അവഗണനയെന്ന് പദ്മജ വേണുഗോപാൽ; ഭാഗ്യം തേടി ബി ജെ പിയിലേക്ക്

ന്യൂഡൽഹി : മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ മകളും കെ.മുരളീധരൻ എം.പിയുടെ സഹോദരിയുമായ പദ്മജ വേണുഗോപാൽ ബി ജെ പി യിൽ ചേരുന്നു. കെ പി സി സി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് അവർ.

ഡൽഹിയിലെത്തി പദ്‍മജ ബി ജെ പി അംഗത്വം സ്വീകരിക്കും. കോൺഗ്രസ് അവഗണിക്കുന്നതു കൊണ്ടാണ് ഈ കൂറുമാററം എന്നാണ് വിശദീകരണം. പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർ തന്നെ രംഗത്തുവന്നിരുന്നു.

കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പദ്‍മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പദ്‍മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2004 ൽ മുകുന്ദപുരം ലോക്സഭാമണ്ഡ‍ലത്തിൽനിന്നും പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പൻ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്.