December 13, 2024 11:02 am

തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

കൊച്ചി: പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിക്ക് പേരിട്ട് ഹൈക്കോടതി.

താന്‍ നിര്‍ദേശിച്ച പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഭര്‍ത്താവിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മാതാവ് കുടുംബ കോടതിയെ സമീപിച്ചു. ജനന സര്‍ട്ടിഫിക്കറ്റിനായി മാതാപിതാക്കള്‍ ആലുവ നഗരസഭ സെക്രട്ടറിയെ സമീപിക്കാന്‍ കുടുംബ കോടതി ഉത്തരവിട്ടെങ്കിലും ഇതിന് ഇരുവരും കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനക്കെത്തിയത്.

പ്രശ്‌ന പരിഹാരത്തിന് കാത്ത് നില്‍ക്കുന്നത് കുട്ടിക്ക് പേരിടുന്നത് അനന്തമായി വൈകിപ്പിക്കുമെന്നും ഇത് കുട്ടിയുടെ താല്‍പര്യത്തിനും ക്ഷേമത്തിനും വിരുദ്ധമാകുമെന്നും വിലയിരുത്തി പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതിയുടെ നടപടി.

പേര് കുട്ടിയുടെ തിരിച്ചറിയല്‍ സംവിധാനമാണെന്നും ഒരു വ്യക്തിക്കൊപ്പം പേര് എന്നുമുണ്ടാകേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ നന്‍മക്ക് വേണ്ടി എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് പേരിടുന്നതെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് കേസ് പരിഗണിച്ചത്.

കുട്ടി ഇപ്പോള്‍ മാതാവിനൊപ്പം കഴിയുന്നതിനാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പേരിന് മുന്‍ഗണന നല്‍കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.പേരില്‍ പിതാവിന് തര്‍ക്കമുള്ളതിനാല്‍ മാതാവ് നിര്‍ദേശിക്കുന്ന പേരിനൊപ്പം പിതാവിന്റെ പേര് കൂടി ചേര്‍ക്കുകയും ചെയ്യാം. ഈ നിര്‍ദേശം ഇരുവരും അംഗീകരിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരിയായ മാതാവിന് ഈ പേരുമായി രജിസ്ട്രാറെ സമീപിക്കാമെന്നും പിതാവിന്റെ അനുമതിക്ക് നിര്‍ബന്ധിക്കാതെ ഈ പേര് രജിസ്ട്രാര്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ജനന മരണ രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ രക്ഷിതാവ് എന്നാല്‍, മാതാവോ പിതാവോ മാത്രമാണെന്നും ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ച് ‘രക്ഷിതാക്കള്‍’ എന്ന രീതിയില്‍ പരാമര്‍ശിക്കപ്പെടുന്നതെന്നും കോടതി വിലയിരുത്തി. അതിനാല്‍, മാതാപിതാക്കളില്‍ ഒരാള്‍ക്ക് കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാനാവും. ഒരാള്‍ രജിസ്‌ട്രേഷന്‍ അധികൃതരെ സമീപിച്ച് പേരിട്ടാല്‍ അത് തിരുത്തണമെങ്കില്‍ അടുത്ത രക്ഷിതാവിന് നിയമ നടപടികളുടെ സഹായം തേടാം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News