മണിപ്പൂരില്‍ രാഷ്ടീയ പ്രതിസന്ധിയും

In Editors Pick, ഇന്ത്യ
August 07, 2023

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ടീയ പ്രതിസന്ധിയും ഉടലെടുക്കുന്നു. കുക്കി, മെയ്തെ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബി.ജെ.പി സഖ്യകക്ഷി. എന്നാല്‍ ഈ നീക്കം സര്‍ക്കാരിനു ഭീഷണിയാവില്ല.

കുക്കി അനുകൂല കക്ഷിയായ കുക്കി പീപ്പിള്‍സ് അലെയ്ന്‍സ് ആണ് (കെ.പി.എ) ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ അനുസൂയ യുയ്കെയ്ക്ക് കത്ത് നല്‍കിയത് .

രണ്ട് എം.എല്‍.എമാരാണ് കെ.പി.എയ്ക്ക് ഉള്ളത്. നിലവിലെ സംഘര്‍ഷത്തിന്റെ സാഹചര്യം സസൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിരേന്‍ സിംഗ് സര്‍ക്കാരിന് പിന്തുണ നല്‍കുന്നതില്‍ ഫലമില്ല എന്ന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പാര്‍ട്ടി അറിയിച്ചു.

അതേസമയം സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. അര്‍ദ്ധ സൈനിക വിഭാഗങ്ങളായ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നിവയിലെ പത്ത് കമ്ബനികളെ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.