പിണറായിയുടെ ആസനം താങ്ങുന്ന സാംസ്ക്കാരിക നായകർ ..

തൃശ്ശൂർ: സാംസ്കാരികനായകരിൽ തൊണ്ണൂറു ശതമാനം ആളുകളെയും നിസ്സാരവിലക്ക് തന്റെ വൈതാളികർ ആക്കാൻ പിണറായി വിജയന് കഴിഞ്ഞുവെന്ന് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്ററ് താഴെ ചേർക്കുന്നു:

ഇ.എം.എസ്, വി.എസ്,പിണറായി എന്നീ 3 സ്റ്റാലിൻമാർ തങ്ങളുടെ കാലത്ത് നടത്തിയ വെട്ടിനിരത്തലുകളിൽ നാം ചെറുപ്പകാലത്തു പരിചയപ്പെട്ടിട്ടുള്ള സി. പി. എമ്മിലെ പ്രതിഭകളും അപൂർവം സുമനസ്സുകളും നശിച്ചു പോയി.അതിനാൽ പിണറായിയിൽ ജനിച്ച പ്രസ്ഥാനം അവസാനത്തെ സ്റ്റാലിനിസ്റ്റ് പ്രതിഭയായ പിണറായിയോടെ അവസാനിക്കും.

അതിനർത്ഥം പിണറായിക്ക് ഇന്ന് സഹായികൾ ഇല്ലെന്നല്ല.സമസ്ത പോഷകസംഘടനകളുടെയും ബ്രാഞ്ചു തലങ്ങൾ വരെയുള്ള ഘടകങ്ങളുടെയും തലപ്പത്തൊക്കെ അതേ മനോഘടനയുള്ള കുഞ്ഞു പിണറായിമാർ വളരെ ജൈവികമായി ഉണ്ടായി വന്നിട്ടുണ്ട്. മരപ്പൊട്ടൻമാരാണെന്നൊക്കെ തോന്നിപ്പിക്കും . പക്ഷെ ശരിക്കും അണലികളാണ്. ഇത്തരം അണികളുടെ സഹായം തന്നെ ധാരാളമല്ലേ ?

പോരാത്തതിന്,SFI എന്ന അന്തംകമ്മി ജനിതകകേന്ദ്രത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ് നല്ല പങ്ക് മാധ്യമപ്രവർത്തകരും.അവർ മലയാളിയുടെ മനോഘടന തന്നെ മാറ്റിമറിക്കുന്നത് നമ്മുടെ കണ്മുന്നിൽ തന്നെ കാണുന്നില്ലേ?

ഏകാധിപതികൾ എന്ന് കുപ്രസിദ്ധരായ സ്റ്റാലിനോ പഴയ കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റുകൾക്കോ സ്വേഛാധിപതികൾ ആയിരുന്ന /ആയ മാവോക്കോ ബാൽ താക്കറേക്കോ മോദിക്കോ ജയലളിതക്കോ ലഭിക്കാത്ത മറ്റൊരു അസുലഭ ഭാഗ്യവും കേരളസ്റ്റാലിനു ലഭിച്ചിട്ടുണ്ട്. തന്റെ കാലത്തെ സാംസ്കാരികനായകരിൽ 90% ആളുകളെയും നിസ്സാരവിലക്ക് തന്റെ വൈതാളികർ ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ആ ഭാഗ്യം -നോബൽ യശ :പ്രാർത്ഥികൾ, ജ്ഞാനപീഠക്കാർ, എഴുത്തച്ഛൻമാർ, ഫാൽക്കെമാർ. ആരെ വേണം?

ഇന്നു രാവിലെ ഫാൽക്കെ ഗോപാലകൃഷ്ണൻ പിണറായിയുടെ ആസനം താങ്ങുന്നത് കണ്ടില്ലേ? അടുത്ത ഭരണത്തിൽ ആരു വരും എന്ന് ഇപ്പോൾ മുഴുവനായും പ്രവചിക്കാൻ ആകാത്തതിനാൽ അയാൾ പക്ഷെ ഒരു സുരക്ഷാവ്യവസ്ഥ തന്റെ വാക്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട് : ഉമ്മൻ ചാണ്ടിയും മഹാനാണ് എന്ന് പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുൻപ് സക്കറിയ, മൂന്നാഴ്ച മുൻപ് പള്ളിക്കുന്ന് പപ്പനാവൻ. ആരില്ല എന്ന് ചോദിച്ചാൽ മതി.