December 12, 2024 7:48 pm

എന്റെ നീതി പരീക്ഷണം

 

പി.രാജൻ

സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം പരസ്യമായി പറയാതിരിക്കാൻ അടവ് നയം പയറ്റുന്ന പൊതുപ്രവർത്തകരെ ഞാൻ പരീക്ഷിച്ചിരുന്നു.

സ്വാധീന ശക്തിയുള്ള അധികാരികളുടെ അഴിമതികളെ പരസ്യമായി എതിർക്കാൻ എല്ലാ പൊതുപ്രവർത്തകർക്കും എപ്പോഴും സാധിക്കണമെന്നില്ല. സാംസ്കാരിക പ്രവർത്തകരും അനീതിക്കെതിരായി പ്രതികരിക്കണമെന്ന് നിർബ്ബന്ധിക്കാനാവില്ല.

കൊച്ചിയിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗത സംഘം രൂപവൽക്കരിക്കാനായി എറണാകുളത്ത് ചേർന്ന യോഗത്തിൽ എം. കെ.സാനു മാഷിന്റെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഞാൻ നടത്തിയ നീതിപരീക്ഷണം ഓർമ്മ വന്നത്.

ഗുരുതരമായ രാഷ്ടീയ, സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത സാംസ്കാരിക നായകരെ സാനു മാഷ് അപലപിച്ചിരുന്നു. സർക്കാർ ഭൂമി വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തി അവിടെ നിന്ന് വിലയേറിയ മരങ്ങൾ വെട്ടി വിറ്റു കാശാക്കുന്ന മാദ്ധ്യമ ഉടമസ്ഥൻ കൂടിയായ രാഷ്ട്രീയ നേതാവിന്റെ നിയമ ലംഘനങ്ങൾക്കും അഴിമതികൾക്കും എതിരായി ഞാൻ കഴിയാവുന്ന വിധം സമരം നടത്തുമ്പോഴാണ് നീതി പരീക്ഷണം നടത്തിയത്.

അഴിമതിയും നിയമ ലംഘനങ്ങളും തെളിയിക്കുന്ന ഔദ്യോഗിക രേഖ കൾ സഹിതം ഞാൻ ഭരണാധികാരികൾക്ക് സമർപ്പിച്ച പരാതിയുടെ ശരിപ്പകർപ്പുകളെടുത്ത് രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും പ്രമുഖ ഗാന്ധിയൻ സംഘടനാ പ്രവർത്തകർക്കുമെല്ലാം ഞാൻ അയച്ചു കൊടുത്തു.

എന്റെ പരാതി ശരിയാണെന്നു തോന്നുന്നുവെങ്കിൽ ബന്ധപ്പെട്ട അധികാരികൾ യുക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് അയക്കണമെന്ന് ഈ പ്രമാണിമാരോട് അപേക്ഷിക്കുന്ന എന്റെ കത്ത് സഹിതമാണ് എല്ലാ പൊതു പ്രവർത്തക പ്രമാണിമാർക്കും ഞാൻ രേഖകൾ അയച്ചു കൊടുത്തത്.

എന്റെ ആരോപണങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ അറിയിക്കണം എന്നും ഞാൻ മേൽവിലാസക്കാരായ പൊതു പ്രവർത്തക പ്രമാണിമാരോട് അഭ്യർത്ഥിച്ചു. മറുപടി കിട്ടാനായിഎന്റെ മേൽ വിലാസമെഴുതി സ്റ്റാമ്പൊട്ടിച്ച തപാൽ ഉരുപ്പടിയും രേഖകൾക്കൊപ്പം എല്ലാ പ്രമാണിമാർക്കും അയച്ചിരുന്നു.

എന്നാൽ മാർക്സിസ്റ്റ് പാർട്ടി നേതാവ് ഇ എം.എസ്സ് ഒഴികെ ആരും തന്നെ മറുപടി അയച്ചില്ല. കൂടുതൽ ഒന്നും ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഗാന്ധിയൻ സംഘടനയുടെ നേതാവ് അഭിപ്രായമൊന്നും പറയാതെ എല്ലാ രേഖകളും എനിക്ക് തിരിച്ചയച്ചു തന്നു.

അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരത്തിനർഹനായ ആദിവാസി ഭൂവിതരണ പ്രവർത്തകൻ മറുപടി നൽകിയില്ലെങ്കിലും നിയമ പ്രശ്നം പഠിക്കുന്നുണ്ടെന്നാണ് ഒരു അനുയായി പിന്നീട് പറഞ്ഞത്.

അധികാരികൾക്ക് കത്ത് അയക്കാത്തവരോടും എനിക്ക് മറുപടി നൽകാത്തവരോടും ഒട്ടും വിരോധമില്ല. പക്ഷെ സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം എന്ന് ഒന്നാം ക്ലാസ്സിൽ പഠിച്ച പ്രാർത്ഥന ഞാൻ ഓർത്തു പോയി.


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News