ക്ഷത്രിയൻ.
പ്രതീക്ഷയുടെ വെളിച്ചമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ എന്നത് കിറുകൃത്യം. അല്ലായിരുന്നുവെങ്കിൽ പ്രതീക്ഷയറ്റ ജനങ്ങളെ പരിഹസിക്കുംവിധം കാരണഭൂതൻ മാമാങ്കത്തിനിറങ്ങിയ അതേസമയത്ത് പോപ്പ് കാലം ചെയ്യില്ലായിരുന്നുവെന്ന് ഉറപ്പ്.
പോപ്പിൻ്റെ മരണവും കാരണഭൂതൻ്റെ ആഘോഷവും തമ്മിലെന്ത് എന്നതല്ലേ. കാസർകോട് ജില്ലയിലെ കാലിക്കടവിൽ മാമാങ്കം തുടങ്ങിയ അതേ നേരത്താണ് പോപ്പിൻ്റെ വിയോഗം ചാനലുകളിൽ തെളിഞ്ഞത്. അതോടെ ചാനലായ ചാനലുകളൊക്കെ കാലിക്കടവിന് പകരം റോമിലേക്കായി. ചൊവ്വാഴ്ചത്തെ പത്രത്താളുകളിൽ മുക്കാൽ പങ്കും പോപ്പ് കൊണ്ടുപോയി.
റോമിൽനിന്ന് ദുഃഖ വാർത്തയില്ലാരുന്നുവെങ്കിൽ മലയാളികൾക്ക് കാണാനും കേൾക്കാനും വായിക്കാനും കാലിക്കടവിൽ നിന്നുള്ളവ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. അതൊഴിവായിക്കിട്ടിയത് പോപ്പിൻ്റെ വിയോഗം വഴിയാണ്. സെക്രട്ടറിയേറ്റ് നടയിൽ ആശയറ്റ് കിടക്കുന്ന ആശമാരുൾപ്പെടെയുള്ളവരുടെ നിരാശയിൽ നിന്നുയർന്ന നൊമ്പരമാകാം അങ്ങനെയൊരു ദുരവസ്ഥ കാരണഭൂതനും സംഘത്തിനും ഉണ്ടാക്കിവച്ചതെന്ന് വിശ്വസിക്കുക തന്നെ.
എന്തുമാത്രം കോടികൾ ചെലവഴിച്ചുള്ള ആഘോഷത്തിൻ്റെ ഉദ്ഘാടനമായിരുന്നു. ചെലവഴിച്ച പണത്തിൻ്റെ പകിട്ടിനനുസരിച്ച് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ കഴിഞ്ഞില്ലല്ലോയെന്ന നിരാശ ഭരണവർഗത്തിനുണ്ടാകുമെന്ന് ഉറപ്പ്.
ആദ്യദിന പരിപാടിയിൽ മുഖ്യൻ പാരമ്പര്യ വൈദ്യന്മാരെക്കുറിച്ച് വാചാലനായത് ഉചിതമായി. കോളജ് വിദ്യാഭ്യാസമില്ലെന്ന പേരിൽ പാരമ്പര്യ വൈദ്യന്മാരെ അറിവില്ലാത്തവരെന്ന് മുദ്രകുത്തരുതെന്നാണ് അഭ്യർഥന. അറിവും പരിചയവും രണ്ടാണെന്നും ചില കാര്യങ്ങളിൽ അറിവിനെക്കാൾ മികച്ചതാണ് പരിചയമെന്നുമാണ് മുഖ്യൻ പറഞ്ഞതിൻറെ മലയാളം.
വിപ്ലവപ്പാർട്ടിയിലെ സംവിധാനങ്ങളെക്കുറിച്ച് ആലപ്പുഴയിലെ മഹാകവി അടുത്തിടെ പറഞ്ഞതും അത് തന്നെയാണ്. പ്രായത്തിൻറെ പേരും പറഞ്ഞ് ആളുകളെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാക്കുന്നത് ശരിയല്ലെന്നായിരുന്നു മഹാകവിയുടെ അഭിപ്രായം. അതൊന്നും കേൾക്കാൻ കാരണഭൂതൻ തയാറായില്ല.
മഹാകവി ആദ്യമേ പുറത്തായി. ബാലനെപ്പോലുള്ളവർ ഇപ്പോഴും പുറത്തായി. പ്രായപരിധി കഴിഞ്ഞിട്ടും കാരണഭൂതനെന്തേ നേതൃസ്ഥാനത്ത് നിന്നും പുറത്താകാത്തതെന്ന് സംശയിക്കുന്നവർക്ക് ഇനി മൂപ്പരുടെ തന്നെ വാക്യത്തിൽ മറുപടിയുമായി.
പാരമ്പര്യവൈദ്യന്മാർ അറിവില്ലാത്തവരാണെന്ന് മുദ്രകുത്തരുത്! പാരമ്പര്യവും പരമ്പരാഗതവും തമ്മിലുള്ള പാരസ്പര്യം ഓർമ്മിപ്പിക്കാനും മുഖ്യൻ്റെ വാക്കുകൾ പ്രചോദനമാകുന്നുണ്ട്. മുഖ്യൻ്റെ കീഴിലുള്ള പോലീസ് വകുപ്പിൽ അത് വേണ്ടത്ര ഇല്ല എന്നതും വിഖ്യാതം.
ലഹരിവസ്തുക്കളുമായി ബന്ധമുള്ള സിനിമക്കാരുടെ പട്ടിക കയ്യിലുണ്ടെന്നാണ് ബന്ധപ്പെട്ട എഡിജിപി പറയുന്നത്. അത്രയെങ്കിലും വെളിപ്പെടുത്താൻ ‘ധൈര്യം കാണിച്ച’ സമയമാകട്ടെ ഒരു സിനിമക്കാരൻ ഹോട്ടൽ മുറിയിൽനിന്ന് ജനാലവഴി ചാടി നീന്തൽ കുളത്തിൽ നീന്തി രക്ഷപ്പെട്ട കാര്യം പുറത്തുവന്നതിന് ശേഷവും. പട്ടിക കയ്യിലുണ്ടെങ്കിൽ എന്തേ അത്തരക്കാർക്കെതിരെ നടപടിയെടുക്കാത്തത് എന്നൊന്നും ചോദിച്ചുപോകരുത്. ചോദിച്ചാൽ ചിലപ്പോൾ ചോദിച്ചയാളെ കാപ്പ ചുമത്തി ജയിലിലടച്ചെന്നുമിരിക്കും.
ഇക്കാലത്ത് കുറ്റവാളികളെ പിടികൂടാൻ പൊലീസിന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും വേണം. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പൊലീസ് ആദ്യം തപ്പുന്നത് അവ രണ്ടുമാണ്. രണ്ടിൽനിന്നും എന്തെങ്കിലും തുമ്പ് കിട്ടിയാൽ പൊലീസ് ഹാപ്പി. സിസിടിവിയും മൊബൈലും ഒന്നും ഇല്ലാത്ത കാലത്തും പൊലീസ് കുറ്റവാളികളെ പിടികൂടിയിട്ടുണ്ട്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണക്കേസ് തെളിയിച്ചത് ഒരു കടലാസ് തുണ്ടിൽനിന്നാണ്. ഡമ്മി ടു ഡമ്മി പ്രയോഗത്തിലൂടെ പോളക്കുളം കേസ് തെളിയിക്കുമ്പോഴും സിസിടിവിയും മൊബൈലും ഒന്നുമില്ല. പരമാവധി പൊലീസ് നായ എത്തും. അതിൻറെ നീക്കം വിലയിരുത്തും, അത്രതന്നെ.
ഇന്നിപ്പോൾ സിസിടിവിയും മൊബൈൽ ടവറുമൊക്കെയുണ്ടായിട്ടും ലഹരിയുമായി ബന്ധപ്പെട്ടവരുടെ പട്ടിക കയ്യിൽ വച്ച് അടയിരിക്കുകയാണ് പൊലീസെന്നാണ് എഡിജിപിയുടെ വാക്കുകൾ തെളിയിക്കുന്നത്. പുതിയ പൊലീസിനെക്കാൾ മെച്ചം പരമ്പരാഗത രീതിയിലുള്ള പൊലീസ് തന്നെയെന്ന് ചുരുക്കം.
പാരമ്പര്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിൽ കോൺഗ്രസിലെ കസേരകളിയും ചേർത്തുവെക്കാം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനവേളയിൽ നേതാക്കൾ തമ്മിലുള്ള ഇടിച്ചുകയറ്റം വേദിയിലും സദസിലും പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് കെപിസിസിയെ ചിന്തിപ്പിച്ചിരിക്കയാണ്. ഇനിമുതൽ വേദിയിലെ കസേരയിൽ പേരെഴുതിവക്കും.
പേരെഴുതിയവർ എത്തിയില്ലെങ്കിൽ കസേര പിൻവലിക്കും. നാടമുറിക്കേണ്ട ചടങ്ങുകളിൽ നിരന്നുനിൽക്കേണ്ടവരെ ആദ്യമേ തീരുമാനിക്കും. അങ്ങനെയങ്ങനെ നിർദേശങ്ങൾ നിരവധിയാണ്. അതൊക്കെ പാലിച്ചാൽ കോൺഗ്രസ് കോൺഗ്രസ് അല്ലാതാകില്ലേയെന്ന് സംശയിക്കുന്നവരുമുണ്ട്. ക്യാമറ കാണുമ്പോൾ സ്ഥലജലഭ്രമമെന്നത് ചിലരുടെ ജന്മദോഷമോ ജന്മഗുണമോ മറ്റോ ആണ്. ക്ഷണിച്ചാലും ക്ഷണിച്ചില്ലെങ്കിലും വേദിയിൽ കയറിയിരിക്കുന്ന ചിലരുണ്ട്.
ചുറ്റുവട്ടത്തൊന്നും കണ്ടില്ലെങ്കിലും ക്യാമറ ഫ്ലാഷ് മിന്നിത്തുടങ്ങുമ്പോഴേക്കും തിക്കിത്തിരക്കി ഒന്നാം നിരയിലെത്തുന്നവരുമുണ്ട്. അത്തരം കൊള്ളിയാന്മാർ ഉൾപ്പെടാത്ത ഫ്രെയിം ക്ലിക്ക് ചെയ്തിട്ടുവേണം ജോലിയിൽനിന്ന് വിരമിക്കാനെന്ന് ആത്മഗതമുള്ളവരാണ് കോഴിക്കോട്ടെയും മറ്റും ചില പത്രഫോട്ടോഗ്രാഫമാർ.
അങ്ങനെയുള്ള നാട്ടിലാണിപ്പോൾ കെപിസിസി നിർദേശങ്ങളുമായി വന്നിട്ടുള്ളത്. ചിത്രത്തിൽ പതിയാനുള്ള സുഖക്കേട് കോൺഗ്രസിലെ മാത്രം കാഴ്ചയല്ലെന്ന് സമാധാനിക്കാം. അത്തരം ‘ഉപ്പിത്തുള്ളന്മാർക്ക്’ വിലക്ക് ഏർപ്പെടുത്തുന്നത് പാരമ്പര്യക്കാരെ അവഗണിക്കുന്നതിന് തുല്യമായിരിക്കും. പാരമ്പര്യ വൈദ്യന്മാരെക്കുറിച്ചുള്ള മുഖ്യൻ്റെ ഓർമ്മപ്പെടുത്തൽ എല്ലാ പാരമ്പര്യരീതികൾക്കും ബാധകമാക്കുന്നതാണ് നല്ലത്.