സംസ്ക്കാരം സര്‍വ്വ പ്രധാനം

പി.രാജന്‍

തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കും.പള്ളികളിലെ ഓശാന ശുശ്രൂഷയിലും ഇഫ്താര്‍ വിരുന്നുകളിലും പങ്കെടുക്കും. സര്‍വ്വ മതസ്ഥരോടും ബഹുമാനം പ്രകടിപ്പിക്കുന്ന ഈ കാഴ്ച സത്യത്തില്‍ അരോചകമുളവാക്കുന്നു.നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കില്‍ മതങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് സ്ഥാനമില്ല എന്നാണോ ഈ പ്രകടനങ്ങള്‍ക്കര്‍ത്ഥം?

മതങ്ങളെല്ലാം മനുഷ്യനെ ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന പ്രചരണം ഹിന്ദുമതത്തിന്‍റെ സമര്‍ത്ഥമായ കള്ളത്തരമാണെന്ന് സുവിശേഷ പ്രചാരകന്‍ ദിനകരന്‍ ഒരു ലേഖനത്തിലെഴുതിയിരുന്നു. ആ നിരീക്ഷണത്തില്‍ സത്യമുണ്ട്. എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും അതേ സമയം മതപരിവര്‍ത്തനത്തെ അംഗീകരിക്കുകയും ചെയ്യുവാന്‍ കഴിയില്ല. മതവും മതപരമായ ആചാരങ്ങളും തികച്ചും വ്യക്തിപരമായിരിക്കണമെന്നാണ് എന്‍റെ അഭിപ്രായം.

ദൈവം എന്ന സങ്കല്‍പ്പം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. അതിനാല്‍ ഓരോരുത്തരും വ്യക്തിപരമായ മത വീക്ഷണം വച്ചു പുലര്‍ത്തുന്നതാണ് മതേതര ജനാധിപത്യത്തിന് ഭൂഷണം. എന്നിരുന്നാലും മതം മനുഷ്യന്‍റെ സാംസ്ക്കാരികോന്നമനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇപ്പോള്‍ ലോക്സഭയിലേക്ക് മത്സരിക്കുന്ന ഡോ.കെ.എസ്.രാധാകൃഷ്ണന്‍ മുമ്പൊരു ദിവസം വൈകുന്നേരം എന്‍റെ വീട്ടില്‍ വന്നപ്പോഴുണ്ടായ സംഭവം ഞാനോര്‍ക്കുന്നു. ഞങ്ങള്‍ സംസാരിച്ചിരിക്കവേ സന്ധ്യക്ക് എന്‍റെ അമ്മ പതിവ് പോലെ കത്തിച്ച നിലവിളക്കുമായി ഉമ്മറത്തേക്ക് വന്നു.

അത് കണ്ട രാധാകൃഷ്ണന്‍ എണീറ്റ് ദീപത്തെ നോക്കി പ്രാര്‍ത്ഥനാനിരതനായി കൈകൂപ്പി. ഞാനാകട്ടെ സോഫയില്‍ നിന്ന് എണീറ്റത് പോലുമില്ല. രാധാകൃഷ്ണന്‍റെ പ്രവൃത്തിയില്‍ സന്തുഷ്ടയായ അമ്മ അദ്ദേഹത്തെ പുകഴ്ത്തുകയും സന്ധ്യാദീപത്തിനോട് അനാദരവ് കാട്ടിയ എന്നെ ശാസിക്കുകയും ചെയ്തു.

എന്‍റെ അമ്മ പഴയ കൊച്ചി രാജ്യത്തിലെ തലപ്പിള്ളി താലൂക്കിലെ ഒരു ആഢ്യ നായര്‍ തറവാട്ടംഗമായിരുന്നു. ഗാന്ധിയനായ എന്‍റെ അച്ഛന്‍റെ സഹവാസത്താല്‍ തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങള്‍ ഉപേക്ഷിച്ചിരുന്നുവെങ്കിലും ജാതി ചിന്ത തീര്‍ത്തും ഉപേക്ഷിച്ചിരുന്നില്ല.

രാധാകൃഷ്ണന്‍ പോയശേഷവും അദ്ദേഹത്തെ പ്രശംസിച്ച അമ്മയെ ഒന്ന് കളിയാക്കാനായി ഞാന്‍ പറഞ്ഞു അദ്ദേഹം മുക്കുവരുടെ ജാതിയില്‍ പിറന്നവനാണെന്ന്. “ജാതിയല്ല പ്രധാനം; സംസ്ക്കാരമാണ്. നീ നിന്‍റെ സുഹൃത്തിനോളം സംസ്ക്കാരചിത്തനല്ല” എന്നായിരുന്നു അമ്മയുടെ പ്രതികരണം. അതെ; സംസ്ക്കാരം തന്നെയാണ് സര്‍വ്വ പ്രധാനം.

പ്രസിദ്ധ സാഹിത്യകാരി മാധവിക്കുട്ടി(കമലദാസ്)യെ ഞാനാദ്യം കാണുന്നത് കൊച്ചിയിലെ വിമാനത്താവളത്തില്‍ വച്ചാണ്. വിദേശത്ത് നിന്ന് മടങ്ങി വരുന്ന അവരെ സ്വീകരിക്കാന്‍ അവരുടെ പിതാവായ വി.എം.നായരോടൊപ്പം പോയതായിരുന്നു ഞാന്‍.

അവരുടെ കുടുംബ സുഹൃത്തായ കൊച്ചിയിലെ ഒരു ബ്രിട്ടീഷ് സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥനും അവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മാധവിക്കുട്ടിയുടെ കവിളില്‍ മുത്തം നല്‍കിക്കൊണ്ടായിരുന്നു അദ്ദേഹം അവരെ സ്വീകരിച്ചത്. ആ ഉദ്യോഗസ്ഥന്‍റേയും ബാലാമണിയമ്മയുടെ മകളുടേയും പെരുമാറ്റം എന്തുകൊണ്ടോ എനിക്ക് തീരെ ദഹിച്ചില്ല.

സംസ്കാരത്തില്‍ ഭാരതീയത ഒരു ഘടകമാണെന്ന് ഞാന്‍ കരുതുന്നു. പുരോഗമനവാദികള്‍ എന്ന് സ്വയം കരുതുന്ന ചെറുപ്പക്കാര്‍ “വലന്‍റൈന്‍സ് ഡേ” ആഘോഷിക്കുന്നതും ദീപാവലിക്ക് ദീപം തെളിയിക്കുന്നതിനെ പരിഹസിക്കുന്നതും കാണുമ്പോള്‍ എനിക്ക് തമാശയാണ് തോന്നുന്നത്. എന്തായാലും എല്ലാ മതങ്ങളോടും തുല്യ ബഹുമാനം പുലര്‍ത്തുന്നത് ഹൈന്ദവ സംസ്കൃതിയുടെ സ്വാധീനത്തിന്റെ അംഗീകാരമാണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല