ചെങ്കോട്ടയിൽനിന്ന്  പ്രചാരണത്തുടക്കം

കെ. ഗോപാലകൃഷ്ണൻ

ഴിഞ്ഞയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുണ്ടായ അപൂർവതകളിലൊന്ന്, തന്‍റെ സർക്കാരിന്‍റെ വിവിധ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആസന്നമായ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അവസരമാണ് തിരഞ്ഞെടുത്തത് എന്നതാണ്. എന്തിനധികം, അടുത്ത വർഷം താൻ മടങ്ങിവരുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ ഉറക്കെ പ്രഖ്യാപിച്ചു.

 ഇത് വ്യക്തമാക്കുന്നതിന്, “അടുത്ത ഓഗസ്റ്റ് 15ന്, രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ചും നിങ്ങളുടെ കഴിവുകളുടെ വിജയങ്ങളെക്കുറിച്ചും നിങ്ങളുടെ തീരുമാനങ്ങൾ നിറവേറ്റുന്നതിലെ പുരോഗതിയെക്കുറിച്ചും കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ ചെങ്കോട്ടയിൽനിന്ന് നിങ്ങളോടു സംസാരിക്കും” എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

India will be a developed nation by 2047: PM Modi in I-Day speech

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലത്തിൽ സംശയിക്കുന്ന എല്ലാവരോടും തന്‍റെ മൂന്നാം ടേമിനെക്കുറിച്ച് വ്യക്തമാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ന്യൂനപക്ഷങ്ങളിൽനിന്ന് ബിജെപിയുടെ അകൽച്ച തുടങ്ങിയ കാരണങ്ങളാൽ ജനപിന്തുണ കുറയുമെന്ന് ഭയക്കുന്ന സംഘ്പരിവാറിനുള്ളിലെ ചിലർ ഉൾപ്പെടെയുള്ളവർക്കുള്ള മറുപടികൂടിയായി ഇത്. മണിപ്പുരിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പിടുപ്പുകേട് ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ കഴിവിനെ സംശയത്തിലാക്കിയിട്ടുണ്ട്.

അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയെ പുറത്താക്കാൻ പല പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത 1977ലെപോലെ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്ന ആത്മലക്ഷ്യത്തോടെ പ്രവർത്തിക്കാൻ തെരഞ്ഞെടുത്ത 26 രാഷ്‌ട്രീയ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ എന്ന ചുരുക്കപ്പേരിലുള്ള മുന്നണി ഉയർത്തുന്ന ഭയം വർധിച്ചുവരുന്നുണ്ട്.

ജനാധിപത്യ രീതികളെയും കീഴ്‌വഴക്കങ്ങളെയും ദുർബലപ്പെടുത്തി പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ കടന്നാക്രമിച്ച അടിയന്തരാവസ്ഥയിലെ ദുഷ്പ്രവൃത്തികൾക്കുശേഷം രാജ്യത്തെ ജനാധിപത്യത്തിലേക്ക് പുനഃസ്ഥാപിക്കാൻ ജയപ്രകാശ് നാരായണന്‍റെ മാർഗനിർദേശവും വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളുടെ സഹായവും ഉണ്ടായിരുന്നു. അധികാരം പങ്കിടുന്നതിലെ തടസങ്ങളും മന്ത്രിസഭയുടെ നേതൃത്വം സംബന്ധിച്ച തർക്കങ്ങളും അവഗണിക്കുകയും ചെയ്തു.

വാജ്‌പേയി സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽനിന്നും സ്വതന്ത്ര സമൂഹത്തിന്‍റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയിൽനിന്നും വ്യത്യസ്തമാണ് മോദി ഭരണമെന്ന് ബിജെപിക്കുള്ളിൽ പോലും ചിലർക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. കാര്യമായ രാഷ്‌ട്രീയ അടിത്തറയും ബഹുജന പിന്തുണയും നേടാനാകാത്തതും മഹാരാഷ്‌ട്രയെ ബിജെപി ആധിപത്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതും പ്രതിപക്ഷ പാർട്ടികളുടെ സ്വാധീനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്തതിനുമെല്ലാം കാരണം മോദിജിയുടെ ശക്തമായ പ്രസംഗത്തിനു പഴയതുപോലെ സ്വാധീനം ചെലുത്താനാവാത്തതാണെന്ന് ചിലർ സംശയിക്കുന്നു. അധികാരം നിലനിറുത്തുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് അധികാരത്തിലിരിക്കുന്നവർക്ക് സാങ്കൽപ്പിക ഭയവുമുണ്ടാകാം.

കുടുംബാംഗങ്ങളേ…

ചെങ്കോട്ടയിൽ നിന്നുള്ള തന്‍റെ പത്താമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ കുടുംബാംഗങ്ങളേ എന്ന് മോദി അൻപതിലധികം തവണ വിളിച്ചു. എന്‍റെ പ്രിയപ്പെട്ട സഹ പൗരന്മാരേ, പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ തുടങ്ങിയ തന്‍റെ പ്രിയപ്പെട്ട പദപ്രയോഗങ്ങളിൽ നിന്ന് മാറി ജനങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമമായി ഇതിനെ കാണാം. അഴിമതി, കുടുംബവാഴ്ചാ രാഷ്‌ട്രീയം, പ്രീണന രാഷ്‌ട്രീയം എന്നീ മൂന്ന് പ്രധാന പ്രതിബന്ധങ്ങളിൽനിന്ന് രാജ്യം മുക്തി നേടണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു; എന്നാൽ, അതിൽ ഇന്ത്യയിൽ കുറച്ചുപേർക്ക് വിയോജിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. തച്ചന്മാർക്കും സ്വർണപ്പണിക്കാർക്കും കൊത്തുപണിക്കാർക്കും അവസരങ്ങൾ നൽകുന്നതിനായി 13,000 മുതൽ 15,000 കോടി രൂപവരെ അടങ്കലുള്ള വിശ്വകർമ യോജന വിശ്വകർമ ജയന്തി ദിനമായ സെപ്റ്റംബർ 17ന് നിലവിൽവരുമെന്ന് പ്രഖ്യാപിച്ചു. ചുരുക്കിപ്പറഞ്ഞാൽ പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നേടുക എന്നതാണു ലക്ഷ്യം.

Independence Day | Prime Minister of India

നൈപുണ്യത്തിലൂടെ രണ്ട് കോടി ലക്ഷാധിപതി സ്ത്രീകളെ സൃഷ്ടിക്കാനും അവർക്ക് കാർഷിക പ്രവർത്തനങ്ങൾക്കായി ഡ്രോൺ ഓപ്പറേഷനിൽ പരിശീലനം നൽകാനും ഉൾപ്പെടെ വനിതാ സംരംഭകരെ സൃഷ്ടിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ‍്യാപിച്ചു. സമൂഹത്തിന്‍റെ ഉന്നമനത്തിനായുള്ള തന്‍റെ വിവിധ പരിപാടികൾ പരാമർശിക്കുകയും പരിഷ്കരിക്കാനും നടപ്പിലാക്കാനും പരിവർത്തനം ചെയ്യാനും പ്രതിജ്ഞയെടുക്കുകയും ചെയ്തു. പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിക്കുകയും രാജ്യത്തിന്‍റെ പുരോഗതിക്കായി അഴിമതിയും സ്വജനപക്ഷപാതവും രാഷ്‌ട്രീയ പ്രീണനവും കൂട്ടായി ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

തെരഞ്ഞെടുപ്പ് തന്ത്രമോ‍?

അടുത്ത വർഷം വേനൽക്കാലത്ത് മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂവെങ്കിലും, തെരഞ്ഞെടുപ്പിനെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച തന്‍റെ പദ്ധതികളെക്കുറിച്ചും പറഞ്ഞുകൊണ്ട് മോദി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വീണ്ടും താൻ അധികാരത്തിൽ വരുമെന്നു പറഞ്ഞത് ഞെട്ടിച്ചു. ഈ ശൈത്യകാലത്ത് രാമക്ഷേത്രം ആഘോഷമാക്കിയതിനു തൊട്ടുപിന്നാലെ, രാജ്യത്തെ അമ്പരപ്പിക്കുകയും വിജയം പ്രതീക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹം നേരത്തേയുള്ള തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യുകയാണോ?

അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം പ്രതിപക്ഷത്തിന് വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള തയാറെടുപ്പിനെ ബുദ്ധിമുട്ടാക്കുമോ? അതോ, ഘടകകക്ഷികൾ പുനഃക്രമീകരിക്കാനും സഹകരിക്കാനും ശ്രമിക്കുന്ന ‘ഇന്ത്യ’ യ്ക്ക് മുമ്പ് അദ്ദേഹം ഒരു സർപ്രൈസ് ആസൂത്രണം ചെയ്യുകയാണോ? ആർക്കും ഉറപ്പില്ല. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിനെ പരാമർശിക്കേണ്ടതും അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിക്കേണ്ടതും ആവശ്യമായി വന്നത് അദ്ദേഹം ആസൂത്രണം ചെയ്യുന്ന ചില പദ്ധതികളുടെ ഭാഗമായാണ്.

മുൻകൂട്ടിയുള്ള ഒരു പ്രഹരം പ്രത്യാഘാതങ്ങളുണ്ടാക്കും. അത് എൻഡിഎയ്‌ക്കോ ‘ഇന്ത്യ’ക്കോ ഗുണകരമാകുക എന്നത് ആഭ‍്യന്തര ഐക്യത്തെയും വിഭവങ്ങളെയും സംഘടനാ ശക്തിയെയും ആശ്രയിച്ചിരിക്കും. എന്നാൽ, മോദി അതിനെ പരാമർശിക്കുമ്പോൾ തനിക്ക് അതിൽ ചില പദ്ധതികളുണ്ടെന്ന് വ‍്യക്തമാകുന്നു, പ്രത്യേകിച്ച് ഉചിതമായ സമയത്ത്. ‘ഇന്ത്യ’ സജ്ജമാകുന്നതിന് മുമ്പ് അതു വന്നാൽ, 2014ലും 2019ലും ഉണ്ടായിരുന്നതുപോലെ ഇന്ന് അത്ര നന്നായി ഐക്യപ്പെടാത്ത എൻഡിഎയ്ക്ക് അതിന്‍റെ നേട്ടങ്ങൾ ഉണ്ടായേക്കാം. ഒരുപക്ഷേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം സഖ്യത്തിന്‍റെ ഐക്യത്തെ ദുർബലപ്പെടുത്തിക്കൊണ്ട്, ‘ഇന്ത്യ’ൻ ഘടകകക്ഷികളുടെ ഭാഗത്ത് ഒരു പുനർവിചിന്തനത്തിന് കാരണമായേക്കാമെന്ന് ചില തെരഞ്ഞെടുപ്പു തന്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽനിന്ന് ആരംഭിച്ച പ്രചാരണത്തിന്‍റെ ആഘാതം കണക്കിലെടുത്ത് അന്തിമ തീരുമാനം എടുക്കേണ്ടി വന്നേക്കാം.

കാരണം, പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം ആദരവോടെയും ശ്രദ്ധയോടെയും കേട്ട രാജ്യത്തെ ഭൂരിപക്ഷം വോട്ടർമാരിലും നല്ല സ്വാധീനമുണ്ടാക്കുന്നതാണ്. ഭൂമിശാസ്ത്രപരമായ വ്യാപ്തി അത്തരത്തിലുള്ളതായതിനാൽ ഇത് രാജ്യമെമ്പാടും കേട്ടു. മോദിയുടെ ശക്തമായ വാക്ചാതുര്യവും രാജ്യത്തെ ഭരണത്തിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരണവും വോട്ടിംഗിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതാണ്, ഇത് ബിജെപിക്ക് മേൽക്കൈ സമ്മാനിച്ചു.

ഓൾ ഇന്ത്യ റേഡിയോയുടെയും മിക്കവാറും എല്ലാ ടിവി വാർത്താ ചാനലുകളുടെയും തത്സമയ സംപ്രേഷണവും പത്രങ്ങളുടെ മുൻ പേജിലെ ബാനർ തലക്കെട്ടുകളും ഉണ്ടാക്കുന്ന ആഘാതം സങ്കൽപ്പിക്കുക. അത്തരമൊരു കവറേജ് ഉറപ്പാക്കാൻ ഒരു പ്ലാറ്റ്‌ഫോമിനും കഴിയില്ല, അതിനെക്കുറിച്ച് നരേന്ദ്ര മോദിക്ക് അറിയാതിരിക്കുമോ.

അതെന്തായാലും, വരാനിരിക്കുന്ന കാര്യങ്ങളുടെ രൂപത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും സ്വാധീനിക്കും, അത് വോട്ടർമാരുടെ ചിന്തയുടെ ഒരു സൂചന നൽകും. ഫലങ്ങൾക്കായി കാത്തിരിക്കണം. അപ്പോൾ മാത്രമേ ഇക്കാലവും വ്യക്തമാകൂ. ഇപ്പോഴിതാ, പ്രചാരണം തുടങ്ങിക്കഴിഞ്ഞു, നേതാവിനെ കർശനമായി പിന്തുടരുന്ന സംഘ്പരിവാർ നേതാക്കളുടെ പ്രസംഗങ്ങളിൽ അത്തരമൊരു ദിശാബോധം പ്രതീക്ഷിക്കാം. ‘ഇന്ത്യൻ’ അതികായർക്ക് അനുയോജ്യമായ പ്രതികരണങ്ങളുമായി സജ്ജരായിരിക്കുന്നതാണ് നല്ലത്.

വാഗ്ദാനങ്ങൾ നിറഞ്ഞ പ്രസംഗം

രാഷ്‌ട്രീയ കുടുംബവാഴ്ചയ്ക്കെതിരേയുള്ള പതിവ് ആക്രമണവും അപലപനവും അദ്ദേഹം നടത്തി. അടുത്ത ടേമിൽ രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന പതിവ് വാഗ്ദാനവും. മണിപ്പുരിൽ സമാധാനം ക്രമേണ തിരിച്ചുവരികയാണെന്നും, ‘ഇന്ത്യ മണിപ്പുരിനൊപ്പം നിൽക്കുന്നു, സമാധാനം ഉയർത്തിപ്പിടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ച് പ്രവർത്തിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

2047 ഓഗസ്റ്റ് 15 ആകുമ്പോഴേക്കുമുണ്ടാകുന്ന നല്ലകാലത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്വയം അഭിനന്ദിക്കുകയും പ്രതിപക്ഷത്തെ നിശിതമായി വിമർശിക്കുകയും ചെയ്തുകൊണ്ട് തന്‍റെ കാലത്തെ അഭിവൃദ്ധിയെയും പദ്ധതികളുടെ പൂർത്തീകരണങ്ങളെയും അദ്ദേഹം പരാമർശിച്ചു. കൂടുതൽ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിനായി, 1000 വർഷത്തെ അടിമത്തത്തിന്‍റെ കെടുതികൾ മറികടക്കാൻ രാജ്യം ശ്രമിക്കുകയാണെന്നും ഇപ്പോൾ 1000 വർഷത്തെ സുവർണ കാലഘട്ടത്തിന് അടിത്തറയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും പ്രതിപക്ഷം മോദിയുടെ പ്രസംഗത്തെ പ്രത്യേകിച്ച് മണിപ്പുർ സാഹചര്യം കൈകാര്യം ചെയ്യുന്നതിനെ രൂക്ഷമായി വിമർശിച്ചു.

——————————————————————————————

കടപ്പാട് : ദീപിക


( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണന്‍,
മാതൃഭൂമി പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു )

 


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക