പത്മജ ചാലക്കുടിയിൽ ബി ജെ പി സ്ഥാനാർഥി ?

ന്യൂഡൽഹി: കെ പി സി സി ജനറൽ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും.

ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി നടത്തിയതിന് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയത്.

തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത ആഘാതമാണ് നല്‍കിയത്. ലീഡറുടെ മകൾ വരെ ബിജെപിയിലെത്തുമ്പോൾ വിശ്വാസ്യത പോകുന്നു എന്നതാണ് പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധി.പദ്മജക്ക് നൽകിയ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞ് ചതിച്ചെന്ന് പറഞ്ഞ് നേരിടാനാണ് കോൺഗ്രസ് നീക്കം.

സംസ്ഥാന ഘടകത്തെ കാര്യങ്ങളൊന്നും ധരിപ്പിക്കാതെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കങ്ങള്‍.
ചര്‍ച്ചകള്‍ക്കായി പല കുറി പദ്മജ ഡൽഹിയിൽ വന്നു. ബി ജെ പി പ്രസിഡൻ്റ് ജെ പി നദ്ദയുള്‍പ്പടെയുള്ള നേതാക്കളുടെ നിരീക്ഷണത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്ന് കോൺഗ്രസ് നേതാവും സഹോദരനുമായ കെ മുരളീധരൻ പറഞ്ഞു .ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായില്ല. പ്രോത്സാഹിക്കാനും ചിരിക്കാനും ആൾക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങൾക്ക് അറിയാം. .

കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്ന ആരോപണം ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണനയാണ് പത്മജയ്ക്ക് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. പാര്‍ട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നു.

എല്ലാ തവണയും ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചത്. പക്ഷേ 2004 ൽ മുകുന്ദപുരത്ത് ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 52000 വോട്ടിന് യുഡിഎഫ് ജയിച്ച സീറ്റായിരുന്നു അത്. 2011 ൽ തേറമ്പിൽ രാമകൃഷ്ണൻ 12000 വോട്ടിന് ജയിച്ച സീറ്റിൽ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു.

ആരെങ്കിലും കാലുവാരിയാൽ തോൽക്കുന്നതല്ല തിരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവിൽ താൻ മത്സരിച്ച് ജയിച്ചില്ലേ, വടകരയിലും താൻ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാൽ തോൽക്കുമെങ്കിൽ താനും തോൽക്കണ്ടേയെന്നും മുരളീധരൻ ചോദിച്ചു. പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും
കരുണാകരൻ വര്‍ഗീയതയോട് സന്ധി ചെയ്തില്ല. എന്നും ജനങ്ങൾക്ക് വിധേയമായി നിൽക്കണം. എനിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് താൻ ബിജെപിയിൽ പോയിട്ടില്ല.