April 30, 2025 11:15 am

ഭീകരാക്രമണ ഭീഷണി: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ശ്രീനഗര്‍: രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. കൂടുതല്‍ അക്രമങ്ങൾ നടത്താന്‍ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഭീകരസംഘടനകളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതായി ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

ഭീകരരെ സഹായിക്കുന്നവരുടെ വീടുകള്‍ സൈന്യവും ജമ്മുകശ്മീര്‍ പൊലീസും തകര്‍ത്തിരുന്നു. ഇതിന് തിരിച്ചടി എന്ന നിലയില്‍ കൂടുതല്‍ ആള്‍നാശമുണ്ടാകുന്ന തരത്തില്‍ കടുത്ത ആക്രമണങ്ങള്‍ നടത്താനാണ് ഭീകരർക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.

ജമ്മു കശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 48 എണ്ണമാണ് അടച്ചിട്ടുള്ളത്. റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടി. ദൂത്പത്രി, വെരിനാഗ് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കി.

മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ദാല്‍, ലേക്ക് പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ആന്റി ഫിദായീന്‍ സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News