മൈലപ്ര സർവീസ് സഹകരണബാങ്ക്; അടുപ്പക്കാർക്കു വാരിക്കോരി വായ്പ്പ

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണബാങ്കിൽ മുൻ പ്രസിഡന്റ് ജെറി ഇൗശോ ഉമ്മനും സെക്രട്ടറി ജോഷ്വാ മാത്യുവിനും ബന്ധുക്കൾക്കും വാരിക്കോരി വായ്പ നൽകിയതായി സഹകരണവകുപ്പ് കണ്ടെത്തി. ഇരുവർക്കും ബന്ധുക്കൾക്കുമായി 36 വായ്പയാണ് നൽകിയത്. മുതലും പലിശയുമടക്കം 20.95 കോടി രൂപയാണ് ബാങ്കിന് തിരിച്ചുകിട്ടാനുള്ളത്.

റിമാൻഡിൽ കഴിയുന്ന ജോഷ്വാ മാത്യുവിനും ബന്ധുക്കൾക്കുമാണ് വായ്പ കൂടുതൽ. 28 വായ്പയാണ് ജോഷ്വാ മാത്യുവും ബന്ധുക്കളും എടുത്തത്. പിതാവ്, ഭാര്യ, മകൾ, സഹോദരൻ, സഹോദരന്റെ ഭാര്യ, സഹോദരി, ഭാര്യയുടെ സഹോദരി, അടുത്ത ബന്ധു എന്നിവരുടെപേരിലാണ് വായ്പകൾ. മുൻ പ്രസിഡന്റ്‌ ജെറി ഇൗശോ ഉമ്മൻ, ഭാര്യ, മകൾ, മരുമകൻ എന്നിവരുടെപേരിൽ എട്ട്‌ വായ്പയുണ്ട്. ഇതിൽ ഓരോരുത്തരുടെപേരിലും രണ്ടുവീതം വായ്പയുണ്ട്. എല്ലാ വായ്പകളും ക്രമവിരുദ്ധമായാണ് നൽകിയതെന്നും അന്വേഷണറിപ്പോർട്ടിലുണ്ട്.

ബാങ്കിലെ കണക്കുകളിൽ വ്യാപകക്രമക്കേടുണ്ടെന്നും കണ്ടെത്തി. പലതിനും കൃത്യമായ രജിസ്റ്ററുകളില്ല. ഉള്ളത് കൃത്യമായി രേഖപ്പെടുത്താറില്ല. ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്താണ് വായ്പ കൂടുതലും നൽകിയിരിക്കുന്നത്. ലോൺ അപേക്ഷകളിലൊന്നും ഭരണസമിതിയംഗങ്ങളുടെ ഒപ്പില്ല. പകരം മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഒപ്പ് മാത്രമാണുള്ളത്.

കൗണ്ടറിൽനിന്ന് പലപ്പോഴായി രണ്ടുലക്ഷം രൂപവീതം മുൻ സെക്രട്ടറി വാങ്ങിയത് തിരിച്ചടച്ചിട്ടില്ല. ബാങ്കിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിലേക്ക് ഗോതമ്പ് സ്റ്റോെക്കടുത്തതിലും വൻ ക്രമക്കേട് കണ്ടെത്തി. വൗച്ചറുകൾ കൂട്ടത്തോടെ രജിസ്റ്ററിൽ ചേർക്കാൻ കൊണ്ടുവരുന്നതല്ലാതെ, ഫാക്ടറിയിൽ ഗോതമ്പ് എത്തിയോ എന്നുള്ള പരിശോധന നടന്നില്ല. ഇങ്ങനെ 3.94 കോടി രൂപയാണ് മുൻ സെക്രട്ടറി തട്ടിയെടുത്തതെന്നാണ് ആരോപണം. 140 പേജുള്ളതാണ് അന്വേഷണറിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News