December 13, 2024 10:42 am

മാംസാഹാരം ഒഴിവാക്കി; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ദില്ലി : ലക്ഷദ്വീപ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍നിന്ന് ബീഫ്, ചിക്കന്‍ ഉള്‍പ്പെടെയുള്ള മാംസാഹാരം ഒഴിവാക്കിയ  ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ലക്ഷദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിലും ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

സര്‍ക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്ന് മാംസാഹാരം വിലക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി ചോദ്യംചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

നോണ്‍ വെജിറ്റേറിജന്‍ ഭക്ഷണങ്ങളായ ചിക്കന്‍, ബീഫ് ഉള്‍പ്പെടെയുള്ള മാംസാഹരം സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍നിന്ന് ഒഴിവാക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത് വിദഗ്‌ധോപദേശം ഇല്ലാതെയാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനായ ഐഎച്ച് സയ്യിദ് വാദിച്ചു. ദേശീയ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുന്നതിനും മുമ്പ് 1950 മുതല്‍ ദ്വീപില്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ചുള്ള പോഷക മൂല്യം ഉച്ചഭക്ഷണത്തില്‍ നിലനിര്‍ത്തുന്നുണ്ടെന്ന് കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട, മത്സ്യം എന്നിവ നല്‍കുന്ന കാര്യം ചൂണ്ടിക്കാണിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നഡരാജ് വാദിച്ചു.

ദ്വീപിലെ ഡയറി ഫാമുകള്‍ പൊതുപണം ചോര്‍ത്തുകയാണെന്നും സാമ്പത്തികമായി ഇവ നഷ്ടത്തിലാണെന്നും ഫാമുകള്‍ അടച്ചുപൂട്ടിയ ലക്ഷദ്വീപ് ഭരണകൂട ഉത്തരവിന് ന്യായീകരിച്ചുകൊണ്ട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബെഞ്ചിനെ അറിയിച്ചു.


 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News