ഓൺലൈൻ ആപ്പിൽ നിന്നും കടം ;യുവാവ് ആത്മഹത്യ ചെയ്തു

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്ന അജയ് ഓൺലൈൻ ആപ്പിൽ നിന്നും പണം കടമെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിൽ കുടുംബത്തിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.

ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ദമ്പതികളും മക്കളും ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയിരുന്നു. പിന്നാലെയാണ് വയനാട്ടിലെ സംഭവവും. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. കൂടാതെ സംഘം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കളുടെ ഫോണുകളിലേക്ക് അയച്ചതായും വിവരമുണ്ട്.

‘കാൻഡി ക്യാഷ്’ എന്ന ആപ്പ് വഴിയാണ് അജയ് പണം കടമെടുത്തത്. ആത്മഹത്യയ്ക്ക് അഞ്ചുമിനിട്ട് മുൻപും അജയ്ക്ക് ഭീഷണി സന്ദേശം എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അജയ് സുഹൃത്തുക്കളിൽ നിന്നും ചില പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്തതായാണ് വിവരം. എന്നാൽ മൊബൈൽ ആപ്പിലൂടെ അജയ് ലോണെടുത്ത വിവരം അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News