ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരർ ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍ എന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇവരിൽ മൂന്നാളുകളുടെ പേരുകൾ.
‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന സംഘടനയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള സംഘടനയാണ്.
അതിനിടെ, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ‘ഓപ്പറേഷന്‍ ടിക്ക’ എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ നടക്കുന്നത്. മേഖലയില്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇത് തടയുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം. എന്നാല്‍, മരണസംഖ്യ 29 ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
ഇതിനിടെ, പാകിസ്ഥാന് തക്ക മറുപടി നൽകാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷൻ കാര്യാലയം അടയ്കാനും സിന്ധു നദീജല കരാർ റദ്ദാക്കാനും ആലോചനയുണ്ട് എന്നാണ് സൂചന. സൈനിക നടപടികളും പരിഗണനയിലുണ്ട്.