കെടിഡിഎഫ്‌സി; ഇത്തരമിടങ്ങളിൽ ആലോചനയില്ലാതെ പണമിടരുതെന്ന് ഹൈക്കോടതി

In Main Story
October 03, 2023

തിരുവനന്തപുരം: കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ (കെടിഡിഎഫ്‌സി) ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹര്‍ജി നല്‍കിയത്.

പണം നിക്ഷേപിച്ചവര്‍ക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനം നേരിട്ടു. ഇത്തരം സ്ഥാപനങ്ങളില്‍ ആലോചനയില്ലാതെ പണം നിക്ഷേപിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.എന്തുകൊണ്ടാണ് കെടിഡിഎഫ്‌സി പണം നൽകാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. റിസർവ് ബാങ്കിന്റെ നിയന്ത്രണം കൊണ്ടാണെന്ന് കെഡിഎഫ്സി മറുപടി നൽകി. അങ്ങിനെയെങ്കിൽ കേസില്‍ റിസര്‍വ് ബാങ്കിനെ കക്ഷിയാക്കുമെന്ന് കോടതി വ്യക്തമാക്കി.

കടം നല്‍കിയ പണത്തിന് കെഎസ്ആര്‍ടിസി തിരിച്ചടവും മുടക്കി. ഇതോടെയാണ് സ്ഥാപനം പൂട്ടേണ്ട അവസ്ഥയിലായത്. 580 കോടിയോളം രൂപയാണ് ഈ ധനകാര്യ സ്ഥാപനത്തില്‍ പൊതുജന നിക്ഷപമായുള്ളത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്‌സി പൂട്ടലിന്‍റെ വക്കിലാണ്. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അടക്കം നഷ്ടമായേക്കുമെന്ന സ്ഥിതിയാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചുനല്‍കാനില്ലാതെ പ്രതിസന്ധിയിലാണ് പൊതുമേഖലാ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് സ്ഥാപനത്തിൽ കോടികള്‍ സ്ഥിര നിക്ഷേപമിട്ടവര്‍ കുടുങ്ങിയിരിക്കുകയാണ്. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കും പണം തിരിച്ചു നല്‍കാന്‍ കെടിഡിഎഫ്‌സിക്ക് പറ്റുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരുമാനമില്ല.

നിക്ഷേപങ്ങൾ തിരിച്ചു നല്‍കിയില്ലെങ്കില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നേരത്തെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും, ഒന്നും നടന്നില്ല. കെടിഡിഎഫ്‌സി കൈമലര്‍ത്തിയതോടെ ചില വന്‍കിട നിക്ഷേപകര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുത്താണ് കെഎസ്ആര്‍ടിസിക്ക് കെടിഡിഎഫ്സി വായ്പ നല്‍കിയിരുന്നത്. പിഴപ്പലിശ ഉള്‍പ്പടെ കെഎസ്ആര്‍ടിസി തിരിച്ചടയ്ക്കാനുളളത് 700 കോടിയിലേറെ രൂപയാണ്. ഫലത്തില്‍ കേരളാ ബാങ്കിനെയും പ്രതിസന്ധി ബാധിക്കുമെന്ന അവസ്ഥയിലായി. സർക്കാർ നിർദ്ദേശപ്രകാരം 350 കോടി രൂപയുടെ വായ്പകളാണ് കെടിഡിഎഫ്‌സിക്ക് നല്‍കിയത്. നിയമം അനുശാസിക്കുന്ന കരുതൽ കേരള ബാങ്ക് വച്ചിട്ടുണ്ടെന്നും ബാങ്കിനെ ബാധിക്കില്ലെന്നുമാണ് കേരള ബാങ്ക് പ്രസിഡന്റ് ശ്രീ.ഗോപി കോട്ടമുറിയ്ക്കൽ പറയുന്നത്.