January 15, 2025 11:59 am

പാലസ്തീനിന്റെ ചുടു ചോര വിൽക്കുന്നവർ..

കൊച്ചി : പലസ്തീൻ അനുകൂല റാലികൾ കേരളത്തിൽ സി പി എമ്മും കോൺഗ്രസ്സും മുസ്ലിം ലീഗും മൽസരാടിസ്ഥാനത്തിൽ നടത്തുന്നത് വോട്ടു പിടിക്കാൻ മാത്രമാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സിസ്.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

കേരളത്തിനു പുറത്ത് ഒരു പട്ടിയും വോട്ട് ചെയ്യാൻ ഇല്ലാത്ത സി പി എമ്മിനു ഒരു പ്രതിച്ഛായാപേടിയുടെയും ആവശ്യമില്ല.കോൺഗ്രസിന്റെ കാര്യം അതല്ല. അവർക്ക് കേരളത്തിൽ മുസ്‌ലിം മുഖംമൂടിയും കേരളത്തിനു പുറത്ത് ഹിന്ദു മുഖംമൂടിയും വയ്ക്കണം – അദ്ദേഹം പരിഹസിക്കുന്നു.

പോസ്ററിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു :

പലസ്തീനിലെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും റാലികൾ നടക്കുന്നുണ്ട്. എന്നാൽ എണ്ണത്തിലും സാന്ദ്രതയിലും കേരളത്തിൽ നടക്കുന്നത്ര റാലികൾ ലോകത്ത് ഒരിടത്തും നടക്കുന്നില്ല.

അത് എന്തുകൊണ്ടാണ്? ഈ റാലികൾ പലസ്തീനിലെ ഇരകളോടുള്ള സഹാനുഭൂതി കൊണ്ടല്ല. ഈ മത്സരറാലികൾ അവ സംഘടിപ്പിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കാപട്യം നിറഞ്ഞ വോട്ട് തെണ്ടൽ പ്രക്രിയയുടെ ഭാഗം മാത്രമാണ്.

സ്വാഭാവിക ഐക്യദാർഢ്യത്തിനപ്പുറം ഒരു പരിധി കഴിഞ്ഞാൽ ഇത്തരം റാലികൾ വിവരണാതീതമായ മനുഷ്യ യാതനയുടെ നാണംകെട്ട വില്പനയായാണ് അനുഭവപ്പെടുക.

ഓരോ പാർട്ടിയും ഓരോ ദിവസത്തെയും മത്സര വില്പന തുടങ്ങുന്നത്,

‘ ആരു വാങ്ങുമിന്നാരു വാങ്ങുമീ
പാലസ്തീനിന്റെ ചുടു ചോര ‘
എന്ന ഗാനാലാപത്തോടെയാണ്.

കേരളത്തിൽ പെട്ടെന്ന് മുസ്ലിംനാമധാരിയുടെ വിപണിമൂല്യം വർധിച്ചത് അറിഞ്ഞ് സർവ്വമാനമുസ്ലിം സംഘടനകളും സർക്കാരിന്റെ മേലും കോൺഗ്രസിന്റെ മേലും ഉള്ള സമ്മർദ്ദതന്ത്രങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയോടെ പലസ്തീനിലെയും ഇസ്രായേലിനെയും മനുഷ്യക്കുരുതിക്കിരയായവരുടെ എണ്ണം10800 ആയി.അതിൽ 9200 പലസ്തീനികളും 1400 ഇസ്രയേലി കളും ഉണ്ട്.

മൂന്നിലൊന്നു പേരും വംശീയതയുടെ പാഠങ്ങൾ മനസ്സിലാക്കാൻ പ്രായമാകാത്ത കുഞ്ഞുങ്ങളാണ്. ഈ വോട്ട് തെണ്ടൽ റാലികൾ ആ കുഞ്ഞുങ്ങൾക്കൊ ഇനിയും മരിക്കാനിടയുള്ള കുഞ്ഞുങ്ങൾക്കൊ ഒരു ആശ്വാസവും നൽകുന്നില്ല. എന്നിട്ടും, ഇവർ തുടരുന്ന ഐക്യദാർഢ്യ മത്സരം എന്നാണ് കയ്യാങ്കളിയിലെത്തുക എന്നാണ് മലയാളികൾ ഭയപ്പെടുന്നത്.

പണ്ടേ വർഗീയ സംഘർഷങ്ങളിൽ നിന്ന് ചോര കുടിച്ചു വളർന്നു ശീലമായ സിപിഎമ്മിന് അഴിമതി രാജന്റെ അഴിമതിയൊക്കെ വിസ്മരിപ്പിച്ച് കേരളത്തിൽ ആകാവുന്നത്ര സീറ്റ് കരസ്ഥമാക്കുക എന്ന അസ്തിത്വ പ്രശ്‌നമൊഴിച്ചാൽ അഖിലേന്ത്യാതലത്തിൽ പ്രശ്നമൊന്നുമില്ല.

കേരളത്തിനു പുറത്ത് ഒരു പട്ടിയും വോട്ട് ചെയ്യാൻ ഇല്ലാത്തവന് അവിടെ ഒരു പ്രതിച്ഛായാപേടിയുടെയും ആവശ്യമില്ല. കോൺഗ്രസിന്റെ കാര്യം അതല്ല. അവർക്ക് കേരളത്തിൽ മുസ്‌ലിം മുഖംമൂടിയും കേരളത്തിനു പുറത്ത് ഹിന്ദു മുഖംമൂടിയും വയ്ക്കണം. അല്ലെങ്കിൽ തന്നെ, ഇതിനകം ബിജെപിയും ഈ ദുരന്തത്തെ മറ്റൊരു വിധത്തിൽ വിറ്റ് വോട്ടാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടാവും.

അവർ ഈ ബഹുലമായ റാലികളുടെ പടമൊക്കെ പിടിച്ച് അഹമ്മദാബാദിലും ജയ്പൂരിലും ഭോപാലിലും റായ്പൂരിലും ലക്നോവിലും ഡൽഹിയിലും ഒക്കെ പ്രദർശിപ്പിച്ച് ‘ തെക്കേ ഇന്ത്യയിൽ കോൺഗ്രസ് മുസ്ലിം തീവ്രവാദികളുടെ കൈപ്പിടിയിലാണ്’ എന്നുപറഞ്ഞ് തെരഞ്ഞെടുപ്പിൽ സ്കോർ ചെയ്യും. അങ്ങിനെ,കോൺഗ്രസിന്റെ കാര്യം കഷ്ടമാണ്.

Israel-Hamas war live: Israeli military encircles Gaza City

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News