കേരളബാങ്കില്‍നിന്ന് പണം നല്‍കുന്നത് നബാര്‍ഡ് വിലക്കി

In Featured, Special Story
October 03, 2023

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍നിന്ന് പണം നല്‍കുന്നത് നബാര്‍ഡ് വിലക്കി. ശനിയാഴ്ച അടിയന്തര ഫാക്‌സ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാമാര്‍ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് കത്തിലുണ്ടായിരുന്നത്.

ഇതോടെ കരുവന്നൂര്‍ പ്രശ്‌നം സി.പി.എമ്മിനും സര്‍ക്കാരിനും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുകയാണ്. കത്തിന്റെ പകര്‍പ്പുമായി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടു. പണം അനുവദിക്കാന്‍ കഴിയില്ലെന്ന് അവര്‍ വിശദീകരിച്ചു.

കേരളബാങ്കില്‍നിന്നടക്കം പണംകണ്ടെത്തി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ 2022 ഓഗസ്റ്റില്‍ പ്രത്യേക പാക്കേജ് സഹകരണവകുപ്പ് തയ്യാറാക്കിയിരുന്നു. 25 കോടിയായിരുന്നു കേരളബാങ്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, അത് നല്‍കാന്‍ ബാങ്ക് തയ്യാറായില്ല. സര്‍ക്കാര്‍ ഗാരന്റി നല്‍കാത്തതിനാല്‍ മറ്റു സഹകരണ ബാങ്കുകളും നല്‍കിയില്ല. ഇപ്പോള്‍ ഇ.ഡി. അന്വേഷണത്തിന്റെ ഫലമായി സഹകരണ മേഖലയിലാകെ പ്രതിസന്ധിയുണ്ടായ പശ്ചാത്തലത്തിലാണ് ഇടപെടല്‍.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ചൂണ്ടിക്കാട്ടി കേരളബാങ്ക് സ്വീകരിക്കുന്ന നിലപാട് സഹകരണ മേഖലയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നതാണെന്ന പരാതി സി.പി.എമ്മില്‍ ശക്തമാണ്. ക്രിയാത്മക ഇടപെടല്‍ വേണമെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വം ബാങ്ക് ഭരണസമിതിക്ക് നല്‍കിയിട്ടുണ്ട്.

പ്രതിസന്ധിയിലാകുന്ന സഹകരണ ബാങ്കുകളെ സഹായിക്കാന്‍ സഹകരണ സംരക്ഷണനിധി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് കണ്ടെത്തിയ 500 കോടിയില്‍നിന്ന് കരുവന്നൂരിന് സഹായം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. മറ്റു സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപവത്കരിക്കാനുള്ള ആലോചനയുമുണ്ട്.