്ചത് അങ്ങനെയാകാം. പട്ടികയിൽ പേരില്ലെങ്കിലും മുഖ്യനൊപ്പം വേദിയിൽ കയറിയിരിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാകാം. അതല്ലെങ്കിൽ കക്ഷി ഇപ്പോഴും തൻ്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് മുഖ്യനും തോന്നിക്കാണും. രണ്ടിൽ ഏതായാലും സംഗതി പഠിച്ചത് മറക്കാത്ത ശീലംതന്നെ.
കൊച്ചി മെട്രോയിലെ ‘കുമ്മനടി’യും വിഴിഞ്ഞം തുറമുഖത്തെ ‘ചന്ദ്രനടിയും’ ദഹിക്കാത്തവരുടെ പ്രതിനിധിയാണ് കണ്ണൂരിൽ മുഖ്യൻ്റെ വേദിയിൽ പ്രത്യക്ഷപ്പെട്ടതെന്ന് എന്നതാണ് തമാശ. ഇനി നടേശൻ മൊതലാളി മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് പോലെ കണ്ണൂർ പ്രത്യേക ‘റിപ്പബ്ലിക്’ ആണെന്ന ചിന്ത വിപ്ലവപ്പാർട്ടിക്കാരിലുണ്ടോ ആവോ.
കെപിസിസി നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകളിലുമുണ്ട് മാറ്റാൻ കഴിയാത്ത ശീലങ്ങളുടെ ശീല്. നിലവിലുള്ള പ്രസിഡൻറിനെ ഡൽഹിക്ക് വിളിപ്പിക്കുക. പ്രസിഡൻറിനെ മാറ്റാൻ പോകുന്നുവെന്ന് അഭ്യൂഹങ്ങൾ പരത്തുക. ഒരാലോചനയും ഒരിടത്തും നടന്നിട്ടില്ലെന്ന് പ്രസ്താവനയിറക്കുക.
നേതാക്കൾ ഓരോരുത്തരും അവരുടേതായ രീതിയിൽ പ്രതികരിച്ച് രംഗം കൊഴുപ്പിക്കുക. അവസാനം പ്രസിഡണ്ടിനെ അങ്ങ് മാറ്റുക. അപ്പോഴേക്കും അലക്കിയലക്കി അലക്കാൻ വിഴുപ്പില്ലാത്ത അവസ്ഥയിലാകും പാർട്ടി. എങ്കിലേ ഹൈക്കമാൻഡിനും ലോക്കമാൻഡിനുമൊക്കെ ആശ്വാസമാകൂവെന്നതാണ് രീതി. അത് മാറ്റിയാൽ ഗാന്ധിപ്പാർട്ടി ഗാന്ധിപ്പാർട്ടി അല്ലാതായിപ്പോകുമെന്ന് കോൺഗ്രസ് നേതൃത്വവും ധരിച്ചു വച്ചിട്ടുള്ളത് പോലെ തോന്നുന്നു.
——————————-
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കുമ്പോൾ
ചത്തുപോകുന്നു പാവം ശിവശിവ.
(പൂന്താനം)