സഞ്ജീവ് ഭട്ടിന് സുപ്രീം കോടതിയുടെ മൂന്നു ലക്ഷം രൂപ പിഴ

In Featured, Special Story
October 04, 2023

ന്യൂഡൽഹി∙ തുടർച്ചയായി ഹർജികൾ സമർപ്പിച്ചതിന് മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. സഞ്ജീവ് സമർപ്പിച്ച മൂന്നു ഹർജികൾ തള്ളിയ സുപ്രീം കോടതി ഓരോ ഹർജിക്കും ഒരു ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. ലഹരി മരുന്നു കേസിൽ വ്യാജ തെളിവുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് വിക്രം നാഥ്, രാജേഷ് ബിൻഡാൽ എന്നിവരുടെ ബെഞ്ചാണ് പിഴ ചുമത്തിയത്.

കേസ് നീതിയുക്തമല്ലെന്നു വാദിച്ച സഞ്ജീവ് മറ്റൊരു ബെഞ്ചിലേക്കു കേസിന്റെ വിചാരണ മാറ്റണം എന്നാണ് ഒരു ഹർജിയിൽ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുകൾ ഹാജരാക്കാൻ നിർദേശം നൽകണം, കോടതി നടപടികളുടെ ഓഡിയോ–വിഡിയോ റെക്കോർഡിങ് അനുവദിക്കണം എന്നിങ്ങനെയാണു മറ്റു ഹർജികളിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ഹർജികളെല്ലാം തള്ളിയ സുപ്രീം കോടതി, കേസ് തീർപ്പാക്കാൻ സമയപരിധി നിശ്ചയിക്കുകയും ചെയ്തു. നേരത്തേ, സഞ്ജീവ് ഭട്ടിനു കോടതി 10,000 രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു. 

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബറിലാണ് സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത്. നരേന്ദ്ര മോദിയുടെ ശക്തനായ വിമർശകനാണ് ഇദ്ദേഹം. 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ഇദ്ദേഹം സർവീസിൽനിന്നു വിരമിക്കുന്നതിനു മുൻപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപത്തിൽ വ്യാജ തെളിവു ചമച്ചെന്ന് ആരോപിച്ചും സഞ്ജീവ് ഭട്ടിനെ മാധ്യമപ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഡിജിപി ആർ.ബി. ശ്രീകുമാർ എന്നിവർക്കൊപ്പം ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.