ശ്രീനഗര്‍: വിനോദസഞ്ചാര മേഖലയിൽ നടന്ന ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു.
കശ്മീരിലെ പഹല്‍ഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ പുല്‍മേട്ടില്‍ ആയിരുന്നു ആക്രമണം. ഭീകരര്‍ താണ്ഡവമാടിയപ്പോള്‍ 26 പേർ മരിച്ചു വീണു. ഇവരിൽ ഭൂരിഭാഗവും വിനോദ സഞ്ചാരികളായിരുന്നു. 2019-ല്‍ പുല്‍വാമയിലെ സംഭവത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പക്ഷേ, പുല്‍വാമയിൽ സൈനികരാണ് വീരമൃത്യു വരിച്ചത്.
കൊല്ലപ്പെട്ട 26 പേരില്‍ രണ്ട് വിദേശികളും രണ്ട് തദ്ദേശീയരും ഉള്‍പ്പെടുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനും മരിച്ചരുടെ പട്ടികയിലുണ്ട്. തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ , കർണാടക, മഹാരാഷ്ട എന്നീ സംസ്ഥാനക്കാരും മരിച്ചവരിലുണ്ട് എന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് രാജ്യം സന്ദര്‍ശിക്കുന്ന വേളയിലാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.
പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണിവിടം. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാണിത്. മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് വിളിപ്പേരുള്ള ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധധാരികളായ ഭീകരര്‍, ഭക്ഷണശാലകള്‍ക്ക് ചുറ്റും കൂടിനിന്നവരും കുതിര സവാരി നടത്തുകയായിരുന്നവരുമടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
2019 ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതിന് ശേഷമാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) രൂപീകൃതമായത്. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണ് നേതൃത്വത്തില്‍ ഉണ്ടായിരുന്നത്.
കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ടിആര്‍എഫിന് ടെലിഗ്രാം, വാട്‌സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ സാന്നിധ്യമുണ്ട്.സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്.
കുപ്‌വാരയില്‍ ഭീകരബന്ധമുള്ള ചിലരെ ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയപ്പോഴാണ് ഈ പുതിയ സംഘടനയുടെ ഉദയത്തെക്കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ ഉപേക്ഷിച്ച ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു. 2020 മുതലാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഈ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തുടങ്ങിയത്.
വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും, ടിആര്‍എഫ് മാത്രമായിരുന്നു അവയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. 2024 ഒക്ടോബര്‍ 20-ന് നടന്ന ഗന്തര്‍ബലിലെ സോനാമാര്‍ഗ് ടണല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ടിആര്‍എഫ് ഏറ്റെടുത്തിരുന്നു.
2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) അനുസരിച്ച് ടിആര്‍എഫിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റം, പാകിസ്താനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക എന്നിവയിലും ടിആര്‍എഫിന് ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.സുരക്ഷാ ഏജന്‍സികളുമായി അടിയന്തര അവലോകന യോഗം ചേരുന്നതിനായി ശ്രീനഗറിലെത്തിയിട്ടുണ്ട്.
തന്റെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ആക്രമണത്തിന്റെ ഇരയായ കര്‍ണാടക സ്വദേശി മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി പറഞ്ഞു.തന്നെ കൊല്ലില്ലെന്നും പോയി മോദിയോട് പറയൂവെന്ന് ഭീകരര്‍ പറഞ്ഞതായും പല്ലവി പറയുന്നു.