ക്ഷത്രിയൻ.
ഉത്തര കൊറിയയിലെ ജനങ്ങൾക്കെല്ലാം തലമുടി സ്റ്റൈലിൽ വരെ സാമ്യമുണ്ടായിരിക്കണമെന്നാണ് നിയമമെങ്കിലും ആ രാജ്യവും കേരളവും തമ്മിൽ സാമ്യമുണ്ടെന്ന് ഒരു രേഖയിലും ഇല്ല. എന്നാൽ ഇല്ലെന്ന് പറയാനുള്ള ധൈര്യവും ഇപ്പോൾ ആർക്കും ഇല്ലാതായിരിക്കുന്നു.
കിം ഇൽ സൂങ്ങിൻ്റേതായിരുന്നു ഉത്തര കൊറിയ. രാജ്യത്തിൻ്റെ സ്ഥാപകനായിരുന്ന കിം ഇൽ സൂങ്ങ് തുടങ്ങിവച്ച രീതി മൂന്നാം തലമുറയിലെത്തിയിട്ടും വിടാതെ പിന്തുടരുന്നു. സൂങ്ങിൻ്റെ മകൻ കിം ജോങ്ങ് ഇല്ലിൻ്റെ മകൻ കിം ജോങ്ങ് ഉൻ ആണിപ്പോൾ ഭരണാധികാരി. കേരളത്തിൻറെ പോക്കും ഏതാണ്ട് ആ വഴിക്കാണെന്നാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്ന് പുറത്തുവന്ന ചിത്രങ്ങൾ തെളിയിക്കുന്നത്.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടന പരിപാടി വിലയിരുത്താൻ സംസ്ഥാന മുഖ്യൻ എത്തുന്നു. ഒപ്പം കെട്ട്യോളും കുട്ടിയും കുട്ടിയുടെ കുട്ടിയും. തുറമുഖം അധികൃത്രർ പദ്ധതി വിശദീകരിക്കുമ്പോൾ സാകൂതം കേൾക്കുന്നു പേരക്കുട്ടി. എന്തൊരുത്സാഹമാണ് കെട്ട്യോളുടെയും കുട്ട്യേളുടെയും മുഖത്ത്. മുത്തശ്ശൻ ആരംഭിച്ച കച്ചവടപ്പീടികയിൽ ആദ്യമായി എത്തിയ മക്കളുടെ ത്രില്ലിലായിരുന്നു എല്ലാവരും.
പിതൃത്വം തന്നെ സംശയത്തിലുള്ള പദ്ധതിയുടെ കാര്യങ്ങൾ അറിയാൻ പേരക്കുട്ടിയെ ഉൾപ്പെടെ കൂടെക്കൊണ്ടുപോയ മുത്തച്ഛനാണ് മുത്തച്ഛൻ. പിതൃത്വം ഉമ്മൻ ചാണ്ടിക്കാണോ പിണറായിക്കാണോ എന്നത് തർക്കവിഷയമായി മാറിയിട്ടുണ്ടിപ്പോൾ. ഉമ്മൻ ചാണ്ടിയുടേതെന്നും പറഞ്ഞ് ചാണ്ടി ഉമ്മൻ ചാടിവീഴും മുൻപെ അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കേണ്ടത് കാരണഭൂതൻറെ കടമ തന്നെയാണ്.
അല്ലെങ്കിലും കടൽ കാണാൻ പോകുമ്പോൾ കുട്ടികളെ കൂടെകൂട്ടുക എന്നത് ഏത് മുത്തച്ഛൻ്റേയും ആഗ്രഹമായിരിക്കും. കണ്ടാലും കണ്ടാലും തീരാത്ത വിസ്മയമാണ് കടലും മരുഭൂമിയും എന്നത് ഏത് മുത്തശ്ശനും വശമുള്ള കാര്യവുമാണല്ലോ. വിഴിഞ്ഞത്ത് കടൽ മാത്രമല്ല, കപ്പലുമുണ്ട്. കടലും ബക്കറ്റിൽ കോരുന്ന കടൽ വെള്ളവുമൊക്കെ കരതലാമലകം പോലെ ഹൃദിസ്ഥമുള്ള കാരണഭൂതനാണ് മുഖ്യൻ.
പദ്ധതി കേന്ദ്രത്തിൻറേതാണെങ്കിലും ഉദ്ഘാടനം തങ്ങളുടേതാക്കി മാറ്റാനുള്ള തത്രപ്പാടിൽ വിഴിഞ്ഞത്തേക്ക് പുറപ്പെട്ട മുഖ്യൻ്റെ മുന്നിൽ കമലയും കുട്ടിയും കുട്ടിയുടെ കുട്ടിയും തടസം നിന്നാൽ എന്ത് ചെയ്യാനാണ്. ഏത് മുത്തച്ഛനും ചെയ്യുന്നതേ മുഖ്യനും ചെയ്തുള്ളൂ. എന്നാലങ്ങ് കയറ് എന്നും പറഞ്ഞു മൂന്നാളുകളെയും കാറിൽ കയറ്റി.
കാറിൽ വലിഞ്ഞു കയറിയതാണെങ്കിലും വിഴിഞ്ഞത്തെത്തിയപ്പോഴെങ്കിലും ഔചിത്യം കാണിക്കേണ്ടേ കെട്ട്യോളും കുട്ടികളും. അത്തരം സന്ദർഭങ്ങളിൽ അവരെയൊക്കെ പാർക്കിലോ ഷോപ്പിങ്ങിനോ അയച്ച് താൻ തൻ്റെ കാര്യത്തിൽ മുഴുകുക എന്നതാണ് അരിയാഹാരം കഴിക്കുന്നവർ അവലംബിക്കുന്ന രീതി. ഇവിടെ കാരണഭൂതൻ അതിന് തുനിഞ്ഞതുമില്ല,
കൂടെ പോയവർ അങ്ങനെ ചിന്തിച്ചതുമില്ല. ചില കുട്ടികളുണ്ട്. മാതാപിതാക്കൾ ജോലി ചെയ്യുന്ന ഓഫീസുകളിലും മറ്റും ചെന്നാൽ ഓഫീസ് കസേരയിൽ കയറിയങ്ങ് ഇരിക്കും. തിരിയുന്ന കസേരയാണെങ്കിൽ പറയേണ്ട. അതിൽ കയറി നാല് തിരിച്ചൽ തിരിഞ്ഞാലേ കുട്ടിക്ക് സമാധാനമാകൂ.
വിഴിഞ്ഞത്തും മുഖ്യനൊപ്പം പോയ കുടുംബക്കാർ അത്രയേ ചെയ്തിട്ടുള്ളൂ. ഒരു നിമിഷം പോലും മുത്തച്ഛനെ പിരിഞ്ഞിരിക്കാൻ വയ്യാത്ത പേരക്കുട്ടി അവലോകന യോഗത്തിലെ കസേരയിൽ കയറിപ്പറ്റി. ഒപ്പം മകളും ഭാര്യയും ചേർന്നു. അത്രയേ ഉണ്ടായിട്ടുള്ളൂ. അതിനാണിപ്പോൾ പ്രതിപക്ഷം ബഹളം വെക്കുന്നത്!.
മുഖ്യൻ വിഴിഞ്ഞത്തേക്ക് കുടുംബത്തെ കൂട്ടിയത് പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആൻറണിയുടെ കാലത്ത് യുദ്ധക്കപ്പൽ നീറ്റിലിറക്കിയത് എലിസബത്ത് ആൻറണി ആയിരുന്നുവെന്നത് പോലയേ ഉള്ളൂവന്നാണ് സഖാക്കളുടെ പ്രതികരണം. സൈന്യത്തിലെ കാര്യങ്ങൾ എന്തെന്നറിയാത്ത സഖാക്കൾ സ്വന്തം സേനാ തലവനെ ന്യായീകരിക്കാൻ നടത്തുന്ന ശ്രമം നാണക്കേടുണ്ടാക്കുന്നത് മുഖ്യന് തന്നെയാണെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കണം സഖാക്കൾക്ക്.
മുഖ്യനൊപ്പം വിഴിഞ്ഞത്ത് യോഗത്തിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്ക് അവസരം നൽകിയ തുറമുഖ അധികൃതർക്ക് നൽകണം കുതിരപ്പവൻ സമ്മാനം. എന്തൊരു ശുഷ്കാന്തിയാണ് അവർക്ക്. സദ്സേവാ ബഹുമതി കൊടുക്കേണ്ടത് അവർക്കൊക്കെ തന്നെയാണ്.
ഇത്രമാത്രം ശുഷ്കാന്തിയുള്ള ഉദ്യോഗസ്ഥർ മുൻപും ഉണ്ടായിട്ടുണ്ട്. പണ്ടൊരു മുഖ്യൻ്റെ കാലത്ത് ശുഷ്കാന്തി മൂത്ത ഒരു പൊലീസ് ഏമാൻ മുഖ്യൻറെ വസതിയിലെത്തി പേരക്കുട്ടിക്ക് ആനകളിക്കാൻ കുനിഞ്ഞുകൊടുത്തതായി കേട്ടിട്ടുണ്ട്.
ഡ്യൂട്ടിക്കെത്തിയില്ലെങ്കിലും ഏമാൻ മുഖ്യൻ്റെ വീട്ടിൽ എത്തുമായിരുന്നുവത്രെ. ഏമാനെ കിട്ടിയാൽ പേരക്കുട്ടിക്ക് ആന കളിക്കണം. തിരിയാനേ, ചെരിയാനേ, നടക്കാനേ എന്നൊക്കെ പറഞ്ഞ് കുട്ടി ഏമാൻ്റെ മുതുകത്തിരിക്കും. മുഖ്യൻ അതുകണ്ട് ചിരിക്കും. അതായിരുന്നുവത്രെ പതിവ്. വിഴിഞ്ഞത്ത് അങ്ങനെ ആനകളിയൊന്നും ഉണ്ടായിട്ടില്ലല്ലോ എന്ന് സമാധാനിക്കുക.
ഉത്തര കൊറിയയിൽ നിന്നുള്ള പാഠങ്ങൾ വേറെയും ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട് കേരളത്തിൽ. ലഹരിക്കെതിരായി വിദ്യാർഥികളുടേ സൂംബ നൃത്തത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ചുകപ്പ് ബനിയൻ നൽകിയിരിക്കയാണ്. ബനിയനിൽ മുൻഭാഗത്ത് മുഖ്യൻ്റെ ചിത്രവും. തലമുടിയുൾപ്പെടെ എല്ലാം തൻറേത് പോലെയായിരിക്കണമെന്ന് നിഷ്കർശിക്കുന്ന ഉത്തര കൊറിയയിലെ കിമ്മും നൃത്തവസ്ത്രത്തിൽ തൻ്റെ ചിത്രം വേണമെന്ന് ആഗ്രഹിക്കുന്ന കാരണഭൂതനും വകയിൽ ചേട്ടാനുജന്മാർ തന്നെ.
പൂരനാളുകളിൽ തൃശൂരിൽ ഇറങ്ങുന്ന ‘പുലികൾ’ ദേഹത്ത് പുലിവേഷം പതിക്കുന്നതിനെ ആരെങ്കിലും എതിർക്കാറുണ്ടോ. ചുകന്ന ബനിയനിൽ കാരണഭൂതൻറെ ചിത്രവുമായി നൃത്തമാടുന്ന സൂംബക്കാരെയും അങ്ങനെ കണ്ടാൽ മതി. പിന്നെ ചുകപ്പ് നിറത്തിൻ്റെ കാര്യം. ഒരു ചടങ്ങിൽ അധ്യാപികമാർ പച്ചസാരിയണിഞ്ഞു എന്നതിൻ്റെ പേരിൽ അബ്ദുറബിനുമേൽ കുതിര കയറിയവർ ഇവിടെയൊക്കെത്തന്നെയില്ലേ….
Post Views: 108