സന്തോഷ സമൂഹം: ഇന്ത്യ 126 ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സന്തോഷമേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഫിന്‍ലന്റ് തുടര്‍ച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനത്തെത്തി. ഫിന്‍ലന്റിന്റെ പിന്നിലായി ഡന്മാര്‍ക്ക്, ഐസ് ലാന്റ്, സ്വീഡന്‍ എന്നിവ വരുന്നുണ്ട്.

ഇന്ത്യ 126 ാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്ന ഇന്ത്യ ചൈനയ്ക്കും പിന്നിലാണ്. ഇന്ത്യയുടെ റാങ്ക് 126 ആണ്. കഴിഞ്ഞ തവണത്തെ അതേ പടിയില്‍ തന്നെയാണ് ഇന്ത്യ ഇത്തവണയും.

യുഎന്‍ ലോക സന്തോഷ റിപ്പോര്‍ട്ടിലെ 143 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത് 2020 ല്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ എത്തിയ അഫ്ഗാനിസ്ഥാനാണ്. മനുഷ്യജീവിതം ഏറ്റവും പ്രതിസന്ധി നേരിടുന്ന രാജ്യമായിട്ടാണ് അഫ്ഗാനിസ്ഥാനെ വിലയിരുത്തിയത്.

അമേരിക്കയും ജര്‍മ്മനിയും ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തായി. അമേരിക്ക 23 ലും ജര്‍മ്മനി 24 ലേക്കുമാണ് വീണത്.

വൈവാഹിക നില, സാമൂഹ്യ ഇടപെടല്‍, ശാരീരികാരോഗ്യം, വൃദ്ധരായ ഇന്ത്യാക്കാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളുടെ നില, എന്നിവയും പട്ടികയില്‍ പരിഗണിക്കുന്നു.

വൃദ്ധ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം റാങ്കിലുള്ള ഇന്ത്യയില്‍ 140 ദശലക്ഷം പേര്‍ 60 ന് മുകളില്‍ പ്രായമുള്ളവരാണ്. അതേസമയം ചെറിയ രാജ്യങ്ങളായ കോസ്റ്റാറിക്കയും കുവൈറ്റും ആദ്യ 20 ല്‍ എത്തി യഥാക്രമം 12,13 സ്ഥാനങ്ങളില്‍ ഇവര്‍ നില്‍ക്കുമ്ബോള്‍ 15 ദശലക്ഷം പേരുള്ള നെതര്‍ലണ്ടും ഓസ്‌ട്രേലിയയും ആദ്യ പത്തിലും 30 ദശലക്ഷം ജനസംഖ്യയുള്ള കാനഡ ആദ്യ 20 ലും ഉള്‍പ്പെട്ടു.

അഫ്ഗാനിസ്ഥാന്‍, ലെബനന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളാണ് താഴെപ്പോയത്. കിഴക്കന്‍ യൂറോപ്പിലെ സെര്‍ബിയ, ബെള്‍ഗേറിയ, ലാത്വിയ എന്നിവ മുകളിലേക്കും കയറി.

ആളോഹരി ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി തുടങ്ങിയ ഘടകങ്ങള്‍ക്കൊപ്പം ജീവിത സംതൃപ്തിയുടെ വ്യക്തികളുടെ സ്വയം വിലയിരുത്തിയ വിലയിരുത്തലുകളാണ് സന്തോഷത്തിന്റെ റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത്.