മോദി വീണ്ടും; സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും മന്ത്രിമാർ

ന്യൂഡൽഹി :നരേന്ദ്ര മോദി മൂന്നാം വട്ടവും എൻ ഡി എ യുടെ പ്രധാനമന്ത്രിയായപ്പോൾ, കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിക്ക് ഒപ്പം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസഭയിലെത്തി.

രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും ലഭിച്ചു.

ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യൻ മന്ത്രിസഭയിൽ അംഗമായത്.ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധം ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യന് തുണയായി.പാർടി ദേശീയ നിർവാഹക സമിതി അംഗവും യുവമോർച്ച ദേശീയ ഉപാധ്യക്ഷനും ആയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്.

യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന ജോർജ് കുര്യൻ, 2016 ൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. ഒ രാജഗോപാൽ കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കോട്ടയം സ്വദേശിയാണ് ജോർജ്ജ് കുര്യൻ.

സത്യപ്രതിജ്ഞക്ക് മുമ്പ് എൻ സി പി കലാപക്കൊടി ഉയർത്തിയത് എൻ ഡി എ ക്ക് കല്ലുകടിയായി. കാബിനറ്റ് മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ സഹമന്ത്രിയാവുക എന്ന നിർദേശം അംഗീകരിക്കാനാകില്ലെന്ന് എൻ സി പി
വ്യക്തമാക്കി.

അതിനിടെ എൻ സി പിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി സജീവമാക്കിയിട്ടുണ്ട്. ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പിന്നീട് പരി​ഗണിക്കുമെന്നാണ് അവർ പറയുന്നത്.