ആർ.ശങ്കർ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്

ആർ.ഗോപാലകൃഷ്ണൻ

🌍

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി യായിരുന്നുവല്ലോ ആർ.ശങ്കർ.ആദ്യത്തെത് ഇ എം എസ്. അടുത്തത് പട്ടം താണുപിള്ള. മൂന്നാമത്തെത് ശങ്കർ.

കോൺസ് മറ്റ് ഘടകക്ഷികൾ ഒന്നുമില്ലാതെ രൂപവൽക്കരിച്ച മന്ത്രിസഭയായിരുന്നു ശങ്കറിൻ്റേത്. വിദ്യാഭ്യാസ രംഗത്തും മറ്റും ദീർഘദർശനത്തോടെ പല പരിഷ്കാരങ്ങളും നടപ്പിലാക്കായ മന്ത്രിസഭയായിരുന്നു അത്. കേരള ചരിത്രത്തിൽ, വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ഏക അവസരവും അതായിരുന്നു.

Our Founder & Our Manager – Sree Narayana College Chathannur

കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം,ചില ഗ്രൂപ്പ് മത്സരങ്ങളെ തുടർന്ന്, 1964-ൽ കോൺഗ്രസ് മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു .എന്നാൽ മരിക്കുന്നതു വരെ ശങ്കർ അടിയുറച്ച കോണ്‍ഗ്രസുകാരൻ തന്നെയായി തുടർന്നു.

എസ്‌.എൻ.ഡി.പി.യോഗം സെക്രട്ടറി സ്ഥാനം വരെ വഹിക്കുകയും സമുദായരംഗത്തും വളരെ സജീവമായി പ്രവർത്തിക്കുകയും ചെയ്തു.വിദ്യാഭ്യാസ പ്രവർത്തനത്തിനായി എസ്.എൻ.ട്രസ്റ്റ് രൂപീകരിച്ചതും അനേകം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചതും ശങ്കർ തന്നെ. ഭരണനിപുണൻ, പ്രസംഗകൻ, എഴുത്തുകാരൻ എന്ന നിലകളിലും അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു.

അദ്ദേഹത്തിൻ്റെ 51-ാം ചരമവാർഷിക ദിനം, ചൊവ്വാഴ്ചയാണ്.

🌍

അന്നത്തെ കൊല്ലം ജില്ലയിലെ (കൊട്ടാരക്കര താലൂക്കിലെ) പുത്തൂരിൽ കുഴിക്കലിടവകയിൽ വിളയിൽ, ഒരു നെയ്ത്തു കുടുംബത്തിൽ രാമൻവൈദ്യർ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി1909 ഏപ്രിൽ 30-ന്, ശങ്കർ ജനിച്ചു.

പുത്തൂര്‍, കൊട്ടാരക്കര ഇവിടങ്ങളില്‍ നിന്നായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1924-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേരുകയും അവിടെ നിന്ന് രസതന്ത്ര ബിരുദം നേടുകയും ചെയ്തു. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ, പ്രധാനാദ്ധ്യാപകനായി 1931-ൽ നിയമിതനായി.അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ നിന്ന് ബി.എൽ.നേടി.1936 മുതൽ അഭിഭാഷകനായി.

പിന്നീടദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 1938 കാലത്ത് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഒരു പ്രമുഖ നേതാവായി മാറുകയും ചെയ്തു. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരിക്കെ നിയമ നിഷേധം നടത്തിയെന്നാരോപിച്ച് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പലവട്ടം അറസ്റ്റ് ചെയ്യുകയും തടവിലിടുകയും ചെയ്തിരുന്നു.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 1948-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കൊല്ലത്തു നിന്ന് മത്സരിച്ച് തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായി. പിന്നീട് മന്നത്തു പത്മനാഭനോടൊപ്പം ചേര്‍ന്ന് ഹിന്ദു മഹാമണ്ഡലം എന്ന സംഘടന രൂപീകരിച്ചു.

കോണ്‍ഗ്രസ്സിന്റെ നയപരിപാടികളുമായി പൊരുത്തപ്പെടാത്ത ഹിന്ദു എം.എല്‍.എ.-മാരെ സംഘടിപ്പിച്ച് ഡമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രൂപം കൊടുത്തെങ്കിലും പിന്നീടതു പിരിച്ചുവിട്ട് മാതൃ സംഘടനയില്‍ ലയിച്ച് കോണ്‍ഗ്രസ്സിന്റെ അടിത്തറ വിപുലപ്പെടുത്താന്‍ വ്യാപൃതനായി.

സ്വന്തം ഉടമസ്ഥതയിൽ 1954-ല്‍ ആരംഭിച്ച ‘ദിനമണി’ എന്ന ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്നത്, ശങ്കർ തന്നെയാണ്.

🌍

 

R. Sankar - Wikidata

കോൺഗ്രസ്സുകാരനായി രാഷ്ടീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവ് എന്ന നിലയിലും, പാർട്ടിയെ നയിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസ്സിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്തു.

നിർണ്ണായക ഘട്ടങ്ങളിൽ കെ. പി. സി. സി പ്രസിഡന്റ്‌ ആയിരുന്ന അദ്ദഹം തന്റെ പാർട്ടിയുടെ ജനകീയ സമരങ്ങളെ വിജയത്തിലേക്ക് നയിച്ചു. 1959-ൽ മന്നത്ത് പത്മനാഭന്‍, പി.ടി. ചാക്കോ എന്നിവരോടൊപ്പം വിമോചന സമരത്തിന്റെ നേതൃ നിരയില്‍ ശങ്കറുമുണ്ടായിരുന്നു.വിമോചനസമരത്തിനു് നേതൃത്വം നൽകി; അക്കാലത്തു് അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു.

1948-ൽ തിരുവിതാംകൂർ സംസ്ഥാന അസംബ്ലിയിലും, 1949 മുതൽ 1956 വരെ തിരു-കൊച്ചി സംസ്ഥാന അസംബ്ലിയിലും അംഗമായിരുന്നു. 1960-ല്‍ കേരള നിയമസഭയിലേക്ക് നടന്ന രണ്ടാം പൊതു തെരഞ്ഞെടുപ്പില്‍ ശങ്കര്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ച് നിയമസഭാംഗമായി. 63 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലീഡറായി തെരഞ്ഞെടുത്തത് ആര്‍. ശങ്കറിനെയാണ്.

എന്നാല്‍ 9 സീറ്റുകള്‍ മാത്രമുള്ള പി.എസ്.പി.യുടെ നേതാവായ പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.ശങ്കര്‍ പട്ടം താണുപിള്ളയോടൊപ്പം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
1962-ല്‍ പട്ടം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പഞ്ചാബ് ഗവര്‍ണറായി സ്ഥാനമേറ്റപ്പോള്‍ ശങ്കര്‍ മുഖ്യമന്ത്രി പദത്തിലെത്തി. 1964-ല്‍ കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം എം.എല്‍.എ.മാര്‍ ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുകയും ഭരണപക്ഷത്തു നിന്ന് വിട്ട് നില്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ശങ്കര്‍ മന്ത്രിസഭ രാജി വെച്ചു.

1964-ൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം 1967-ൽ തെരഞ്ഞെടുപ്പിൽ അദ്ദേഹം ചിറയിൻകീഴിൽ അദ്ദേഹം ലോക്‌സഭയിലേക്കു് മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു.

🌍

സമുദായരംഗത്തും വളരെ സജീവമായി പ്രവർത്തിച്ചു.എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി സ്ഥാനത്തു പ്രവർത്തിച്ച (1944) കാലത്തു സംഘടനക്ക് തിളക്കമാർന്ന നേട്ടങ്ങൾ ഉണ്ടായി: വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചതും ഈ സ്ഥാപനങ്ങളുടെ ഭരണത്തിനായി എസ്‌.എൻ. ട്രസ്റ്റു് രൂപീകരിച്ചതും ഇക്കാലത്താണ്.

ഒന്നുമില്ലായ്മയില്‍ നിന്നും ആരംഭിച്ച്, ആവശ്യമായ മൂലധനം സ്വരൂപിച്ച്,‌ ട്രസ്റ്റിനു പതിനെട്ട് കോളേജുകള്‍ കേരളത്തിലുണ്ടാക്കുന്നതിനു മുൻകൈ എടുത്തു. എങ്കിലും ട്രസ്റ്റിൽ ഉണ്ടായ ചേരിതിരിവുകൾ മൂലം, വ്യവഹാരങ്ങൾ ഉണ്ടാകുകയും ശങ്കർ ട്രസ്റ്റ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് കോടതി വിധി വരിക്കകയും ഉണ്ടായി.അതുണ്ടായ ദിവസം തന്നെ അദ്ദേഹം ഈ ലോകം വിട്ടു പോയി.

1972 നവംബർ 7-ന്, വെറും 63-ാം വയസിൽ, അന്തരിച്ചു. (നവംബർ 6-ന് അന്തരിച്ചു എന്നും നവംബർ 13-ന് കേരളാ നിയമസഭ സമ്മേളനം അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു എന്നുമാണ് നിയമസഭാ രേഖകളിൽ.)
ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ; മകൻ മോഹൻ ശങ്കർ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നു.ഒരു മകളും ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തുമ്പോൾ ആദ്യത്തെ പൊതു പരിപാടി, കൊല്ലത്ത് ആർ. ശങ്കറിൻ്റെ പ്രതിമ അനാച്ഛാദന പരിപാടി ആയിരുന്നു – അതിനു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയെ ആദ്യം ക്ഷണിച്ചശേഷം പിന്നീട് വരരുത് എന്ന് നിർദ്ദേശിച്ചത് വൻവിവാദമായിരുന്നു…

🌍

ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് (1964 ആഗസ്തില്‍), കെ. ബാലകൃഷ്ണന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ ആമുഖം ഇങ്ങനെ:

“കാലത്തിന്റെ മുദ്ര ഓണം വിശേഷാല്‍പ്രതിക്ക് നല്കണമെന്നു തീരുമാനമെടുത്തപ്പോള്‍ കാര്യം വളരെ ദുര്‍ഘടമായിരിക്കും എന്ന് ഒരു തോന്നല്‍ ഉണ്ടായിരുന്നില്ല. കഥകളും കവിതകളും ലേഖനങ്ങളും വന്നു. കാലത്തിന്റെ മുദ്രമാത്രം വന്നില്ല. നാം ജീവിക്കുന്ന ഈ കാലത്തിന് ഭരണകൂടം നയിക്കുന്ന മുഖ്യമന്ത്രിയുടെതിനെക്കാള്‍ വലിയ മുദ്രയെന്താണ്?

ഈ ചിന്തയാണ് മുഖ്യമന്ത്രിയുമായി ഒരു അഭിമുഖസംഭാഷണത്തിനു സമയം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റു സെക്രട്ടറിക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. നിലവിലിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി സംസാരിക്കാനും അതു റിപ്പോര്‍ട്ടുചെയ്യാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഒരു പത്രലേഖകന് അസാധാരണ പ്രൗഢി നല്കുന്ന മട്ടില്‍ത്തന്നെ എനിക്ക് സന്ദര്‍ശനാനുവാദം കിട്ടി. ടെലഫോണ്‍പോലും ഘടിപ്പിച്ചിട്ടില്ലാത്ത കുന്നുകുഴിയിലെ അദ്ദേഹത്തിന്റെ സ്വകാര്യവസതിയില്‍ വെച്ച് എന്നെ കാണാന്‍ അദ്ദേഹം തീരുമാനിച്ചു. ഇങ്ങനെ ഒരു അഭിമുഖസംഭാഷണത്തിനു തയ്യാറായത് എന്റെ മേന്മയോ കൗമുദിയുടെ മേന്മയോ എന്ന് ഇപ്പോഴും എനിക്കു നിശ്ചയമില്ല. സ്വസ്ഥമായിരിക്കുന്ന സ്ഥലമായിരിക്കാം.”
——————————————————————————————————————————————————————————

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക