സുരേഷ് ഗോപിക്ക് ഒപ്പം ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി :നരേന്ദ്ര മോദി മൂന്നാം വട്ടവും എൻ ഡി എ യുടെ പ്രധാനമന്ത്രിയാകുമ്പോൾ, കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിക്ക് ഒപ്പം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്.

ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം മന്ത്രിസഭയിൽ അംഗമാകുന്നത്.ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യന് തുണയായി.പാർടി ദേശീയ നിർവാഹക സമിതി അംഗവും യുവമോർച്ച ദേശീയ ഉപാധ്യക്ഷനും ആയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്.

യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന ജോർജ് കുര്യൻ, 2016 ൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. ഒ രാജഗോപാൽ കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കോട്ടയം സ്വദേശിയാണ് ജോർജ്ജ് കുര്യൻ.