December 12, 2024 7:18 pm

നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന; പ്രതി പിടിയിൽ

ചെന്നൈ: നായപരിശീലനത്തിന്റെ മറവിൽ കഞ്ചാവു വിൽപന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടു കടന്ന പ്രതി പിടിയിൽ. കുമാരനല്ലൂർ വല്യാലിൻചുവടിനു സമീപം ഡെൽറ്റ 9 എന്ന സ്ഥാപനം നടത്തിയിരുന്ന പാറമ്പുഴ തെക്കേതുണ്ടത്തിൽ റോബിൻ ജോർജ് (28) ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. റോബിന്റെ കിടപ്പുമുറിയിൽ നിന്ന് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 17.8 കിലോ കഞ്ചാവ് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

വിദേശ ബ്രീഡ് ഉൾപ്പെടെ പതിമൂന്ന് നായ്‌ക്കളെയാണ് ഇയാൾ കഞ്ചാവ് വിൽപ്പനയ്‌ക്ക് കാവൽ നിർത്താനായി വളർത്തിയിരുന്നത്. കാക്കി കണ്ടാൽ ആക്രമിക്കണം എന്ന തരത്തിലാണ് നായ്‌ക്കൾക്ക് റോബിൻ പരിശീലനം നൽകിയിരുന്നത്.

ഞായറാഴ്ച പുലർച്ചെ പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റിൽ ചാടിയാണ് ഇയാൾ കടന്നുകളഞ്ഞത്. പുലർച്ചെ കൊശമറ്റം കോളനിയുടെ ഭാഗത്തുവച്ച് മീനച്ചിലാറ്റിൽ ചാടുകയായിരുന്നു. 50 മീറ്ററിലധികം വീതിയുള്ള ആറു നീന്തി അക്കരെയെത്തിയ റോബിൻ കോളനിക്കുള്ളിലൂടെ എത്തിയ ഓട്ടോയിൽ കയറിപ്പോയതായി പൊലീസ് കണ്ടെത്തി. കൊശമറ്റം കോളനിക്കുള്ളിലാണു റോബിന്റെ സ്വന്തം വീട്.

വല്യാലിൻചുവടിലെ പരിശീലനകേന്ദ്രത്തിൽ നിന്നു പൊലീസ് 17.8 കിലോ കഞ്ചാവു പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കൾക്കു റോബിൻ നൽകിയിരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വ്യക്തമാക്കി. റോബിനെതിരെ ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നതിനെതിരായ എൻഡിപിഎസ് നിയമപ്രകാരം പൊലീസ് കേസും റജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News