ചന്ദ്രയാന്‍-3 യില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

In Special Story
August 07, 2023

ബംഗലൂരു: കഴിഞ്ഞ ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ബാംഗ്‌ളൂരിലെ ഓപ്പറേഷന്‍ മിഷന്‍ കോംപ്‌ളക്‌സിലെ ഇസ്ട്രാക് കേന്ദ്രത്തിലിരുന്നാണ് ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് താഴ്ത്തിയത്.

ആഗസ്റ്റ് ഒന്നിന് ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് പുറത്തുചാടിയ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ചുറ്റും ഭ്രമണം ചെയ്യും വിധം എത്തിയെങ്കിലും ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ എത്തിയിരുന്നില്ല.

ഇവിടെ എത്തിയ ശേഷമേ ചന്ദ്രനിലേക്ക് താഴ്ന്ന് അടുക്കുന്ന പ്രക്രിയ തുടങ്ങൂ. അഞ്ച് തവണ ഭ്രമണപഥം താഴ്ത്തും. 17ന് പേടകത്തില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ പുറത്തിറക്കും.

പിന്നീടുള്ള ദിവസങ്ങളില്‍ ചന്ദ്രനില്‍ പതിയെ ഇറങ്ങാന്‍ പറ്റിയ സ്ഥലം ലാന്‍ഡര്‍ മൊഡ്യൂള്‍ പരിശോധിക്കും. സ്ഥലം കണ്ടെത്തിയാല്‍ ഇറങ്ങാനുള്ള വട്ടം കൂട്ടും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47ഓടെ ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പതിയെ ഇറങ്ങും.
പിന്നീട് ലാന്‍ഡറിലെ വാതില്‍ തുറന്ന് റോവര്‍ ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങും.ജൂലായ് 14നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പറന്നുയര്‍ന്നത്. .